യു.ഡി.എഫിനെ ദുർബലപ്പെടുത്തിയത് ലീഗോ ചാണ്ടിയോ? ലീഗിന്റെ വിലപേശൽ രാഷ്ട്രീയം ഉമ്മൻചാണ്ടിയുടെ സംഭാവന! മുസ്ലീം ലീഗ് കോൺഗ്രസിന് ഒരു ബാധ്യത ആയി മാറിയിരിക്കുന്നു: ലീഗിനെ നിലക്ക് നിർത്തിയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവും!

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, May 16, 2021

തിരുമേനി

യു.ഡി.എഫിനെ ദുർബലപ്പെടുത്തിയത് മുസ്ലീം ലീഗോ അതോ ഉമ്മൻചാണ്ടിയോ? – മുസ്ലീംലീഗിനെ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ചത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ചത്തെന്ന് കരുതിയ ആ കുതിരയ്ക്ക് വീണ്ടും ജീവൻ നൽകിയത് സാക്ഷാൽ ഇ.എം.എസ് ആണ്. 1967 ൽ അധികാരമേറ്റ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചതോടെയാണ് മുസ്ലീംലീഗ് കേരളത്തിൽ അധികാര രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്.

അന്നത്തെ സപ്തകക്ഷി മുന്നണിയിൽ ഒരു ഘടക കക്ഷിയായിരുന്നു ലീഗ് . പ്രത്യുപകാരമായി ഇ.എം.എസ് അവർക്ക് മലപ്പുറം ജില്ല നൽകി. എന്നാൽ സി.പി.എംനും ഇ.എം.എസിനും തിരിച്ചടി നൽകി കെ.കരുണാകരൻ ലീഗിനെ തട്ടിയെടുത്തു. തുടർന്ന് അധികാരത്തിൽ വന്ന രണ്ട് അച്യുതമേനോൻ മന്ത്രിസഭകളിലും 1977 ലെ കരുണാകരൻ, ആന്റണി മന്ത്രിസഭയിലും ലീഗ് അധികാരത്തിന്റെ ഭാഗമായി. ഇക്കാലമത്രയും വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ കൈകാര്യം ചെയ്തത് മുസ്ലീം ലീഗായിരുന്നു.

മുസ്ലീംലീഗിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നത് കെ.കരുണാകരനാണ്.
കെ.കരുണാകരന്റെ ഭരണകാലത്ത് ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല. സി.എച്ച് മുഹമ്മദ് കോയക്ക് ശേഷം ലീഗിന്റെ അമരക്കാരനായി വന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെ സ്നേഹിച്ചും വിരട്ടിയും നിലയ്ക്ക് നിർത്തുന്നതിൽ കരുണാകരൻ ശ്രദ്ധാലുവായിരുന്നു.
എന്നാൽ പിന്നീട് കണ്ടത് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗ് സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി ഇരിക്കുന്ന കമ്പ് മുറിക്കുന്നതാണ്.
ഇല്ലാത്ത ഒരു ചാരക്കഥ ആയുധമാക്കി 1995 ൽ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെയിറക്കാൻ ഉമ്മൻചാണ്ടി കൂട്ടുപിടിച്ചത് പി.കെ.കുഞ്ഞാലിക്കുട്ടിയെയായിരുന്നു.

കരുണാകരനെ രാജിവയ്പിക്കാൻ ആവശ്യമായ പശ്ചാത്തലം ഒരുക്കിയത് സി.പി.എം. ആയിരുന്നു. അന്ന് തുടങ്ങിയതാണ് കോൺഗ്രസിനോടുള്ള ലീഗിന്റെ വിലപേശൽ .
പിന്നീട് അധികാരത്തിൽ വന്ന എ.കെ.ആന്റണി മുസ്ലീം ലീഗുമായി ഇണങ്ങിയും പിണങ്ങിയുമാണ് ഭരിച്ചത്.
യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ എ.കെ.ആന്റണി കണ്ടത് വില കുറഞ്ഞ ഏതാനും പഴഞ്ചൻ കാറുകളാണ്.

നേട്ടങ്ങളൊക്കെ കവർന്ന് എടുക്കുന്നത് ന്യൂനപക്ഷങ്ങൾ ആണെന്ന് ആ സമ്മേളനത്തിൽ വച്ചാണ് എ.കെ.ആന്റണി തുറന്നടിച്ചത്.
ഇതോടെ ലീഗും മുസ്ലീങ്ങളും ആന്റണിക്കെതിരെ തിരിഞ്ഞു.തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് എ.കെ.ആന്റണി രാജിവച്ചു. തുടർന്ന് അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി ആണ് കുഞ്ഞാലിക്കുട്ടിയുമായി ചേർന്ന് ഭരണം ലീഗിന് തീറെഴുതിയത്.

കോൺഗ്രസിലെ ഐ ഗ്രൂപ്പിനേയും ചെറിയ ഘടക കക്ഷികളേയും ഒതുക്കാൻ ഉമ്മൻ ചാണ്ടി – കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന് കഴിഞ്ഞു. ഈ ഭരണം യുഡിഎഫിനെ അരക്ഷിതമാക്കി. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി ദാനം ചെയ്തതോടെ കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും അസ്വസ്ഥരായി. സംസ്ഥാന ബഡ്ജറ്റിന്റെ 60% ഇതിനോടകം ലീഗ് മന്ത്രിമാരുടെ കൈകളിൽ എത്തിയിരുന്നു. വിദ്യാഭ്യാസ, പൊതുമരാമത്ത് , വ്യവസായ വകുപ്പുകൾ ലീഗിന്റെ കൊയ്ത്ത് കേന്ദ്രങ്ങളായി. ചുരുക്കിപ്പറഞ്ഞാൽ ഉമ്മൻ ചാണ്ടി കോൺഗ്രസിനെയാകെ ലീഗിന് അടിയറ വച്ചു. കേരളത്തിൽ കോൺഗ്രസിന്റെ തകർച്ചയുടെ ആരംഭം കുറിച്ചത് ഇവിടെയാണ്.

അഞ്ചാം മന്ത്രിയെ എതിർത്ത രമേശ് ചെന്നിത്തലയുടെ ശബ്ദത്തിന് ഉമ്മൻ ചാണ്ടി ചെവി കൊടുത്തില്ല.
2004ലേയും 2011ലേയും ഉമ്മൻചാണ്ടി സർക്കാരുകളിലാണ് മുസ്ലീം ലീഗിന്റെ അധികാര അപ്രമാദിത്വം കളം നിറഞ്ഞാടിയത്.
തുടർന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും അടിവേര് ഇളക്കിയത് ഉമ്മൻചാണ്ടിയുടെ മുസ്ലീം ലീഗ് പ്രീണനമാണ്. എന്നാൽ ലീഗാവട്ടെ സ്വന്തം കോട്ടകളിൽ പിടിച്ച് നിന്നു . ഈ പരാജയം കോൺഗ്രസിന്റെ ജീർണാവസ്ഥക്ക് ആക്കം കൂട്ടി. പരാജയഭാരം ഏറ്റുവാങ്ങി ഉമ്മൻചാണ്ടി കളമൊഴിഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി. നാല് വർഷത്തിലധികം ഉമ്മൻ ചാണ്ടി രാഷ്ട്രീയ വനവാസത്തിലായിരുന്നു.

രാഹുൽഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് സ്വപ്നം കണ്ട പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയം വിട്ട് ലോക് സഭയിലേക്ക് മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നത്തിൽ നിറഞ്ഞുനിന്നത്. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് കണ്ട കേരളീയർ യുഡിഎഫിന് 19 സീറ്റ് നൽകി. കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് പോവുകയും ഉമ്മൻചാണ്ടി വനവാസത്തിൽ പോവുകയും ചെയ്തതോടെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വം യുഡിഎഫിൽ ഒഴിഞ്ഞതായി എല്ലാവരും കരുതി.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല വളരെയധികം മുന്നേറി. എന്നാൽ ചെന്നിത്തല പിണറായിക്കെതിരെ കൊണ്ടുവന്ന ഗുരുതരമായ ആരോപണങ്ങൾക്ക് കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും പിന്തുണ നൽകിയില്ല.
എങ്കിലും രമേശ് ചെന്നിത്തല തന്റെ ആരോപണങ്ങളുടെ കുന്തമുന സർക്കാരിനെതിരെ നീട്ടിയതോടെ പിണറായിക്ക് പല തീരുമാനങ്ങളിൽ നിന്നും പിന്തിരിയേണ്ടി വന്നു.

സ്വാഭാവികമായും രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കും എന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ വീണ്ടും ഉമ്മൻചാണ്ടി – കുഞ്ഞാലിക്കുട്ടി അച്ചുതണ്ട് സജീവമാകുന്നതാണ് പിന്നീട് കണ്ടത്. സ്വാഭാവികമായി നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കാമായിരുന്ന മേൽക്കൈ ഇല്ലാതാക്കുന്ന രണ്ട് നീക്കങ്ങളാണ് പിന്നീട് ഉണ്ടായത്.
1 പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ ഉമ്മൻ ചാണ്ടിയെ രമേശിന് മുകളിൽ പ്രതിപ്പിച്ചു. ഇത് കോൺഗ്രസ് ഹൈക്കമാന്റ് ആണ് ചെയ്തത്
2 ദേശീയ രാഷ്ട്രീയം വിട്ട് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തി.
ക്രിസ്ത്യാനികളുടെ ആനുകൂല്യങ്ങൾ പോലും മുസ്ലീങ്ങൾ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപം ഇതിനകം ക്രൈസ്തവ സഭകളെ പ്രകോപിപ്പിച്ചിരുന്നു.
പുതിയ നീക്കം ഭൂരിപക്ഷ ഹൈന്ദവ സമുദായത്തിനും നിരാശ ക്കിടയാക്കി. ദശാബ്ദങ്ങൾക്ക് ശേഷം ഒരു ഹൈന്ദവ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകും എന്ന് കരുതിയിരുന്നവരേയും ഇത് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

യു ഡി എഫിന്റെ വൻ തകർച്ചക്ക് കാരണം ചിന്തിക്കുമ്പോൾ ആദ്യം ഉയർന്ന് വരുന്നത് കോൺഗ്രസിന്റെ ലീഗ് പ്രീണനമാണ്. കരുണാകരനെ താഴെയിറക്കാൻ ഉമ്മൻചാണ്ടി ലീഗിനെ ഉപയോഗിച്ചപ്പോൾ ലീഗ് പിന്നീട് ഇത് അവസരമാക്കി ഉപയോഗിച്ചു. ലീഗിന്റെ വിലപേശൽ രാഷ്ട്രീയം ഉമ്മൻചാണ്ടിയുടെ സംഭാവനയാണ്. എ.കെ.ആന്റണിയുടെ നിലപാടിന്റെ സത്യാവസ്ഥ കാണാൻ പോലും ഉമ്മൻ ചാണ്ടിക്ക് ആയില്ല.

കേരളത്തിൽ മുസ്ലീം ലീഗ് കോൺഗ്രസിന് ഒരു ബാധ്യത ആയി മാറിയിരിക്കുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്നത് ലീഗ് ആണ് എന്ന നില വന്നിരിക്കുന്നു. പുതിയ പ്രതിപക്ഷ നേതാവിനേയും ഉമ്മൻ ചാണ്ടിയും മുസ്ലീം ലീഗും ചേർന്നായിരിക്കും തീരുമാനിക്കുക. എന്തായാലും ലീഗിനെ നിലക്ക് നിർത്തിയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവും.

×