ബംഗ്ലാദേശിലെ ആഭ്യന്തരകലഹവും പ്രാദേശിക അരക്ഷിതാവസ്ഥയും ഭരണമാറ്റവും ഇന്ത്യക്കു വലിയ തലവേദനയാണ്. പാക്കിസ്ഥാന്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയ്ക്കു പിന്നാലെയാണു ബംഗ്ലാദേശിലെ ഇന്ത്യ വിരുദ്ധ വികാരം ശക്തമായത്.
ഈ വര്ഷാംരഭത്തില് മാലദ്വീപില്‍ ഉയര്‍ന്ന ‘ഇന്ത്യ ഔട്ട്’ പ്രഖ്യാപനം ഒറ്റപ്പെട്ടതല്ല. സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും എല്ലാ രാജ്യങ്ങളിലെയും രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണ്. പലയിടത്തും വേലികളില്ലാത്ത ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയും (4096.7 കിലോമീറ്റര്‍) ശക്തമായ സാംസ്കാരിക, രാഷ്ട്രീയ ബന്ധങ്ങളും പങ്കിടുന്ന ബംഗ്ലാദേശിലെ മാറ്റം ഫലത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങള്ക്കെതിരാണ്.
ദക്ഷിണേഷ്യയില്‍ പ്രാമുഖ്യവും ഒരു പരിധിവരെ മേധാവിത്വവും ആസ്വദിച്ചിരുന്ന ഇന്ത്യ മേഖലയില്‍ പാര്ശ്വവത്കരിക്കപ്പെടലിന്റെ വക്കിലാണ്. ബംഗ്ലാദേശില്‍ 542 പേരുടെ മരണത്തിനിടയാക്കിയ 20 ദിവസം നീണ്ട കലാപത്തിന്റെ ബാക്കിപത്രം ഇനിയും വ്യക്തമാകുന്നതേയുള്ളൂ. എക്കാലത്തെയും മിത്രമായിരുന്ന ഷേക്ക് ഹസീനയുടെ പുറത്താകല്‍ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതായി. ഇന്ത്യാവിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈനയ്ക്കും പങ്കുണ്ടാകും. പാക്കിസ്ഥാനു പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ് അടക്കമുള്ള അയല്‍രാജ്യങ്ങളുടെ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നതും വെല്ലുവിളിയാണ്.
ന്യൂനപക്ഷം സംരക്ഷിക്കപ്പെടണം
ലോകസമാധാനത്തിന്റെ ദൂതനായ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം 2017ല്‍ ബംഗ്ലാദേശിലെത്തിയ ലേഖകന്‍ കണ്ടതും മനസിലാക്കിയതുമായ ബംഗ്ലാദേശ് ഇന്നാകെ മാറി. മ്യാന്മറില് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് മാര്‍പാപ്പയും സംഘവും 2017 നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയത്. അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശവുമായത്തിയ പാപ്പായ്ക്ക് ധാക്കയില്‍ ലഭിച്ച വന്‍ സ്വീകരണം വലിയ പ്രതീക്ഷ നല്‍കിയിരുന്നു. മലയാളിയായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് കോച്ചേരിയായിരുന്നു അന്ന് ധാക്കയിലെ വത്തിക്കാന്‍ സ്ഥാനപതി.
എത്ര വേഗമാണു ബംഗ്ലാദേശിലെ സ്ഥിതി മാറിയതെന്നതു ലോകത്തിനാകെയുള്ള മുന്നറിയിപ്പാണ്. ഇന്ത്യക്കാരന് ആണെന്നറിഞ്ഞപ്പോൾ സ്നേഹംകൊണ്ടു പൊതിഞ്ഞ ബംഗ്ലാദേശികളെയാണ് ധാക്ക നഗരത്തിലുടനീളം അന്നു കണ്ടുമുട്ടിയത്. എന്നാല്‍, ഓഗസ്റ്റ് അഞ്ചിന് ഹസീന സര്‍ക്കാര്‍ വീണതിനുശേഷം, 48 ജില്ലകളിലായി 278 സ്ഥലങ്ങളിലാണു ഹൈന്ദവര്‍ക്കെതിരേ ഭീഷണികളും അക്രമങ്ങളും ഉണ്ടായത്.
