പ്രവാസികൾക്ക് ആർ ടി പി സി ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം:കോട്ടക്കൽ മണ്ഡലം കെ എം സി സി.

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, March 2, 2021

ജിദ്ദ : സൗദി അറേബ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ ആർ ടി പി സി ടെസ്റ്റ് നടത്തണമെന്ന പുതിയ നിബന്ധന ഉടനെ പിൻവലി ക്കണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസ്തുത തീരുമാനം നാട്ടിലേക്ക് പോവുന്ന പ്രവാസികൾക്ക് സാമ്പത്തിക നഷ്ടം ഉൾപ്പെടെ നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നാട്ടിൽ എത്തിയ ശേഷവും ടെസ്റ്റ് ഉള്ളതിനാൽ വിദേശത്തു നിന്നുള്ള ടെസ്റ്റ് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലാ കെഎംസിസി ‘കുടുംബ സുരക്ഷ പദ്ധതി 2021’ അപേക്ഷ ഫോറം കോട്ടക്കൽ മണ്ഡലം തല വിതരണ ഉത്ഘാടനം കുഞ്ഞാലി കുമ്മാളിലിനു അപേക്ഷ ഫോറം നൽകി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിക്കുന്നു

പുതിയ സാഹചര്യത്തിൽ നാട്ടിൽ പോവുന്നവരിൽ അധികവും ജോലി നഷ്ടപ്പെട്ടവരാണെന്നും ടിക്കറ്റിന് വേണ്ട പണം പോലും പലർക്കും കടം വാങ്ങുകയോ കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകളുടെ സഹായം തേടുകയോ ചെയ്യേണ്ട അവസ്ഥയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ കാലാവധി രണ്ടാഴ്‌ചയിൽ നിന്നും ഒരാഴ്ചയാക്കി ചുരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രവാസികളോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ചു നിയമ സഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മണ്ഡലം കെഎംസിസി ട്രെഷറർ ഇബ്‌റാഹീം ഹാജി വളാഞ്ചേരി ഉദ്‌ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു

മലപ്പുറം ജില്ലാ കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരെയും അംഗങ്ങളാക്കാൻ യോഗം തീരുമാനിച്ചു. പ്രസ്തുത കുടുംബ സുരക്ഷാ പദ്ധതിയുടെ മണ്ഡലം കോർഡിനേറ്റർമാരായി നാണി ഇസ്ഹാഖ്, ഹംദാൻ ബാബു എന്നിവരെ തെരെഞ്ഞെടുത്തു. ഇതോടൊപ്പം മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് – മുനിസിപ്പൽ കോർഡിനേറ്റർമാരെയും തെരെഞ്ഞെടുത്തു.

കുടുംബ സുരക്ഷാ പദ്ധതിയുടെ കോട്ടക്കൽ മണ്ഡലം തല ഉദ്‌ഘാടനം കുഞ്ഞാലി കുമ്മാളിലിനു അപേക്ഷ ഫോറം നൽകി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിച്ചു.

ഇ. മുഹമ്മദലി കോട്ടക്കൽ, അൻവറുദ്ധീൻ പൂവ്വല്ലൂർ, കെ.വി മുസ്തഫ കാവുംപുറം, പി.എ റസാഖ് വെണ്ടല്ലൂർ, ടി.ടി ഷാജഹാൻ പൊന്മള, ഹംദാൻ ബാബു, ജാഫർ നീറ്റുകാട്ടിൽ, മുഹമ്മദ് റാസിൽ ഒളകര, ദിൽഷാദ് കാടാമ്പുഴ, ശംസുദ്ധീൻ മൂടാൽ, കെ.പി സമദലി, അഹ്മദ് കുട്ടി വടക്കേതിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പി.പി മൊയ്‌ദീൻ എടയൂർ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും കുഞ്ഞാലി കുമ്മാളിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: മലപ്പുറം ജില്ലാ കെഎംസിസി ‘കുടുംബ സുരക്ഷ പദ്ധതി 2021’ അപേക്ഷ ഫോറം കോട്ടക്കൽ മണ്ഡലം തല വിതരണ ഉത്ഘാടനം കുഞ്ഞാലി കുമ്മാളിലിനു അപേക്ഷ ഫോറം നൽകി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിക്കുന്നു

×