Advertisment

2011ല്‍ വി.ഡി സതീശനെ മന്ത്രിയാക്കാനും 2021ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടി 'കാലം സാക്ഷി' എന്ന ആത്മകഥയിൽ രേഖപ്പെടുത്തുന്നു. 2011ലെ ഉമ്മൻ ചാണ്ടി ഗവൺമെന്‍റില്‍ സതീശനെ മന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. അന്ന് ചെന്നിത്തല തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് ഇന്ന് അതേ രീതിയിൽ മറുപടി നൽകുകയായിരുന്നുവോ വിഡി സതീശൻ ? രണ്ടു സംഭവങ്ങൾക്കും ഉമ്മൻചാണ്ടി സാക്ഷി - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update
Bhd

2011ലെ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ചെടുത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്ന സമയം. കോൺഗ്രസിൽ ഐ പക്ഷത്തുനിന്നു വി.ഡി സതീശൻ മന്ത്രിയാകുമെന്ന് ഏറെക്കുറെ തീർച്ചയായിരുന്നു. വി.എസ് ശിവകുമാർ, സി.എൻ ബാലകൃഷ്ണൻ എന്നിവരുടെ പേരും കേട്ടിരുന്നു. 

Advertisment

ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ കൈയില്‍ എഴുതിക്കൊടുത്ത പേരുകളാവട്ടെ സി.എൻ ബാലകൃഷ്ണന്റെയും വി.എസ് ശിവകുമാറിന്റെയും. വി.ഡി സതീശൻ രമേശ് ചെന്നിത്തല കണ്ടെങ്കിലും അദ്ദേഹത്തിൻറെ പേര് പരിഗണിക്കപ്പെട്ടില്ല. 

വി.എസ് ശിവകുമാറിന് എൻഎസ്എസിന്റെ പിന്തുണയുണ്ടായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പിന്തുണ. സതീശന് ആ പിന്തുണ ഉണ്ടായിരുന്നില്ല. അത് ഒരു വലിയ കുറവുമായിരുന്നു അന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ. 

മന്ത്രിസ്ഥാനത്തിനു വേണ്ടി എൻഎസ്എസിന്റെ പിന്തുണ കത്ത് വാങ്ങി വരാൻ സതീശൻ കൂട്ടാക്കിയില്ല. മന്ത്രിസ്ഥാനം കിട്ടിയതുമില്ല. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കോൺഗ്രസ് ഐ വിഭാഗം മന്ത്രിമാരായി സി.എൻ ബാലകൃഷ്ണനും വി.എസ് ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 

സത്യപ്രതിജ്ഞ നടന്ന ദിവസം വൈകിട്ട് മാധ്യമപ്രവർത്തകനായ എസ് അനിലിനൊപ്പം ഞാൻ എംഎൽഎ ക്വാർട്ടേഴ്സിൽ കയറി. അന്ന് സ്പെൻസർ ജംഗ്ഷന് പിന്നിലായിരുന്ന ഇന്ത്യൻ കോഫി ഹൗസിൽ മുതിർന്ന ചില മാധ്യമപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പതിവ് കൂടിക്കാഴ്ചയ്ക്ക് ശേഷം നടക്കാനിറങ്ങിയ സമയത്താണ് സതീശനെ ഒന്നു സന്ദർശിക്കാമെന്ന് തീരുമാനിച്ചത്. 

മുഖത്ത് നിരാശ ഉറഞ്ഞു നിന്നിരുന്നു. കുറച്ചുനേരം ഒന്നും മിണ്ടാതെ അദ്ദേഹം ഞങ്ങളെ നോക്കിയിരുന്നു. രാഷ്ട്രീയത്തിൽ കയ്യെത്തും ദൂരത്തുനിന്ന് ഒരു വലിയ സാധ്യത കൈവിട്ടുപോയ ദുഃഖം ഒതുക്കി സതീശൻ സംസാരിച്ചു തുടങ്ങി. എൻഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയില്ലെന്നതാണ് തന്റെ കുറവ് എന്ന യാഥാർത്ഥ്യം സതീശനെ ഏറെ വിഷമിപ്പിച്ചു. വിദ്യാർഥി, യുവജന സംഘടനാ നേതാക്കളാരും സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങി നടക്കരുതെന്ന് അറുപതുകളിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ക്ലാസുകളിൽ എം.എ ജോൺ പഠിപ്പിച്ച കാര്യം സതീശൻ ഓർത്തിരിക്കണം. അക്കാലത്ത് എ.കെ ആന്‍റണി, ഉമ്മൻചാണ്ടി, വി.എം സുധീരൻ, പി.സി ചാക്കോ തുടങ്ങിയവരായിരുന്നു ഈ സംഘടനകളുടെ മുൻനിര നേതാക്കൾ. 

