സ്ത്രീയെന്ന ആയുധം കൊണ്ട് അധികാരം പിടിച്ചടക്കിയ കഥകൾ ധാരാളമുണ്ട് അമേരിക്കയിൽ. ആ അമേരിക്കൻ സ്റ്റൈൽ ദാ കേരളത്തിലും. സ്വന്തം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ 'സദാചാര ബോംബുകൾ' നിർമ്മിച്ചു വിട്ട ഇടതുപക്ഷം, ഇപ്പോൾ അതേ കുഴിയിൽ തന്നെ വീണു. പി.ടി. ചാക്കോ മുതൽ ഉമ്മൻ ചാണ്ടിവരെ സ്ത്രീയെ മുൻ നിർത്തി ഇടതുപക്ഷം മെനഞ്ഞ കഥയിൽ അകപ്പെട്ടവർ. സ്ത്രീ സാന്നിധ്യത്തെ ഒരു രാഷ്ട്രീയ അട്ടിമറിക്കുള്ള മരുന്നാക്കി മാറ്റിയവർക്ക് കാലം കാത്തുവെച്ച നീതി - വേതാളം

എതിരാളികളുടെ കിടപ്പറ നോക്കാൻ കണ്ണാടി വെച്ചവർക്ക് ഇന്ന് സ്വന്തം പാളയത്തിലെ ദുർഗന്ധം സഹിക്കാനാവാത്ത വിധം പടർന്നിരിക്കുന്നു.

author-image
വേതാളം
New Update
oommen chandy pk kunhalikutty pt chacko pj kurian
Listen to this article
0.75x1x1.5x
00:00/ 00:00

പെണ്ണായുധം കൊണ്ട് സിംഹാസനം പണിതവർ; സദാചാരത്തിന്റെ ചാവേറുകൾ ഇന്ന് ഹണിട്രാപ്പിന്റെ ഇരകൾ ! ലോകചരിത്രത്തിലെ ഏകാധിപതികളെയും ചക്രവർത്തിമാരെയും വീഴ്ത്താൻ 'പെണ്ണ്' എന്ന ആയുധം എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

Advertisment

 അമേരിക്കൻ പ്രസിഡന്റിനെ വിറപ്പിച്ച മോണിക്ക ലെവിൻസ്‌കിയും, വി.ഐ.പി ബ്ലാക്ക്മെയിലിംഗിന്റെ ആഗോള മുഖമായ എപ്‌സ്റ്റീൻ ഫയൽസും ഇതിന്റെ ഉദാഹരണങ്ങളാണ്.

എന്നാൽ കേരളത്തിൽ, സ്വന്തം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ 'സദാചാര ബോംബുകൾ' നിർമ്മിച്ചു വിട്ട ഇടതുപക്ഷം, ഇന്ന് അതേ ബോംബുകൾ സ്വന്തം പാളയത്തിൽ പൊട്ടിത്തെറിക്കുന്നത് കണ്ട് അന്ധാളിച്ചു നിൽക്കുകയാണ്.

അധികാരത്തിന്റെ ലഹരിയിൽ അന്തഃപുരങ്ങളിൽ ആടിത്തിമിർത്തവർ ഇന്ന് ഹണിട്രാപ്പിന്റെയും ബ്ലാക്ക്മെയിലിംഗിന്റെയും കുരുക്കിൽ ശ്വാസം മുട്ടുകയാണ്.


ചരിത്രം പരിശോധിച്ചാൽ, പി.ടി. ചാക്കോയുടെ കാറിലെ സ്ത്രീസാന്നിധ്യത്തെ ഒരു രാഷ്ട്രീയ അട്ടിമറിക്കുള്ള മരുന്നാക്കി മാറ്റിയവർക്ക് കാലം കാത്തുവെച്ച തിരിച്ചടിയാണിത്.


1996 സൂര്യനെല്ലിയിൽ പി.ജെ. കുര്യനെയും, ഐസ്ക്രീം പാർലറിൽ കുഞ്ഞാലിക്കുട്ടിയെയും ക്രൂശിച്ചുകൊണ്ട് 'വിശുദ്ധർ' ചമഞ്ഞവർ 2006-ൽ വി.എസ്. അച്യുതാനന്ദന്റെ 'പെൺവാണിഭ വിരുദ്ധ' പോരാട്ടത്തിലൂടെ അധികാരത്തിലേറി. 

ഒടുവിൽ സരിതയുടെ കത്തുകൾ വായിച്ച് ഉമ്മൻചാണ്ടിയെ വിചാരണ ചെയ്തവർ 2016-ൽ കേരളത്തിന്റെ സിംഹാസനം പിടിച്ചെടുത്തു. എന്നാൽ ഇന്ന് ആ സിംഹാസനത്തിലിരിക്കുന്നവർ സ്വന്തം പാളയത്തിലെ ലൈംഗിക വൈകൃതങ്ങൾ മൂടിവെക്കാൻ ഖജനാവും പോലീസിനെയും കാവൽ നിർത്തുകയാണ്.


മധ്യകേരളത്തിലെ ഒരു ഭരണകക്ഷി  എം.എൽ.എയുടെ ജീവിതം ഇന്ന് ഒരു നാണംകെട്ട 'മതിൽചാട്ട' കഥയായി മാറിയിരിക്കുന്നു. മൂന്ന് കല്യാണം കഴിച്ച ഒരു സ്ത്രീയുടെ ഹണിട്രാപ്പിൽ വീണ് തറവാട് വീട് വിറ്റു ഒരു കോടി രൂപയോളം നൽകേണ്ടി വന്നു  ഈ 'ജനപ്രതിനിധിക്ക്‌ '. 


