കുവൈറ്റില്‍ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയേറുന്നു; നിര്‍ണായക തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലെന്ന് റിപ്പോര്‍ട്ട്; വിശദാംശങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ണായ തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അടുത്ത ഞായറാഴ്ച മുതല്‍ ഭാഗിക നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശികപത്രമായ ‘അല്‍ ഖബാസ്’ റിപ്പോര്‍ട്ട് ചെയ്തു.

വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ ഒരു മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ യോഗം വിലയിരുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തിയാകും തീരുമാനം അവലോകനം ചെയ്യുന്നത്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഉള്‍പ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ട് സാധ്യതകളാണ് പരിഗണിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുക അല്ലെങ്കില്‍ നിരോധന സമയത്ത് പൂര്‍ണമായും ഇവ അടയ്ക്കുക എന്നീ സാധ്യതകളാണ് വിലയിരുത്തുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതും കുവൈറ്റിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ശുപാര്‍ശ ചെയ്തതുമാണ് അടിയന്തിര നടപടികളിലേക്ക് കടക്കാന്‍ മന്ത്രിസഭയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

×