തലയെടുപ്പുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം നൽകിയ നാടാണ് കേരളം. അതിലൊരാളാണ് കേരള രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സാക്ഷാല്‍ ലീഡര്‍ കെ കരുണാകരൻ.
കേരള പിറവിക്കു ശേഷം നടന്ന 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിച്ചെങ്കിലും കരുണാകരൻ പരാജയപ്പെട്ടു. പിന്നീട് 1965 ൽ മാളയിൽ നിന്ന് മത്സരിച്ച് ജയിച്ച കരുണാകരൻ ആകെ 8 തവണ ആ മണ്ഡലത്തിനെ പ്രതിനിധീകരിച്ചു.
കരുണാകരനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും തമ്മിൽ ചില സാമ്യതകൾ ഉണ്ട്.
1996 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലത്തിൽ സതീശൻ മത്സരിച്ചെങ്കിലും തോൽക്കുകയാണ് ഉണ്ടായത്. അതിനുശേഷം 2001-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സതീശൻ വിജയം കണ്ടു.
തുടർന്ന് 2024 വരെ ഭൂരിപക്ഷം പടിപടിയായി ഉയർത്തി സതീശൻ തൻ്റെ രാഷ്ട്രീയ ജൈത്രയാത്ര തുടർന്നു.
സ്വന്തം കഴിവുകൊണ്ടും വാക്സാമർത്ഥ്യം കൊണ്ടും ഒന്നു മാത്രമാണ് വി ഡി സതീശൻ ഇന്ന് പ്രതിപക്ഷ സ്ഥാനത്ത് എത്തിയിരിക്കുന്നതും ഒപ്പം കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ ചേക്കേറിയിരിക്കുന്നതും.
കരുണാകരനെ പോലെ തന്നെ രാഷ്ട്രീയ എതിരാളികളാലും സ്വന്തം പാർട്ടിയിലെ അസംതൃപ്തരായ മറ്റു നേതാക്കളാലും സതീശനും വേട്ടയാടപ്പെടുന്നു.
പലരും കരുതും പോലെ നിയമ ബിരുദധാരിയായ അഡ്വ. വിഡി സതീശൻ പറവൂർകാരനല്ല, എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശിയായാണ്.
വടശ്ശേരി ദാമോദരൻ മേനോൻ്റേയും വി. വിലാസിനി അമ്മയുടേയും മകൻ പഠിച്ചിരുന്ന കാലത്ത് എംജി സർവ്വകലാശാല യൂണിയൻ കൗൺസിലര്‍, യൂണിയൻ ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു.
സഭയിൽ ഒരിക്കൽ സതീശന്റെ ഒരു അഭിപ്രായത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെയാണ്, 'പഴയ വിജയനായിരുന്നെങ്കിൽ ഞാൻ ഇതിനൊക്കെ മറുപടി പറഞ്ഞേനേ' എന്ന്.
'ഞങ്ങൾക്ക് പഴയ വിജയനേയും പേടിയില്ല പുതിയ വിജയനേയും പേടിയില്ല' എന്നാണ് സതീശൻ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി കൊടുത്ത മറുപടി.
കാര്യങ്ങൾ കൃത്യമായി പഠിച്ച് പറയാനുള്ള കഴിവും ജന്മസിദ്ധമായ വാക്ചാതുരിയും അതാണ് വിഡി സതീശൻ എന്ന നേതാവിന്റെ പ്രധാന സവിശേഷത.
പരിസ്ഥിതിക്ക് വേണ്ടി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് അനുകൂലമായി നിലപാടെടുത്ത എംഎൽഎ മാരിലെ പ്രമുഖരുമായിരുന്നു വിഡി സതീശൻ.
അന്യസംസ്ഥാന ലോട്ടറി വിവാദ വിഷയത്തിൽ തോമസ് ഐസക്കുമായി പരസ്യ സംവാദം നടത്തി ബുദ്ധിജീവി മേനി നടിക്കുന്ന ഐസക്കിനെ മലർത്തിയടിച്ച ക്രെഡിറ്റും സതീശനുണ്ട്.
ആ സംവാദത്തോടെ വിഡി സതീശൻ എന്ന രാഷ്ട്രീയക്കാരനെ മാധ്യമങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒപ്പം ജനങ്ങളുടെ പ്രീതിയും പിടിച്ചുപറ്റി.
അവിടെ നിന്നായിരുന്നു വിഡി സതീശൻ എന്ന രാഷ്ട്രീയ നേതാവിൻ്റെ വളർച്ചയുടെ, ഉയർച്ചയുടെ തുടക്കം.
