ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ സെഞ്ചുറിയടിച്ച് ക്യാപ്റ്റൻ രോഹിത് ശർമയും ഓപ്പണർ യശസ്വി ജയ്സ്വാളും. ജയ്സ്വാളിന്റെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കി.
215 പന്തിൽനിന്നാണ് ജയ്സ്വാൾ സെഞ്ചുറി കടന്നത്. ജയ്സ്വാളിനു ഉറച്ച പിന്തുണ നൽകിയ നായകൻ രോഹിത്ത് ശർമ്മയും സെഞ്ചുറി കുറിച്ചു. രോഹിത് ശർമ 221 പന്തിൽ 103 റണ്‍സെടുത്ത് പുറത്തായി. അലിക് അഥാനസിനാണ് വിക്കറ്റ്. ആറ് റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. ടീ ബ്രേക്കിന് പിരിയുമ്പോൾ 242-2 എന്ന നിലയിലാണ് ഇന്ത്യ.
വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ മികച്ച ബാറ്റിംഗുമായാണ് മുന്നോട്ടുനീങ്ങിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 64.3 ഓവറിൽ 150ൽ അവസാനിച്ചു. 24.3 ഓവറിൽ 60 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് വിൻഡീസിനെ ചുരുട്ടിക്കെട്ടിയത്.
രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ്, ഷാർദുൾ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അലിക് അഥാനസാണ് (47) വിൻഡീസ് ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറർ.