ദില്ലി : അയർലന്‍ഡിനെതിരായ ടി20 പരമ്പരയില ഇന്ത്യയെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ ടീമിനെ ഭാവിയിലും നയിക്കാന്‍ യോഗ്യനെന്ന് മുന്‍ സെലക്ടറും ക്യാപ്റ്റനുമായിരുന്ന ദിലീപ് വെങ്സർകർ. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയുടെ നായകശേഷിയിലും ഓൾറൗണ്ട് മികവിലും വെങ്സർകർ ഏറെ സന്തോഷവാനാണ്.
'ഐപിഎല്‍ 2022 ഫൈനലില്‍ രണ്ട് വിക്കറ്റ് വീണപ്പോഴാണ് ബാറ്റ് ചെയ്യാന്‍ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തിയത്. ടീമിന്‍റെ ആദ്യ മേജർ ടൂർണമെന്‍റില്‍ തന്നെ നായകനെന്ന നിലയില്‍ ഹാർദിക് ഗുജറാത്ത് ടൈറ്റന്‍സിനെ മുന്നില്‍ നിന്ന് നയിച്ചു. ടീമില്‍ ഏറെ നിർണായകമായി ഓൾറൗണ്ടർ.
ഇന്ത്യയുടെ ഭാവി നായകനായി ഹാർദിക് ഒരു ഓപ്ഷനാണ്. എന്നാല്‍ തീരുമാനങ്ങളെല്ലാം സെലക്ടർമാരുടെ കൈകളിലാണ്' എന്നും ദിലീപ് വെങ്സർകർ വ്യക്തമാക്കി. അതേസമയം പരിക്കേല്‍ക്കാതിരിക്കാന്‍ ഹാർദിക് ശ്രദ്ധിക്കണമെന്ന് മറ്റൊരു മുന്‍ സെലക്ടറായ റോജർ ബിന്നി പറഞ്ഞു.
അയർലന്‍ഡിനെതിരെ ഇന്നാരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കുക ഹാർദിക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റമാണ് പരമ്പരയുടെ ശ്രദ്ധാകേന്ദ്രം. 2016ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് ഹാർദിക് പാണ്ഡ്യ.
ലോവർ ഓർഡർ ഹിറ്ററില്‍ നിന്ന് മികച്ച ഓൾറൗണ്ടറും ഐപിഎല്‍ വിന്നിംഗ് ക്യാപ്റ്റനുമായി ഹാർദിക് മാറി. രോഹിത് ശർമ്മയും റിഷഭ് പന്തുമുള്‍പ്പടെയുള്ള താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലും കെ എല്‍ രാഹുല്‍ ചികില്‍സയിലുമായതിനാലാണ് ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത്.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടമുയർത്തിയപ്പോള്‍ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ നേടിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. ഹാര്‍ദിക് പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല.
എന്നാല്‍ കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17 റണ്‍സിന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലും തിളങ്ങി. പ്രോട്ടീസിനെതിരെ നാല് ടി20 ഇന്നിംഗ്സില്‍ 58.50 ശരാശരിയിലും 153.95 പ്രഹരശേഷിയിലും 117 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം : ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.