നിങ്ങളുടെ മുടി അമിതമായി കൊഴിയുന്നുണ്ടോ ? കാരണങ്ങള്‍ തിരിച്ചറിഞ്ഞ് മുടികൊഴിച്ചില്‍ തടയാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, May 31, 2019

മിക്കവരുടെയും പ്രശ്നമാണ് മുടികൊഴിച്ചില്‍. ഇതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ.

തലമുടിയില്‍ എണ്ണ അധികം ഇടുന്നതും പ്രശ്നമാണ്. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോ​ഗിക്കാതെ മുടി ഇഴകളിലും അ​ഗ്രങ്ങളിലും ഉപയോ​ഗിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ ഈ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്.

തുടര്‍ച്ചയായി തലമുടിയില്‍ നിറങ്ങളും ബ്ലീച്ചിങ്ങും നല്‍കുന്നത് ഒഴിവാക്കണം. മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയും മുടി കൊഴിയുകയും ചെയ്യും. ഹീറ്റര്‍, സ്ട്രെയ്റ്റ്നര്‍ എന്നിവയുടെ ഉപയോഗവും മുടിയെ ബാധിക്കും. പ്രകൃതിദത്തമായ ഷാംപുകളും കണ്ടീഷണറുകളും ഉപയോ​ഗിക്കാന്‍ ശ്രമിക്കുക.

മുടി ചീകുമ്പോഴും പ്രത്യേകം ശ്രദ്ധ വേണം. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും. അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം.

ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്ന സമയത്ത് ഈ പ്രശ്‌നം നേരിട്ടേക്കാം. നമ്മള്‍, നമ്മുടെ ശരീരഭാരം അനുസരിച്ച് ആവശ്യമായ പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിന്ന് നേടിയിരിക്കണം. ഇല്ലാത്ത പക്ഷവും മുടി കൊഴിച്ചിലുണ്ടാകാം. പ്രോട്ടീന്‍ മുടിക്ക് വളരെ അത്യാവശ്യമായി വേണ്ട ഘടകമാണെന്ന് എപ്പോഴും ഓര്‍ക്കുക.

ടെന്‍ഷന്‍, വിഷാദം തുടങ്ങിയവ കൊണ്ടും തലമുടി കൊഴിയും. കൃത്യമായ ഉറക്കവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണവും തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.

×