Advertisment

കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്‌ നല്ല സിനിമകൾ. പവിത്രമായ അത്തരം സാഹചര്യങ്ങളെ മലീമസമാക്കുന്ന കീടങ്ങളെപ്പോലെയാണ്‌ ലോട്ടറിയടിച്ച അഭിനേതാവ്‌ ഷെയിൻ നിഗമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ. ഇത്‌ അപലപനീയമാണ്

New Update

ലോട്ടറി അടിയ്ക്കുക എന്നാൽ ഭാഗ്യമോ നിർഭാഗ്യമോ ?

Advertisment

വളരെ വർഷങ്ങൾക്കുമുൻപ്‌ ഒരു സർവ്വെ വായിച്ചിരുന്നതോർമ്മ വരുന്നു. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയവരുടെ പിൽക്കാല സൗഭാഗ്യജീവിതത്തിന്റെ രേഖാചിത്രങ്ങളായിരുന്നു അത്‌.

അപ്രതീക്ഷിതമായി കയ്യിൽ വരുന്ന സമ്പത്ത്‌ എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണം എന്നറിയാത്ത പാവങ്ങളെ 'ലോട്ടറി' എന്ന സൗഭാഗ്യം എങ്ങനെ ഒരു ദുർഭൂതം കണക്കെ നശിപ്പിക്കുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയായിരുന്നു ആ സർവ്വെ റിപ്പോർട്ട്‌.

publive-image

ലോട്ടറിയടിച്ച ഭാഗ്യവാൻ കൂട്ടുകാരോടൊപ്പം സിനിമ കാണാൻ പോകുന്നു, അൽപം മദ്യവും ഉള്ളിലുണ്ടെന്നു കരുതാം. ഒരു ഘട്ടത്തിൽ അയാൾ എഴുന്നേറ്റ്‌ നിന്ന് ചോദിക്കുന്നു, ആരടേയ്‌ ഇതിന്റെ മുതലാളി ?, ഈ സിനിമാ തീയേറ്ററിനു എത്ര രൂപ വേണം ?

പിന്നീട്‌ നടന്നതൊക്കെ നമുക്കൂഹിക്കുവാൻ കഴിയും. പിൽക്കാലത്ത്‌ കുത്തുപാളയെടുത്ത്‌ ഭിക്ഷാടനം നടത്തി പശിയടക്കിയ കഥ അതിലൊന്നുമാത്രം.

ലോട്ടറിയടിച്ചതുകൊണ്ട്‌ രക്ഷപെട്ട ഭാഗ്യവാന്മാരെക്കാൾ നരകതുല്യമായ ജീവിതത്തെ പുൽകേണ്ടിവന്ന നിർഭാഗ്യവാന്മാരുടെ കഥകൾക്കാണ്‌ ഏറെ പ്രസക്തി. കാരണം അവ നമുക്കോരോരുത്തർക്കും ചൂണ്ടുപലകകളാണ്‌…

90കളുടെ മദ്ധ്യത്തിലാണ്‌ ഇന്റർനെറ്റിന്റേയും കമ്പ്യൂട്ടറുകളുടെയുമൊക്കെ സാധ്യത അപ്രതീക്ഷിതമായി രൂപം കൊണ്ടതും ലോട്ടറിയടിച്ചപോലെ യൂറോപ്പിലേയും ഇതര പാശ്ചാത്യ രാജ്യങ്ങളിലേയും ചെറുപ്പക്കാരായ ഐ റ്റി വിദഗ്ദർക്ക്‌ മുൻപിൽ ഭാഗ്യകവാടങ്ങൾ തുറന്നതും.

സ്വപ്നേവി വിചാരിക്കാത്തത്ര പണം കൈവശം എത്തിച്ചേർന്നപ്പോൾ അതെന്തു ചെയ്യണം, എങ്ങനെ വിനിയോഗിക്കണം എന്നൊന്നുമറിയാതെ അവർ ഇരുട്ടിൽ തപ്പി. ഭാഗ്യങ്ങളെ നിർഭാഗ്യലോകത്തേയ്ക്കുള്ള മാർഗ്ഗങ്ങളായി കണക്കാക്കേണ്ടി വന്നതിൽ ഖിന്നരായി. അന്നതിനെക്കുറിച്ചു പഠിച്ചവർ ആ അവസ്ഥയെ വിശേഷിപ്പിച്ചത്‌ ' 'മില്യണയർ സിഡ്രൊം' എന്നോ മറ്റോ ആണ്‌

അത്തരക്കാരെ സഹായിക്കുവാൻ വേണ്ടിയാണ്‌ ഫിനാൻഷ്യൽ അഡ്വൈസേഴ്സും മറ്റും കൂണുപോലെ മുളച്ചു പൊന്തിയതും.