ഒടുവിൽ സ്ത്രീയുടെ ഭർത്താവിന്റെ മുന്നിൽ നിന്നും മതിൽ ചാടി രക്ഷപ്പെട്ടത് കേരളത്തിന് തന്നെ അപമാനമാണ്. സ്വന്തം അമ്മയും ഭാര്യയും ഉപേക്ഷിച്ചു പോയിട്ടും, പാർട്ടിയും പോലീസും ഈ അധാർമ്മികതയെ വെറും പുകയാക്കി മാറ്റാൻ ശ്രമിക്കുന്നു. 

അധികാരം കൈയിലുണ്ടെങ്കിൽ ഏത് സദാചാര ലംഘനവും വെള്ളപൂശാമെന്ന അഹങ്കാരമാണിവിടെ പ്രകടമാകുന്നത്.

മറ്റൊരു എം.എൽ.എയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും നാം കണ്ടത് ഇതേ ചട്ടമ്പിത്തരമാണ്. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളും പോലീസിന്റെ ലാത്തിയും ഉപയോഗിച്ച് പരാതികളെ അടിച്ചമർത്തുന്ന സി.പി.ഐ(എം) ശൈലി ഇരകൾക്ക് നീതിയല്ല, മറിച്ച് നിശബ്ദതയാണ് സമ്മാനിക്കുന്നത്.


ഒരു ശശി മുതൽ മറ്റേ ശശി വരെ നീളുന്ന നേതാക്കളുടെ ലൈംഗിക അതിക്രമങ്ങൾ 'സംഘടനാ നടപടി' എന്ന പേരിൽ ഒതുക്കിത്തീർക്കുന്നവർ, പൊതുജനമധ്യത്തിൽ സ്ത്രീസംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുന്നത് വെറും പരിഹാസ്യമാണ്.


ഏറ്റവും ഒടുവിൽ, ആനവണ്ടി വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ ഔദ്യോഗിക വസതി ഒരു ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന കിടപ്പറ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വന്തം ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ ഭാര്യ തന്നെ ക്യാമറയിൽ പകർത്തിയപ്പോൾ, ഭരണകൂടം ഉപയോഗിച്ച് ആ സ്ത്രീയെ തല്ലിച്ചതയ്ക്കാനാണ് മന്ത്രി മുതിർന്നത്. 

മന്ത്രിയുടെ ഗുണ്ടകളാൽ മർദ്ദനമേറ്റ ആ സ്ത്രീക്ക് പ്രാണരക്ഷാർത്ഥം ദുബായിലേക്ക് പലായനം ചെയ്യേണ്ടി വന്നു എന്നത് കേരളത്തിലെ 'സ്ത്രീ സുരക്ഷയുടെ' പൊള്ളത്തരം തുറന്നുകാട്ടുന്നു.

നീലലോഹിതദാസൻ നാടാർ മുതൽ ജോസ് തെറ്റയിൽ വരെ നീളുന്ന ഇടതുപക്ഷത്തെ സദാചാര വൈകൃതങ്ങളുടെ പുതിയ പതിപ്പാണിത്.


കൊല്ലം എം.എൽ.എ മുകേഷിനെതിരെയുള്ള മീ ടൂ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും പുറത്തുകൊണ്ടുവന്നത് ഈ ഭരണകൂടത്തിന്റെ ലജ്ജാകരമായ മുഖമാണ്.


കടകംപള്ളി സുരേന്ദ്രനും പി. ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും ഉൾപ്പെട്ട ആരോപണങ്ങൾ വെറും രാഷ്ട്രീയ ഗൂഢാലോചനയായി തള്ളിക്കളയുന്നവർ, ഇരയാക്കപ്പെട്ടവരുടെ കണ്ണുനീരിനെ പരിഹസിക്കുകയാണ്.

എതിരാളികളുടെ കിടപ്പറ നോക്കാൻ കണ്ണാടി വെച്ചവർക്ക് ഇന്ന് സ്വന്തം പാളയത്തിലെ ദുർഗന്ധം സഹിക്കാനാവാത്ത വിധം പടർന്നിരിക്കുന്നു.


പെണ്ണായുധം കൊണ്ട് ഭരണം പിടിച്ചവർ ഇന്ന് അതേ ആയുധത്താൽ തന്നെ പൊറുതിമുട്ടുകയാണ്. താഴെത്തട്ടിൽ അണികൾ വിപ്ലവം പ്രസംഗിക്കുമ്പോൾ, മുകളിൽ നേതാക്കൾ ബ്ലാക്ക്മെയിലിംഗ് സംഘങ്ങൾക്ക് മുന്നിൽ മുട്ടിലിഴയുന്നു.


പോലീസിനെയും അധികാരത്തെയും ഉപയോഗിച്ച് ഈ നാണക്കേടുകൾ മറച്ചുപിടിക്കാമെന്ന് വിശ്വസിക്കുന്നവർ ഒരു കാര്യം ഓർക്കുക: കാലം ഒരു ചക്രമാണ്.

സദാചാരത്തിന്റെ പേരിൽ നിങ്ങൾ എറിഞ്ഞ കല്ലുകൾ ഇന്ന് നിങ്ങളുടെ തന്നെ കൊട്ടാരങ്ങളുടെ ചില്ലുകൾ തകർക്കുകയാണ്. അധികാരം അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് ചരിത്രം കുറിച്ച് വെച്ച ഈ അപമാനത്തിന്റെ ഏടുകൾ മാത്രമായിരിക്കും.

Advertisment