/sathyam/media/media_files/q6p08qfdou7ij4zZdlHx.jpg)
കോട്ടയം: മലയാള മനോരമയുടെ മൂന്നാമത് എഡിറ്റോറിയല്‍ ഡയറക്ടര്‍ തിങ്കളാഴ്ച പദവി ഏറ്റെടുക്കുകയാണ്. അതിനു മുന്‍പായി മാത്യൂസ് വര്‍ഗീസ് എന്ന തോമസ് ജേക്കബിന്റെ പിന്‍ഗാമി ഞായറാഴ്ച പടിയിറങ്ങും.
മലയാള മനോരമയില്‍ മാനേജ്‌മെന്റിന്റെ കണ്ണിലുണ്ണിയായിരുന്ന, മുടിചൂടാമന്നനായിരുന്ന തോമസ് ജേക്കബിനെ കുടിയിരുത്താനാണ് പത്രത്തില്‍എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവി സൃഷ്ടിച്ചത്. കണ്ണിലുണ്ണിയൊക്കെയായിരുന്നെങ്കിലും പ്രായം 75 പിന്നിട്ടപ്പോള്‍ അദ്ദേഹത്തെ മാനമായി പറഞ്ഞു വിട്ടു. പിന്നെയാര് എഡിറ്റോറിയല്‍ ഡയറക്ടര്‍ ?
മാത്യൂസ് വര്‍ഗീസും ജോസ് പനച്ചിപ്പുറവും അസോസിയേറ്റ് എഡിറ്റര്‍മാരാണ്. ഒരേ ബാച്ചില്‍ വന്നവര്‍. പക്ഷേ മാത്യൂസ് വര്‍ഗീസിനാണ് നറുക്ക് വീണത്. മനോരമയുടെ സ്വന്തം സമുദായാംഗം എന്ന പരിഗണന കൂടി വന്നപ്പോഴാണ് പനച്ചിപ്പുറം തള്ളിപ്പോയത്. ചെറുതായിരുന്നില്ല പനച്ചിയുടെ സങ്കടം. മാനേജ്‌മെന്റിന്റെ പ്രസംഗവും കത്തെഴുത്തും മുതലങ്ങോട്ട് കുഞ്ചുക്കുറുപ്പു വരെ പനച്ചി സൃഷ്ടിയാണ്.
രണ്ടു കൈ കൊണ്ടും ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം എഴുതും. അദ്ദേഹത്തിനിത് സഹിക്കുമോ ? സഹിക്കില്ലെന്ന് മാനേജ്‌മെന്റിനും അറിയാവുന്നതിനാല്‍ അനുനയമായി പനച്ചിക്ക് ഒരു സ്ഥാനക്കയറ്റം കൊടുത്തു - സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍.
ചെറുപ്പത്തില്‍ മനോരമയില്‍ ചെറിയ റിബല്‍ ഒക്കെ കളിച്ചിട്ടുണ്ടെങ്കിലും വയസാം കാലമായതിനാല്‍, താന്‍ തഴയപ്പെട്ടെങ്കിലും പനച്ചി വായ്പൂട്ടിയിരുന്ന് നല്ല കുഞ്ഞാടായി.
ഇതിനിടെ ഭാഷാപോഷിണിയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പദവിയും കൂടി കൊടുത്ത് പനച്ചിയെ മനേജ്‌മെന്റ് പ്രസാദിപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീളവേ മാത്യൂസ് വര്‍ഗീസിനും പുറത്തേക്ക് വഴിതെളിഞിരിക്കുന്നു. വെറുതെയല്ല. മാത്യൂസിന് വയസ് 75 ആയി. ഇനി സാക്ഷാല്‍ ജോസ് പനച്ചിപ്പുറത്തിനാണ് ഊഴം.ആനന്ദലബ്ധിക്ക് വേറെന്തു വേണം.
മാത്യൂസിന് വന്‍ യാത്രയയപ്പ്
അങ്ങനെ ഈ 30 ന് മാത്യൂസ് പടിയിറങ്ങുമ്പോള്‍ പനച്ചി പടികേറും. മാത്യൂസിന്റെ യാത്രയയപ്പും തോമസ് ജേക്കബിന്റെതു പോലെ തകര്‍ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. മംഗളപത്രം ആരെഴുതും.
രണ്ടാമത് ആലോചിക്കാനില്ല, തോമസ് ജേക്കബ് തന്നെ. തോമസ് ജേക്കബ്ബിനാണോ കഥപറച്ചിലില്‍ പഞ്ഞം. അദ്ദേഹം മംഗളപത്രം എഴുതി വെട്ടിയും തിരുത്തിയും മനോഹരമാക്കിയിട്ടുണ്ടാകാം. വയസിന്റെ പരിമിതികളെ മറികടന്ന് അദ്ദേഹം ഓര്‍മകളെ ഉണര്‍ത്തി.
എന്തൊക്കെ പറഞ്ഞാലും മാത്യൂസ് ഒരു നേരെ വാ നേരെ പോ പ്രകൃതക്കാരനാണ്. യാത്രയയപ്പ് മഹാമഹത്തില്‍ അദ്ദേഹം എന്തൊക്കെ പുകഴ്ച കേള്‍ക്കാനിരിക്കുന്നു. ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു വിട്ടുകൊടുക്കില്ല. റിട്ടയര്‍ ആയി ഇരിക്കുകയാണ് അദ്ദേഹം. പ്രസംഗം അദ്ദേഹം പൊടിപൊടിക്കും.
പനച്ചിക്ക് വെല്ലുവിളിയേറെ
കണക്കില്‍ 24.5 ലക്ഷം കോപ്പിയുണ്ടായിരുന്ന മനോരമയ്ക്ക് ഇന്ന് അതിന്റെ പകുതിക്കടുത്താണ് കോപ്പി. പരസ്യക്കാര്‍ സത്യമറിഞ്ഞിട്ടുണ്ടോ എന്തോ ? ഇനിയിപ്പോള്‍ പനച്ചി ശീര്‍ഷാസനത്തില്‍ നിന്നാലും ഒരു കോപ്പി പോലും കൂടില്ല. എന്തായാലും പനച്ചിയല്ലെ ആള്. പത്രത്തില്‍ തന്റെ വരവറിയിക്കാന്‍ ചില ചെപ്പടിവിദ്യകള്‍ കാണിക്കാതിരിക്കില്ല.
ഇതിനിടെ പനച്ചിയുടെ വരവില്‍ മനോരമയിലെ ചില എഡിറ്റര്‍മാര്‍ കിടുങ്ങിയിരിക്കുകയാണ്. മാത്യൂസിന്റെ ചാവേറുകളായിരുന്നു അവര്‍. പനച്ചിയെ ഇകഴ്ത്താന്‍ ശ്രമിച്ചിട്ടുമുണ്ട് ഇവര്‍. എല്ലാമറിയുന്നവന്‍ പനച്ചി
ചാവേറുകള്‍ മനോരമ സംസ്‌കാരത്തിന്റെ ഭാഗമാണ്. സൃഷ്ടി തുടങ്ങി വച്ചത് തോമസ് ജേക്കബ്. ചാവേറുകള്‍ക്ക് സ്ഥാനക്കയറ്റവും കിഴിയും ( ഓരോ വര്‍ഷവും കൊടുക്കുന്ന പ്രത്യേക ഇനാമാണ് കിഴി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത് ) യഥേഷ്ടം. അതങ്ങനെ തുടരുന്നു.