നല്ല പ്രായത്തിൽ മന്ത്രിയായാലല്ലേ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാനാകൂ എന്ന് പതിഞ്ഞ സ്വരത്തിൽ സതീശന്റെ ചോദ്യം. "വെറുമൊരു കോഴി വളർത്തൽ വകുപ്പ് കിട്ടിയിരുന്നെങ്കിലും ഞാൻ അതിനെ മികച്ച ഒരു വകുപ്പായി വളർത്തിയെടുക്കുമായിരുന്നു", സതീശൻ തുടർന്നു. ഇടറിയ ശബ്ദത്തിൽ. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് സതീശനെ മന്ത്രിസഭയിൽ ചേർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തങ്ങളുടെ ഗ്രൂപ്പിൽപെടുത്തി മന്ത്രിയാക്കാമെന്ന് ഉറപ്പും ഉമ്മൻ ചാണ്ടി സതിശനു നൽകി. പക്ഷേ സതീശൻ അത് സ്വീകരിച്ചില്ല. മന്ത്രിയാകാൻ വേണ്ടി അതുവരെ നിലകൊണ്ട ഗ്രൂപ്പിൽ നിന്ന് മാറുന്നതിനോട് സതീശന് യോജിപ്പുണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയും രൂപീകരിച്ചു. വി.ഡി സതീശനില്ലാതെ. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തുടർച്ചയായി രണ്ടാമതും പരാജയപ്പെട്ടപ്പോൾ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനായിരുന്നു ആൻറണി പക്ഷത്തിന്റെ തീരുമാനം. ഗ്രൂപ്പിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത് ഉമ്മൻചാണ്ടിയും. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ഹൈക്കമാന്‍റ് പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ നടന്ന എംഎൽഎമാരുടെ ഹിത പരിശോധനയിൽ രമേശ് ചെന്നിത്തലയ്ക്കുതന്നെയായിരുന്നു ഭൂരിപക്ഷം. പക്ഷേ ഇടതുപക്ഷ നേതാവായത് വി.ഡി സതീശനും. 

പിന്നാമ്പുറത്ത് എന്താണ് സംഭവിച്ചതെന്ന് ഇനിയും പുറത്തായിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെത്തന്നെ പിന്നെയും അതേ സ്ഥാനത്ത് നിയോഗിക്കുന്നതിനോട് ഹൈക്കമാന്‍റ് ഒരു ഘട്ടത്തിലും എതിർപ്പ് പറഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ ജയിപ്പിക്കാൻ മുന്നണി നേതാവിന് കഴിയുന്നില്ലെങ്കിൽ ആ നേതാവ് നേതൃസ്ഥാനമൊഴിയുക എന്നതാണ് രാഷ്ട്രീയമായി ശരി എങ്കിലും. 

കോൺഗ്രസ് നിയമസഭാ കക്ഷിയുടെ തീരുമാനം മാറ്റിക്കുറിച്ചതാര് എന്ന ചോദ്യം അതേപടി ഉയർന്നുനിൽക്കുന്നു. ആരാണ് ചരട് വലിച്ചതെന്ന് ഇന്നും അജ്ഞാതം. 

എനിക്കറിയാവുന്ന വ്യക്തമായൊരു സൂചനയുണ്ട് ഈ വിഷയത്തിൽ. വലിയ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ രാഷ്ട്രീയ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും തിരുവനന്തപുരത്തെത്തിയിരുന്നു. നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനും തിരുവനന്തപുരത്തെത്തി. 

കെ.സി വേണുഗോപാലും വി.ഡി സതീശനും തിരുവനന്തപുരത്ത് ഒരു കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴക്കൂട്ടത്ത് ഒരു വീട്ടിലായിരുന്നു നിർണായകമായ ഈ സംഗമം. 

പല കാര്യങ്ങൾ കൊണ്ടും രണ്ടു ചേരിയിലായിരുന്ന കെ.സിയും സതീശനും പരസ്പരം തുറന്നു സംസാരിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഒന്നിച്ചു നിൽക്കാനും ഐക്യത്തോടെ നീങ്ങാനും ഇരുവരും തമ്മിൽ ധാരണയിസെത്തി. 

ഈ ധാരണയിൽ ഉൾപ്പെട്ടതായിരുന്നില്ലേ പ്രതിപക്ഷ നേതൃസ്ഥാനം ? പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍റ് പ്രതിനിധി ഖാർഗെയുടെ മുന്നിൽ പിന്തുണ നൽകിയ ചില എംഎൽഎമാരെങ്കിലും പിന്നീട് നിലപാടു മാറ്റി. വി.ഡി സതീശന് പിന്തുണ നൽകിക്കൊണ്ട് ഇവർ ഹൈക്കമാന്‍റിന് ഇ-മെയിൽ സന്ദേശം അയക്കുകയായിരുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി സ്ഥാനമേൽക്കുകയും ചെയ്തു. 

2011 -ല്‍ വി.ഡി സതീശനെ മന്ത്രിയാക്കാനും 2021 -ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടി 'കാലം സാക്ഷി' എന്ന ആത്മകഥയിൽ രേഖപ്പെടുത്തുന്നു. 2011 -ലെ ഉമ്മൻ ചാണ്ടി ഗവൺമെന്‍റില്‍ സതീശനെ മന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. സതീശനെ മന്ത്രിസഭയിലെടുക്കാൻ ഉമ്മൻചാണ്ടി സന്നദ്ധനായിരുന്നെങ്കിലും സതീശൻ തയ്യാറായുമില്ല. 

പത്തുവർഷത്തിനുശേഷം 2021 -ൽ, പിണറായി വിജയൻറെ നേതൃത്വത്തിൽ ഇടതുപക്ഷ മുന്നണി രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും രമേശിനു പകരം വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി. 2011 -ൽ തൊട്ടടുത്തുവന്ന മന്ത്രിസ്ഥാനം അവസാന നിമിഷം സതീശന് നഷ്ടപ്പെട്ടു. 

രണ്ടു സംഭവങ്ങളിലും താൻ കൈകൊണ്ട നിലപാട് 'കാലം സാക്ഷി' എന്ന ആത്മകഥയിൽ ഉമ്മൻചാണ്ടി വിവരിച്ചിരിക്കുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമാണ് ആത്മകഥ തയ്യാറാക്കിയിരിക്കുന്നത്. 

2011 -ല്‍ രമേശ് ചെന്നിത്തല തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് 2021 -ൽ അതേ രീതിയിൽ മറുപടി നൽകുകയായിരുന്നുവോ വിഡി സതീശൻ ? രണ്ടു സംഭവങ്ങൾക്കും ഉമ്മൻചാണ്ടി സാക്ഷി.

Advertisment