ലോട്ടറി അടിയ്ക്കുന്നവരുടെ കഥകൾ ഇപ്പോൾ മലയാള സിനിമയിലും എത്തിനിൽക്കുന്നു. ഉദയായുടെ 'ഉണ്ണിയാർച്ച' എന്ന സിനിമയിലോ, അതോ 'കടത്തനാട്ടു മാക്കം 'എന്ന സിനിമയിലൊ മറ്റോ ആണ്‌ ഒരു വെറും പടയാളിയുടെ വേഷത്തിൽ ജഗതി ശ്രീകുമാറിനെ ആദ്യമായി കാണുന്നത്‌.

ജഗതി പിന്നീട്‌ നവരസഭാവങ്ങളെ അവതരിപ്പിക്കുവാൻ കെൽപ്പുള്ള അഭിനയചക്രവർത്തിയായി മാറിയത്‌ ലോട്ടറി അടിച്ചതുപോലായിരുന്നില്ല, മറിച്ച്‌ ദശാബ്ദങ്ങൾ നീണ്ട കഠിന പരിശ്രമങ്ങളിലൂടെ ആയിരുന്നു.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കെ.ആർ വിജയ, ശ്രീവിദ്യ, ജയഭാരതി തുടങ്ങി ഏതൊരു അഭിനേതാവിന്റേയും വിജയഗാഥകൾക്കു പിന്നിൽ സഹനത്തിന്റേയും കാത്തിരിപ്പിന്റേയും കഠിനപരിശ്രമത്തിന്റേയും ചരിത്രമുണ്ട്‌.

എന്നാൽ കലയോടും കാലത്തോടുമുള്ള സമർപ്പണമനോഭാവംകൊണ്ട്‌ തങ്ങളിലെ പ്രതിഭ തെളിയിച്ച്‌ മലയാള മനസ്സിൽ ചിരപ്രതിഷ്ട നേടിയവരുമുണ്ട്‌. അവരിൽ തന്നെ സ്വന്തം സമ്പാദ്യങ്ങൾ കലയ്ക്കും കാലത്തിനും വേണ്ടി മുതൽമുടക്കാൻ തയ്യാറായി നിസ്വരായവരുടെ ചരിത്രങ്ങളും നമുക്കു മുൻപിലുണ്ട്‌. ആരാധ്യനായ ശ്രീകുകാരൻ തമ്പിസാറിനെപ്പോലുള്ളവർ ഉദാഹരണങ്ങൾ മാത്രം.

ഒരു നിർമ്മാതാവിന്റെ ചങ്കിടിപ്പ്‌ അത്തരക്കാരോട്‌ ചോദിച്ചാലറിയാം. ' കിരീടം ഉണ്ണി' എന്ന നിർമ്മാതാവിനോട്‌ ചോദിക്കൂ പണം മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാക്കളുടെ അനുഭവങ്ങളും ആകുലതകളും. അത്തരം സാഹചര്യങ്ങൾ നല്ല സിനിമകളുടെ ഉദയത്തിനു വിഘാതമാകുന്നു എന്നതിൽ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല.

നല്ല സിനിമകൾ നിർമ്മാതാവിന്റേയും സംവിധായകന്റേയും അഭിനേതാക്കളുടേയും സങ്കേതിക വിദഗ്ദരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്‌…

പവിത്രമായ അത്തരം സാഹചര്യങ്ങളെ മലീമസമാക്കുന്ന കീടങ്ങളെപ്പോലെയാണ്‌ ലോട്ടറിയടിച്ച അഭിനേതാവ്‌ ഷെയിൻ നിഗമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ എന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്‌. ഇത്‌ അപലപനീയമാണെന്ന് പറയാതിരിക്കുവാൻ വയ്യ.

ഷെയിൻ നിഗമിനെപ്പോലുള്ളവർ തെറ്റു തിരുത്തി കലയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പണബുദ്ധ്യാ പ്രവർത്തിക്കണം എന്ന അഭ്യർത്ഥന മാത്രമാണു നമുക്കു മുൻപിലുള്ള ഏകമാർഗ്ഗം.

 

Advertisment