കേരളം

കൊവിന്‍ പോര്‍ട്ടലില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, June 11, 2021

 

തിരുവനന്തപുരം: കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ പോര്‍ട്ടലില്‍ മാറ്റങ്ങള്‍ വരുന്നു. കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ തിരുത്താന്‍ അവസരം നല്‍കും. പുതിയ മാറ്റങ്ങളുള്‍പ്പെടുത്താനുള്ള അപ്‌ഡേഷന്‍ നാളെയോടെ പൂര്‍ത്തിയാകും.

തുടക്കത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കൊവിന്‍ പോര്‍ട്ടല്‍ നിലവില്‍ രജിസ്‌ട്രേഷന് വലിയ തടസ്സങ്ങളും തര്‍ക്കങ്ങളുമില്ലാതെ മുന്നോട്ടു പോകുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ പേര്, പ്രായം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരും.

രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തന്നെ തെറ്റുകളുണ്ടെങ്കില്‍ തിരുത്തി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്‌ഡേഷനാണ് പുരോഗമിക്കുന്നത്. നിലവില്‍ പോര്‍ട്ടല്‍ വഴി ഒരാള്‍ക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേര്‍ക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനില്‍ക്കുമെന്നാണ് കൊവിന്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

അപ്‌ഡേഷന്‍ വരുന്നതോടെ ഇവ പുതുതായി ചേര്‍ക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. വേണ്ടി വരില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പേരു വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോയെന്നതും പ്രധാനമാണ്.

×