ലഖ്‌നൗ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ജീവൻ മരണ പോരാട്ടമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്. ഈ ലോകകപ്പിന്റെ തുടക്കം അവർക്ക് അത്ര നല്ലതല്ല. കളിച്ച അഞ്ചിൽ നാലിലും പരാജയം, കേവലം രണ്ടുപോയിന്റുമായി പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചാമ്പ്യന്മാർ.
ഇന്ത്യയെ നേരിടുമ്പോൾ സമ്മർദം മുഴുവൻ ഇംഗ്ലണ്ടിനാണ്. ജയിച്ചില്ലെങ്കിൽ വിദൂരമായുള്ള ഒരു സെമി സാധ്യത പോലും ഇനി ഉണ്ടാകില്ല. ടോസ് നിർണായകമായ ലഖ്‌നൗ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരെ നേരിടാനുള്ള, മുന്നൊരുക്കം ഇന്നലെ പരിശീലനത്തിടയിലും ഇംഗ്ലണ്ട് താരങ്ങൾ നടത്തി. ആർ അശ്വിൻ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ എത്തിയാൽ, നേരിടാനായി ബെൻ സ്റ്റോക്ക്‌സിന്റെ ഓഫ് സ്പിൻ പന്തുകൾ ഇന്നലെ നെറ്റ് പ്രാക്ടീസിനിടയിൽ നിരന്തരം പരിശീലിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലർത്താത്ത ടീമിന് തിരിച്ചുവരവിനുള്ള അവസാന സാധ്യതയാണ് ഇന്നത്തെ മത്സരം.