Advertisment

കല്യാണ വീട്ടിലെ പാട്ടുമ്മ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ണ്ടത്തെ കല്യാണ വീടുകൾ ഒരു പ്രത്യേക ആവേശം തന്നെയാണ്.. രണ്ടു ദിവസം മുമ്പ് തന്നെ, സർവാലങ്കാരത്തോടെ കല്യാണ പന്തൽ ഒരുങ്ങും. എല്ലാവരും ഭയങ്കര സന്തോഷത്തിലായിരിക്കും. ബന്ധുക്കളും കൂട്ടുകാരും അയൽവാസികളും എന്തു സഹായത്തിനും തയ്യാറായി ഒത്തുചേരും. ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ വീടൊരു ആഘോഷ പൂരത്തിലാവും..

Advertisment

കല്യാണ തലേന്ന് പന്തലിന്റെ ഓരോ ഭാഗങ്ങളിൽ ഓരോരുത്തരും പണികളിൽ മുഴുകും. അപ്പോഴും നോട്ടം മുഴുവൻ പന്തലിലാക്കി പാട്ടുകൾ പാടും.

publive-image

അന്നത്തെ മൈലാഞ്ചി രാവിന്റെ ഓർമകൾ ഒക്കെ ഒറ്റ വാക്കിൽ അയവിറക്കി ആസ്യ ഉമ്മ എന്ന പാട്ടുമ്മ സംസാരിച്ചു തുടങ്ങി. പ്രായം എൺപത്തിയാറു കഴിഞ്ഞിരിക്കുന്നു. കല്ലടിക്കോട് എൻ എസ് ഹാളിനു സമീപം ആനപ്പള്ളിയാലിൽ പരേതനായ സെയ്തലവിയുടെ ഭാര്യ ആസ്യ ഉമ്മ ഇന്നും പഴയ പാട്ടുകളുടെ തോഴിയാണ്.

മകൻ മുഹമ്മദിനും മരുമകൾ സീനത്തിനുമൊപ്പമാണ് ആസ്യ ഉമ്മയുടെ താമസം. ഇശലൂറുന്ന പാട്ടുകളൊക്കെ മറന്നു പോയെങ്കിലും ഓർമയിൽ നിന്നെടുത്ത് ചിലതൊക്കെ പാടും. ഇപ്പോഴും ആച്ചുമ്മയുടെ പാട്ടിന് നല്ല സ്വരമുണ്ട്. അതു കേൾക്കുമ്പോൾ പോയ്‌പോയ ആ പഴയ കാലം ഒരു നൊമ്പരമായി മനസ്സിൽ നിറയും.

കല്യാണ പാട്ടുകാരി ആസ്യ ഉമ്മ പാട്ടുപാടാത്ത കല്യാണ വീടുകൾ വളരെ കുറവായിരുന്നു അക്കാലത്ത്. മംഗല്യ രാവുകളിൽ കല്യാണ പെണ്ണിനെ മൈലാഞ്ചി ഇടാൻ പന്തലിലേക്ക് ആനയിക്കുന്നത് പോലും കൈകൊട്ടി പാടിയാണ്. ഒപ്പന സംഘങ്ങളെയൊന്നും ഒരുക്കി നിർത്തിയിട്ടുണ്ടാവില്ല. പക്ഷേ കാഴ്ചക്കാരികളായ പെണ്ണുങ്ങൾ പലരും ഒപ്പന കളിച്ചു തുടങ്ങും.

കല്യാണ സദസ്സിൽ വധൂവരൻമാരുടെയും മാതാപിതാക്കളുടെയും പേരുകൾ ചേർത്ത് പാട്ടുണ്ടാക്കി പാടുന്ന പതിവുമുണ്ടായിരുന്നു. ആണുങ്ങളുടെ മാത്രമായുള്ള പാട്ടുസംഘങ്ങളും അക്കാലത്തുണ്ടായിരുന്നു. ചെടിയിൽ നിന്നെടുത്ത മൈലാഞ്ചി ഇലയാണ് അരച്ചുപയോഗിച്ചിരുന്നത്. നാണിച്ചു തല താഴ്ത്തി വരുന്ന പുതുപെണ്ണിനെ പന്തലിൽ ഇരുത്തി മൈലാഞ്ചി ഇട്ടു തുടങ്ങുമ്പോൾ ആസ്യ ഉമ്മയും കൂട്ടുകാരികളും കൈകൊട്ടിപാടുമായിരുന്നു..

publive-image

"അണിയണിയായ് അഭിവന്ദ്യരെല്ലാം അണിഞ്ഞണിഞ്ഞൊരുങ്ങി കൈകൊട്ടി പാടി മംഗല്യ മണിയറ പൂകാൻ മണവാട്ടി ഇതാ വരുന്നേ.." പുതിയാപ്ല വീടാണെങ്കിലും സന്തോഷ നിമിഷങ്ങൾക്ക് കുറവുണ്ടാകാറില്ല. പത്താം വയസ്സിൽ തുടങ്ങിയ കല്യാണപാട്ടുപാടൽ അടുത്ത കാലം വരെയും തുടർന്നു. ഇപ്പോൾ പഴയതുപോലുള്ള പാട്ടുകൂട്ടങ്ങൾ ഉണ്ടാകാറില്ല. എങ്കിലും പഴയ കൂട്ടുകാർ തമ്മിൽ കാണുമ്പോൾ ആച്ചുമ്മയോട് പാടാൻ പറയും.

മൈലാഞ്ചി പാട്ട്, ഒപ്പന പാട്ട്, ബദർപാട്ട്, താലിപാട്ട്, പക്ഷിപ്പാട്ട് ഇങ്ങനെ പലവിധമായിരുന്നു ജാതി മത ഭേദമന്യേ ആളുകളെ ആകർഷിച്ചു പോന്ന കല്യാണ പാട്ടുകൾ. ബദറുൽ മുനീറും ഹുസ്‌നുൽ ജമാലും എന്ന പ്രേമ കാവ്യമായിരുന്നു മായിരുന്നു ആസ്വാദകരുടെ മനം കവർന്ന് ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് ഒഴുകി പരന്ന മറ്റുഈണങ്ങൾ.

പാട്ടുകൾ പാട്ടു പുസ്തകത്തിൽ നിന്നും കണ്ടെത്തുമെങ്കിലും സ്വന്തമായി മെനഞ്ഞെടുത്ത ഈണങ്ങളായിരുന്നു അവയ്ക്ക്. കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും അനുഭവത്തിലേക്കും വിളിച്ചോണ്ട് പോകുന്ന വേറെയും പാട്ടുകളുണ്ട്. അതെല്ലാം ഓർത്തോർത്ത് ആസ്യ ഉമ്മ ചോദിക്കുന്നു, അന്നത്തെ കല്യാണ വീടുകളുടെ ലാളിത്യവും ചൂടും ചുറുചുറുക്കും ഇന്നെവിടെ?

Advertisment