തൃശൂര്‍: തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മുന്‍പ് വിദേശത്തു വച്ചു നടത്തിയ പരിശോധനാ ഫലം മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നു.
21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇയാളെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നത്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 27ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ചികിത്സ തേടാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കും. നിലവില്‍ കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമടക്കം 15 പേര്‍ സമ്ബര്‍ക്കപ്പട്ടികയില്‍ ഉണ്ട്.
പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച യുവാവിന്റെ വീട്. യുവാവിന്റെ നില ഗുരുതരമായപ്പോഴാണു ബന്ധുക്കള്‍ വിദേശത്തെ പരിശോധനാ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്.