അതോടെ അടുത്ത തെരഞ്ഞെടുപ്പിൽ സാൻ്റിയാഗോ മാർട്ടിന്റെ നോമിനിയായി എന്നു പറയുന്ന.. സാക്ഷാൽ പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ നിന്ന് എത്തി വടക്കൻ പറവൂരിൽ വന്ന് സതീശനെതിരെ മത്സരിച്ചു.
എന്നാൽ പറവൂർ മണ്ഡലത്തിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവിനെ തോൽപ്പിക്കാൻ പന്ന്യന് കഴിഞ്ഞില്ല.
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുന്ന വിഡിഎസ് എന്ന നേതാവിനെതിരെ ചില സാമുദായിക നേതാക്കൾ രംഗത്ത് വരുന്നതിന്റെ പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ട്.
എട്ടുകാലി മമ്മൂഞ്ഞികളായ സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ വിമുഖത കാണിക്കുന്ന ഒരു നേതാവിനെ ഞങ്ങൾ വളർത്തി പൊറുപ്പിക്കില്ല എന്നാണ് ഇത്തരം സാമുദായിക നേതാക്കളുടെ വാക്കുകൾ പറയാതെ പറയുന്നത്.
പണ്ട് കരുണാകരൻ തന്റെ മന്ത്രിസഭയിൽ കേവലം 28 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ക്യാബിനറ്റ് മന്ത്രിയാക്കി. അതേ നേതാവ് പിന്നീട് വളർന്നപ്പോൾ ഇതേ കരുണാകനെ വിമർശിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന തിരുത്തൽ വാദിയായി മാറിയതും ചരിത്രം.
മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചുവച്ച് അത് നടക്കാത്തതിനുള്ള ഇച്ഛാഭംഗത്തിൽ ഇരിക്കുന്ന നേതാക്കളും കോൺഗ്രസിൽ ഉണ്ട്. തനിക്ക് ഇല്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന നിലപാടാണ് ഇത്തരകാർക്കുള്ളത്.
കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് വരുത്തി തീർക്കുക, പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക, അങ്ങനെ രാഷ്ട്രീയ പ്രതിയോഗികൾക്ക് അതിൽ നിന്നും മുതലെടുക്കാൻ അവസരം നൽകുക എന്നൊക്കെയാണ് ചിലരുടെ ലക്ഷ്യങ്ങൾ.
എന്നാൽ അത്തരം കുശാഗ്ര ബുദ്ധികൾക്കൊന്നും മാറിയ കാലാവസ്ഥയിൽ കോൺഗ്രസിൽ സ്ഥാനമില്ല എന്നുള്ളത് വഴിയെ അറിയാം.
മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മുന്നേറുന്ന വിഡി സതീശൻ്റെ അഭിപ്രായ ധീരത എത്രത്തോളം എന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തമ ബോധ്യമുണ്ട്.
ഭാവിയിൽ അദ്ദേഹം കേരള മുഖ്യമന്ത്രി ആയാൽ പോലും അത്ഭുതപ്പെടാനില്ല. അത് അർഹിക്കുന്ന സ്ഥാനം തന്നെയാണ്.
കുരുട്ടുബുദ്ധിക്കാരായ ഏതാനും സി പി എം, ബിജെപി നേതാക്കൾ, സമുദായ നേതാക്കൾ, പിന്നെ ഈയിടെ മാധ്യപ്രവർത്തനം അവസാനിപ്പിച്ച മാധ്യമ പ്രവർത്തകൻ എന്നിവരോടൊപ്പം കൈകോർത്ത് നീങ്ങുന്ന കോൺഗ്രസ് നേതാക്കളോട് ഒരു കാര്യം ഓർമ്മിപ്പിക്കാം.. പഴയ കാലമല്ല..
നിങ്ങളൊക്കെ ഇനി മത്സരിച്ചാൽ പോസ്റ്റർ ഒട്ടിക്കാനും ജയ് വിളിക്കാനും ഇനിയൊരു കോൺഗ്രസ് പ്രവർത്തകനും ഉണ്ടാകില്ല.
ഇനിയുള്ള കാലം വീട്ടിൽ ഇരിക്കേണ്ടിവരും. മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കണ്ണാടിയായ വി.ഡി.എസ് എന്ന നേതാവിന് ഒരു എളിയ എഴുത്തുകാരന്‍റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും.
-കലാഭവൻ മണികണ്ഠൻ