മുംബൈ : ഇന്ത്യ- അയർലൻഡ് ട്വന്റിട്വന്റി പരമ്പര ഇന്ന് ആരംഭിക്കുന്നതോടെ മലയാളികളുടെ കണ്ണുകൾ സഞ്ജു സാംസണിലേക്ക് തിരിയും. സഞ്ജുവിന് അതീവ നിർണായകമാണ് 2 മത്സരങ്ങൾ അടങ്ങിയ അയർലൻഡിന് എതിരായ പരമ്പര. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സഞ്ജുവിന് ഈ പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടിവരും.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തിലെത്തുന്ന മലയാളി താരത്തിന് ഒന്നാം ട്വന്റി20യിൽ അവസരം ലഭിച്ചേക്കുമെന്നുതന്നെയാണ് കണക്കുകൂട്ടൽ. ഇന്ത്യയ്ക്കായി 13 ട്വന്റി20 മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.
ഇന്ത്യ- അയർലൻഡ് ട്വന്റിട്വന്റി പരമ്പരയെ ലോകകപ്പിനുള്ള സെലക്ഷൻ ട്രയൽസ് എന്ന നിലയിൽ അതീവ ഗൗരവത്തോടെയാണു സെലക്ടർമാർ നോക്കിക്കാണുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മത്സരം കാണാൻ നേരിട്ടെത്തുമെന്ന പ്രത്യേകതയുമുണ്ട്. ഇതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യ ഇതേ ടീമിനെ നിലനിർത്തിയേക്കുമെന്നാണ് സൂചന.
അയർലൻഡിനെതിരായ പരമ്പരയിൽ ചില താരങ്ങൾ ഇന്ത്യക്കായി അരങ്ങേറുമെന്ന സൂചനയുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രംഗത്തെത്തി. ഇന്ന് പരമ്പര ആരംഭിക്കാനിരിക്കുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹാർദ്ദിക് ഇക്കാര്യം വ്യക്തമാക്കിയത്. ഹാർദ്ദികിൻ്റെ പ്രസ്താവന പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ഉമ്രാൻ മാലിക് എന്നിവർ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് സൂചന. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ അയർലൻഡിനെതിരെ കളിക്കില്ല. ശ്രേയസ് അയ്യരും ടീമിൽ ഇല്ല.
ഇന്ത്യൻ ടീം:
ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്.