ഏറ്റവുമടുത്ത അയല്‍രാജ്യം പെട്ടെന്നു മാറിയെങ്കില്‍ അതിൽ ഇന്ത്യക്കും പങ്കുണ്ട്. മണിപ്പുരില്‍ അടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുക മുഖ്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാതെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മറ്റും ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയില്ല.
തിരിച്ചടിയായ നിലപാടുകള്‍
ഷേക്ക് ഹസീനയുടെ ഏകാധിപത്യ, കിരാത ഭരണത്തിന് ഒന്നര പതിറ്റാണ്ടോളം ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ ഉറച്ച പിന്തുണ ഇപ്പോള്‍ തിരിച്ചടിയായി. ഏറ്റവും നീണ്ട കാലം പ്രധാനമന്ത്രിയായിരുന്ന 76കാരിയായ ഹസീനയും കൂട്ടാളികളും 15,000 കോടി ഡോളറോളം വിദേശത്തേക്ക് അടിച്ചുമാറ്റിയതിനോടും ഇന്ത്യയിലെ സര്‍ക്കാര്‍ കണ്ണടച്ചതായാണു ബംഗ്ലാദേശികള്‍ വിശ്വസിക്കുന്നത്. ബംഗ്ലാദേശിന്റെ മൊത്തം ബജറ്റ് തുകയുടെ ഇരട്ടിയോളമാണിത്. ഇംഗ്ലണ്ടില്‍ അഭയം ലഭ്യമാകാത്തതിനെത്തുടര്‍ന്ന്, ഇന്ത്യയുടെ സംരക്ഷണയില്‍ ഡല്‍ഹിയില്‍ തുടരുന്ന ഹസീനയെ നിയമവിചാരണയ്ക്കു വിട്ടുകിട്ടണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഇന്ത്യ കൂടുതല്‍ വെട്ടിലായി.
നൊബേല്‍ സമ്മാനജേതാവായ പ്രഫ. മുഹമ്മദ് യൂനസ് മുഖ്യ ഉപദേഷ്ടാവായുള്ള 17 അംഗ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റ ഓഗസ്റ്റ് എട്ടു മുതലുള്ള തീരുമാനങ്ങളും നിലപാടുകളും ഇന്ത്യക്കു പൊതുവേ തിരിച്ചടികളാണ്. 17.2 കോടി ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിംകളുള്ള ബംഗ്ലാദേശില്‍, ഏറ്റവും വലിയ ഇസ്ലാമിക് പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ചതു വലിയൊരു സൂചനയാണ്.
തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനു കൃത്യ തെളിവില്ലത്രേ. ജനാധിപത്യത്തേക്കാള്‍, ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാക്കാന്‍ വെമ്പുന്ന പാര്‍ട്ടിയാണിത്.
ഇന്ത്യക്കും പാഠമാകണം
ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ ഇന്ത്യക്കും ഇന്ത്യയിലെ ഭരണ, രാഷ്ട്രീയ നേതാക്കള്‍ക്കും പാഠമാണ്. ഏകാധിപത്യരീതിയിലുള്ള ഭരണത്തിനെതിരേയുള്ള ജനവികാരമാണു പ്രധാനമായും ഷേക്ക് ഹസീനയെ അധികാരഭ്രഷ്ടയാക്കിയത്. സംവരണത്തിനെതിരായ യുവതയുടെ ജനവികാരമാണ് ബംഗ്ലാദേശിൽ ആളിക്കത്തിയത്. സര്‍ക്കാര്‍ ജോലികളില്‍ മെറിറ്റ് ഉള്ളവരെ പിന്തള്ളി എക്കാലവും സംവരണം തുടരാമെന്ന നേതാക്കളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനെതിരേയുള്ള മുന്നറിയിപ്പുകൂടിയാണിത്.
ബംഗ്ലാദേശില്‍ രൂക്ഷമായ തൊഴിലില്ലായ്മയും നിയന്ത്രണമില്ലാത്ത പണപ്പെരുപ്പവും പ്രതിഷേധത്തിന് ആക്കം കൂട്ടി. കോവിഡ് മഹാമാരി വഷളാക്കിയ സാമ്പത്തിക പ്രതിസന്ധിയും കൊടിയ അഴിമതികളും ജനങ്ങളെ രോഷാകുലരാക്കി. ഹസീനയ്ക്കു രാജ്യംവിട്ടോടാതെ മാര്‍ഗമില്ലാതായി.
