രോഹിത് ശർമ്മയ്ക്ക് കൊവിഡ് ; ടീം ഇന്ത്യക്ക് കനത്ത ആശങ്ക

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കേ ടീം ഇന്ത്യക്ക് കനത്ത ആശങ്കയായി നായകന്‍ രോഹിത് ശർമ്മയ്ക്ക് കൊവിഡ്. ശനിയാഴ്ച നടത്തിയ റാപിഡ് ആന്‍റിജന്‍ ടെസ്റ്റിലാണ് താരം കൊവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസസ്റ്ററിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ രോഹിത് ശർമ്മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഹിറ്റ്‍മാന്‍ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി. ജൂലൈ ഒന്നിന് എഡ്‍ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുമ്പ് കൊവിഡ് ഫലം നെഗറ്റീവാകുക രോഹിത്തിന് വലിയ വെല്ലുവിളിയാണ്. സ്ഥിരം ഓപ്പണർ കെ എല്‍ രാഹുല്‍ പരിക്കിനെ തുടർന്ന് നിലവില്‍ ടീമിനൊപ്പവുമില്ല.

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു.

ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.

Advertisment