മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ന് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിവസമായിരുന്നു. കഴിഞ്ഞ 20 മാസത്തോളം ഏകദിന ടീമില്‍ അംഗമല്ലാതിരുന്ന കളിക്കാരനാണ് ആര്‍ അശ്വിന്‍.
ഏകദേശം 20 മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ സമാപിച്ച ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്‍ഡോറിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി, മഴ ബാധിച്ച മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.
''ഇന്ത്യയുടെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അക്ഷര്‍ പട്ടേലിന്റെ ഇടത് കാലിന് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് അക്ഷര്‍ പട്ടേലിനെ വിദഗ്ദ്ധ ചികിത്സയ്ക്കും പരിശീലനത്തിനുമായി ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചു. എന്നാല്‍ അദ്ദേഹത്തിന് പരിക്കില്‍നിന്ന് മുക്തനാകാന്‍ സാധിച്ചില്ല''- ഐസിസി ഒരു മാധ്യമക്കുറിപ്പില്‍ പറഞ്ഞു.
''വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പകരക്കാരനായി തിരഞ്ഞെടുത്തു, അടുത്തിടെ സമാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തി ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു,'' പത്രക്കുറിപ്പില്‍ പറയുന്നു.
2011 ഏകദിന ലോകകപ്പ് നേടിയ ടീമില്‍ നിന്ന് വിരാട് കോഹ്ലിക്കൊപ്പം ഇത്തവണത്തെ ലോകകപ്പിന് ഭാഗമാകുന്ന രണ്ടാമത്തെ കളിക്കാരനാണ് അശ്വിന്‍.
2015 ലോകകപ്പ് ടീമിലും അശ്വിന്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍, എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി, ഇന്ത്യയെ സെമിഫൈനലില്‍ എത്തിക്കുന്നതില്‍ അശ്വിന്‍ നിര്‍ണായക പങ്ക് വഹിച്ചു.
115 ഏകദിനങ്ങളില്‍ നിന്ന് 155 വിക്കറ്റുകളും ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 707 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ്. സിറാജ്, കുല്‍ദീപ് യാദവ്