ഇന്ത്യയിലും ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും ശക്തമായ സൈനിക, പോലീസ് സംവിധാനങ്ങളും മെച്ചപ്പെട്ട ജനാധിപത്യ ബോധവും രാജ്യം തകരാതെ കാക്കുന്നു. എന്നാല്‍, കര്‍ഷകര്‍ അടക്കമുള്ളവരുടെ പ്രതിസന്ധികളും സാമ്പത്തിക അസമത്വങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടണം. പൗരാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയെന്നതും പ്രധാനമാണ്.
ഏകാധിപത്യം പൊറുപ്പിക്കില്ല
തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിനു കീഴില്‍ ജനാധിപത്യ മര്യാദകള്‍പോലും മറന്ന ഹസീനയോടു ജനം കരുണ കാട്ടിയില്ല. കഴിഞ്ഞ ജനുവരി ഏഴിനു നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ഹസീന പിന്‍വാങ്ങിയില്ല. പ്രതിപക്ഷ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നിലപാടെടുത്തു. പ്രതിപക്ഷമില്ലാതെ ഭരിക്കാമെന്ന ധാഷ്ട്യത്തിന് ഇത്ര വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഹസീന സ്വപ്നം കണ്ടില്ല. ജനരോഷം പ്രധാനമന്ത്രിയുടെ പുറത്താക്കലില്‍ കലാശിക്കുന്നത്ര രൂക്ഷമാകുമെന്നു മുന്‍കൂട്ടി കാണുന്നതില്‍ ഇന്ത്യയും പരാജയപ്പെട്ടു.
എന്നാല്‍, ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായി വിജയിച്ച ഹസീനയെ അഭിനന്ദിച്ച ആദ്യ വിദേശ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ജൂണ്‍ ഒമ്പതിന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഹസീന, ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജൂണ്‍ 21, 22 തീയതികളില്‍ ഇന്ത്യയിലെത്തുകയും ചെയ്തു. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടലുകളെ ഹസീന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ ഐഎസ്ഐയുടെ ശൃംഖലകളാണ് പുതിയ ഇടക്കാല സര്‍ക്കാരിന്റെ പിന്നിലെന്നതു വെറും സംശയം മാത്രമാകില്ല.
ഭീഷണിയായി തീവ്രവാദവും ഭീകരതയും
മതേതര രാഷ്ട്രമായിരുന്ന ബംഗ്ലാദേശിനെ പിന്നീട് 1988ലാണ് ഇസ്ലാമിക റിപ്പബ്ലിക് ആക്കി മാറ്റിയത്. എങ്കിലും പാക്കിസ്ഥാനില്‍നിന്നു വ്യത്യസ്തമായ മിതവാദ മുസ്ലിം ജനാധിപത്യ രാജ്യമായിരുന്നു ബംഗ്ലാദേശ്. അതേ ബംഗ്ലാദേശില്‍ തീവ്രവാദവും ഇന്ത്യാ വിരുദ്ധതയും വീണ്ടും ശക്തിപ്പെട്ടാല്‍ ഇന്ത്യക്ക് ഭാവിയില്‍ വലിയ ഭീഷണിയാകും.
പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന തീവ്ര ഇസ്ലാമിക ശക്തികളോട് ഹസീന സന്ധി ചെയ്തിരുന്നില്ല. ബംഗ്ലാദേശ് ഭീകരസംഘടനയായ ഹര്‍കത്ത് ഉല് ജിഹാദ് അല്‍ ഇസ്ലാമിയുടെ തലവനെ 2017ല്‍ വധിച്ചതടക്കം കടുത്ത ഭീകരവിരുദ്ധ നയം ഹസീന സ്വീകരിച്ചിരുന്നു.
