കള്ളനാണെന്നാലും … താരം ‘അടയ്ക്കാ രാജു’ എന്ന രാജു ഏലിയാസ്. തന്നെ.!

Friday, August 30, 2019

– ടി ജി വിജയകുമാര്‍ 

ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പ്രതികളായ സിസ്റ്റർ അഭയ വധക്കേസിൽ വിചാരണ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷവും അഭയ മരിച്ച് 27 വർഷം കഴിഞും ആരംഭിച്ച വിചാരണക്കിടയിൽ സാക്ഷികളുടെ മലക്കം മറിച്ചിൽ.

ആദ്യം വിസ്തരിച്ച സാക്ഷിയും കോൺവെന്റിലെ അടുത്തമുറിയിലെ താമസക്കാരിയുമായിരുന്ന സിസ്റ്റർ അനുപമ കൂറുമാറി നേരത്തെയുള്ള സ്വന്തം മൊഴികളെ നിഷേധിച്ചപ്പോൾ ലൂസി കളപ്പുരയിലിനെ പോലുള്ളവരുടെ അവസ്ഥ കണ്ട്‌ ഭയന്നിട്ടാവും പാവം എന്നു കരുതി ജനം.

അടുത്ത സാക്ഷിയും കോൺവെന്റിന്റെ അയൽക്കാരനുമായ സഞ്ജു പി മാത്യുവും കൂറു മാറിയപ്പോൾ ജനം ശരിക്കും അന്ധാളിച്ച്‌ മൂക്കത്തു വിരൽ വെച്ചുപോയി. വിശ്വാസിയായതുകൊണ്ട്‌ ഒരു പുനർചിന്തനം നടത്തിക്കാണും എന്നും സമാധാനിക്കുകയെ വഴിയുള്ളുവല്ലൊ.

എന്നാൽ ‘അടയ്ക്കാ രാജു’ എന്ന മോഷ്ടാവിന്‌ ഇപ്പറഞ്ഞ സംശയങ്ങൾ ഒന്നും ഉണ്ടായില്ല. അയാൾ കണ്ടകാര്യം കണ്ടതുപോലെ കോടതിയിൽ പറഞ്ഞു എന്നു മാത്രമല്ല ‘കൊണ്ട’കാര്യങ്ങളും കോടതിയെ കൃത്യമായി ധരിപ്പിച്ചു.

അഭയ കേസിൽ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ട് ലക്ഷം രൂപയും വീടും ഭാര്യയ്ക്ക്‌ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തെന്നാണ് മൂന്നാം സാക്ഷിയായി വിസ്തരിച്ച അടയ്ക്കാ രാജുവിന്റെ മൊഴി. ഒരു ക്രൈംബ്രാഞ്ച് എസ്.പിക്കെതിരെയായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയിൽ രാജുവിന്റെ വെളിപ്പെടുത്തൽ. വാഗ്ദാനം നിരസിച്ചതിനാൽ കസ്റ്റഡിയിൽ ക്രൂര മർദ്ദനവും പീഡനവും സഹിക്കേണ്ടി വന്നെന്നും രാജു കോടതിയിൽ വ്യക്തമാക്കി.

27 വർഷം മുൻപ്‌ 2ലക്ഷം രൂപയെന്നാൽ കുറഞ്ഞത്‌ ഒരേക്കർ റബർ തോട്ടമെങ്കിലും വാങ്ങാമായിരുന്നു. പിന്നെ മറ്റുള്ള ആർഭാടങ്ങളും. ഈ കേസിനുവേണ്ടി സഭ സഹസ്രകോടികൾ വാരിയെറിഞ്ഞിട്ടുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപിക്കുന്നവരുടെ എണ്ണവും കുറവല്ല. എങ്കിൽ പിന്നെ ഇപ്പോൾ കൂറുമാറുന്ന സാക്ഷികളുടെ സൗഭാഗ്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. :

‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്ന’പോലുള്ള പഴമൊഴികൾ വെറുതെയല്ല, ല്ലേ ? കള്ളന്മാർക്ക്‌ പുരോഹിതരേക്കാൾ, വിശ്വാസികളായ കള്ളസാക്ഷികളെക്കാൾ മഹത്വമുണ്ടെന്നുള്ളതിന്‌ ഇനി വേറെ തെളിവു വേണോ ?

പാവം വിശപ്പകറ്റാൻ വേണ്ടി വെറുമൊരു മോഷ്ടാവായ അടയ്ക്ക രാജുവിനു വലിയൊരു പ്രണാമം. !

റിയലി, എ ബിഗ്‌ സല്യൂട്ട്‌ !

×