കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വച്ചു പിടിപ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍

New Update

ഷിക്കാഗോ: കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് രണ്ടു മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ 20 വയസ്സിന് താഴെയുള്ള യുവതിയുടെ കേടുവന്ന ഇരട്ട ശ്വാസകോശം മാറ്റി പുതിയത് വച്ചു പിടിപ്പിച്ചു രോഗിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതിന്റെ സംതൃപ്തിയിലാണ് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അന്‍കിത് ഭരത് (Dr. ANKIT BHARAT). ഷിക്കാഗോ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ജൂണ്‍ 11ന് ആണ് വിജയകരമായ ശസ്ത്രക്രിയയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

Advertisment

publive-image

നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പത്തു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ ഡോ. ഭരതിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇവരുടെ കിഡ്‌നി, ലിവര്‍ തുടങ്ങിയ അവയവങ്ങള്‍ തകരാറായതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയാറായത്. ശ്വാസകോശം മാറ്റിവയ്ക്കുക എന്നത് സാധാരണ ശസ്ത്ര ക്രിയയാണെങ്കിലും കോവിഡ് രോഗിയില്‍ ഇത്തരത്തിലുള്ള വിജയകരമായ ശസ്ത്രക്രിയ അപൂര്‍വ്വമാണ്.

കുറച്ചു ദിവസം കൂടെ വെന്റിലേറ്ററില്‍ കിടക്കേണ്ടി വരുമെങ്കിലും പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടിലേക്കു പോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. ഹിസ്പാനിക്ക് യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തിടെ ബോയ് ഫ്രണ്ടുമൊത്ത് നോര്‍ത്ത് കാരലൈനയില്‍ നിന്നാണ് ഇവര്‍ ഷിക്കാഗൊയില്‍ എത്തിയതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റേഡ് ടോമിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 40,000 ഓര്‍ഗന്‍ ട്രാന്‍സ് പ്ലാന്റാണ് അമേരിക്കയില്‍ നടന്നതെങ്കിലും ഇതില്‍ 7 ശതമാനം മാത്രമാണ് ശ്വാസകോശ മാറ്റിവയ്ക്കലെന്നും ഡയറക്ടര്‍ പറഞ്ഞു.

COVID AMERICAN DOCTOR
Advertisment