/sathyam/media/post_attachments/tHWEgHRDDXAUbKcNt86R.jpg)
പാലക്കാട് : സംസ്ഥാന അതിർത്തിയിൽ മാരകായുധങ്ങളുമായി കുറുവ കവർച്ച സംഘമെത്തിയതായി സ്ഥിരീകരണം. ദേശീയപാതകളും, വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്യുന്ന സംഘമാണ് കുറുവ.
പാലക്കാട് വാളയാറിനോട് ചേര്‍ന്നുള്ള കോളനിയില്‍ മാരകായുധങ്ങളുമായി ഇവര്‍ കവര്‍ച്ച നടത്താനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കവര്‍ച്ച നടത്താനെത്തുന്നതും വീടുകളില്‍ കയറി സാധനങ്ങളുമായി മടങ്ങുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് കേരള – തമിഴ്നാട് പോലീസ് ജാഗ്രതാ സന്ദേശം പുറത്തിറക്കി.
അതിർത്തി ഗ്രാമങ്ങളിലും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് . നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ഏതുസമയത്തും ആരെയും എതിര്‍ത്ത് തോല്‍പ്പിച്ച് കവര്‍ച്ച നടത്താനുള്ള ശേഷിയുള്ളവരാണിവർ.
കരുത്തുറ്റ ആളുകൾ ഉൾപ്പെടുന്നവരാണ് കുറുവ സംഘമെന്നാണ് പോലീസും പറയുന്നത് .ആയുധ പരിശീലനം നേടിയവരാണ് ഇക്കൂട്ടത്തിലുള്ളത്. ആക്രി സാധനങ്ങളും പഴയ പേപ്പറും ശേഖരിക്കാനെന്ന വ്യാജേന പകല്‍സമയങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തും.
പരിസരം മനസ്സിലാക്കും. രാത്രികാലങ്ങളിൽ ശരീരത്തില്‍ എണ്ണതേച്ച് മുഖംമൂടി ധരിച്ച് വീടുകളിലെത്തും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്പ്പെടുത്തി കവര്‍ച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. അതേ സമയം ഇവർ സംസ്ഥാനത്തിനകത്ത് കടന്നിട്ടുണ്ടോയെന്നും ആശങ്കയുണ്ട്.