ബ്യൂട്ടിപാര്‍ലറില്‍ മാനിക്യൂര്‍ ചെയ്ത യുവതിയുടെ വിരലുകള്‍ കറുത്തിരുണ്ട് നീരുവച്ചു ഗുരുതരാവസ്ഥയില്‍ 

Wednesday, August 7, 2019

ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യൂര്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ വിരല്‍ നീരുവെച്ച് ഗുരുതരാവസ്ഥയിലായി. ഓസ്‌ട്രേലിയയിലെ ഒരു പാര്‍ലറില്‍ നിന്ന് മാനിക്യൂര്‍ ചെയ്ത യുവതിക്കാണ് ഈ അവസ്ഥ ഉണ്ടായതെന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈകളില്‍ നടത്തുന്ന സൗന്ദര്യ വര്‍ധന ചികിത്സയാണ് മാനിക്യൂര്‍. വിരലുകള്‍ വൃത്തിയാക്കി കൈകളിലെ ചര്‍മ്മം മൃദുവാക്കി കൈവിരലിന് ചുറ്റുമുള്ള ക്യൂട്ടിക്കിള്‍സ് നീക്കം ചെയ്ത് നഖങ്ങള്‍ സുന്ദരമാക്കുന്ന രീതിയാണ് മാനിക്യൂര്‍. പാര്‍ലറില്‍ നിന്ന് മാനിക്യൂര്‍ ചെയ്തതിന് ശേഷം യുവതിയുടെ വിരലുകള്‍ക്ക് കഠിനമായ വേദന വരുകയും നീരുവച്ച് വീര്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി ചികിത്സ തേടി. ഡോക്ടര്‍മാര്‍ ആദ്യം ആന്‍റിബയോട്ടിക് നല്‍കി. ആന്‍റിബയോട്ടിക്‌സ് കഴിച്ചിട്ടും കൈകളിലെ നീരും വേദനയും മാറാത്തതിനെ തുടര്‍ന്ന് വിരലില്‍ ബാധിച്ച അണുബാധ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അപ്പോഴേക്കും വിരലുകള്‍ കറുത്തിരുണ്ട് നീരായി. നീരുവച്ച ഭാഗത്തുനിന്ന് സ്രവം ഒഴുകാനും തുടങ്ങി. പിന്നീട്‌ ശസ്ത്രക്രിയയിലൂടെ യുവതിയുടെ കൈകളില്‍ ബാധിച്ച അണുബാധ നീക്കം ചെയ്യുകയായിരുന്നു.

മാനിക്യൂര്‍ ചെയ്യാനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കൃത്യമായി വൃത്തിയാക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് അണുബാധ ഉണ്ടായതെന്ന് യുവതി പറയുന്നു. വിരലുകളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു കൊണ്ട് പാര്‍ലറില്‍ പോയി മാനിക്യൂര്‍ ചെയ്യുന്നതിന്‍റെ അപകടത്തെക്കുറിച്ച് ഇവര്‍ പങ്കുവച്ചു.

 

×