ഹസീനയെ പുറത്താക്കിയതിലൂടെ തീവ്ര, ഭീകര ഗ്രൂപ്പുകളും ഐഎസ്ഐയും ശക്തി പ്രാപിക്കുകയാണ്. മതഭ്രാന്തന് സംഘടനകളുടെ പുനരുജ്ജീവനവും വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ വികാരവും കനത്ത വെല്ലുവിളിയാണ്. ബംഗ്ലാദേശിലെ മത വംശീയ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രൈസ്തവര്‍, ചക്മ ഗോത്രക്കാര്‍ എന്നിവര്‍ മുതല്‍ സ്വതന്ത്ര ചിന്തകര്‍, നിരീശ്വരവാദികള്‍ വരെയുള്ളവരുടെ ഭയം അതിശയോക്തിപരമല്ല.
ആശങ്കയായി ഭീകരരുടെ റിക്രൂട്ട്മെന്റ്
മലേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ തീവ്ര ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായികിന് ബംഗ്ലാദേശ് ജനതയുടെ വലിയൊരു വിഭാഗത്തില്‍ സ്വാധീനമുണ്ട്. ഹസീന സര്‍ക്കാര്‍ നിരോധിക്കുന്നതിനു മുമ്പ് നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ ഒട്ടേറെ അനുയായികള്‍ ഉണ്ടായിരുന്നു. എഴുത്തുകാരി തസ്ലീമ നസ്രീനെ പുറത്താക്കിയതിനു പിന്നിലും ഇസ്ലാമിക തീവ്രഗ്രൂപ്പുകളാണ്. ഹൈന്ദവ ക്ഷേത്രങ്ങള്‍, ഘോഷയാത്രകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേ ആസൂത്രിത ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായതിനു പിന്നില്‍ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ, അല്‍ ഷബാബ് തുടങ്ങിയ ആഗോള ഭീകര സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ഏറെയും ബംഗ്ലാദേശികളും ഇന്ത്യക്കാരുമാണെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയയിലും മറ്റും പരിശീലനം നേടിയ ഭീകരര്‍ ബംഗ്ലാദേശിലും ഇന്ത്യയിലും തിരികെയെത്തി ആക്രമണം നടത്താന്‍ പദ്ധതിയിട്ടേക്കുമെന്ന ആശങ്ക ശക്തമാണ്.
വേണം, പ്രതിബദ്ധതയും വിശാലതയും
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റങ്ങളും മയക്കുമരുന്നും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ളവ തീവ്രവാദത്തോടൊപ്പം ആശങ്കയും വെല്ലുവിളിയുമാണ്. മ്യാന്മറിലെ രോഹിങ്ക്യന്‍ വംശജരുടെ പലായനം പ്രതിസന്ധിക്ക് ആക്കം കൂട്ടി. സാമ്പത്തിക പ്രശ്നങ്ങളേക്കാളേറെ ബംഗ്ലാദേശില്‍ ശക്തിപ്രാപിക്കുന്ന തീവ്ര, ഭീകര ശക്തികളാണ് ഇന്ത്യക്കും ലോകത്തിനും ഭീഷണി. ചൈന ഉയർത്തുന്ന സുരക്ഷാഭീഷണിയോളം വലുതാകും തീവ്ര, ഭീകര ഗ്രൂപ്പുകളുടെ വെല്ലുവിളി.
വളരെയധികം ക്ഷമയോടെ, തന്ത്രപരമായ നയതന്ത്ര, സാമ്പത്തിക, വാണിജ്യ, സംസ്കാരിക സഹകരണത്തിലൂടെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെയും ജനങ്ങളുടെയും വിശ്വാസം ആര്‍ജിച്ചെടുക്കുകയാണ് ഇനി വേണ്ടത്. വിഷമകരമെങ്കിലും അസാധ്യമല്ലിത്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സാഹചര്യങ്ങള്‍ പലതും അനുകൂല ഘടകങ്ങളാണ്.
അയല്‍ക്കാര്‍ ആരെന്നു നോക്കാതെ വിശ്വാസത്തിലെടുത്തു കൂടെ നിര്‍ത്തുകയെന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും അനിവാര്യമാണ്. ലക്ഷ്യം നേടാനുള്ള വിശാലതയും രാഷ്ട്രീയ പ്രതിബദ്ധതയും ഇന്ത്യന്‍ സര്‍ക്കാരിന് ഉണ്ടാവുകയാണു പ്രധാനം.