ലങ്കയും കടന്ന് സെമിയുറപ്പിക്കാൻ ഇന്ത്യ; തോറ്റാൽ ശ്രീലങ്ക പുറത്തും

ഒരു മാസം മുൻപ് ഏഷ്യാകപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി നേർക്കുനേർ വന്നത്.

New Update
1395502-ok-fresh.webp

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. കളിച്ച ആറു മത്സരങ്ങളിൽ ആറിലും വിജയം കണ്ട ഇന്ത്യ, അപരാജിത കുതിപ്പ് തുടരാൻ ഒരുങ്ങുമ്പോൾ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിനാണ് മത്സരം.

Advertisment

ഒരു മാസം മുൻപ് ഏഷ്യാകപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി നേർക്കുനേർ വന്നത്. അന്ന് മുഹമ്മദ് സിറാജിന്റെ ബൗളിംഗ് കരുത്തിൽ 50 റൺസിന് ലങ്കയെ ഇന്ത്യ എറിഞ്ഞിട്ടുന്നു. ലോകകപ്പിലെ ആദ്യം മൂന്ന് മത്സരവും തോറ്റാണ് ശ്രീലങ്ക തുടങ്ങിയത്. പിന്നീട് നെതർലന്റസ് , ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തിയെങ്കിലും,അഫ്ഗാന് മുമ്പിൽ വീണ്ടും പതറി. ഇനിയുള്ള മത്സരങ്ങളിൽ എല്ലാം വിജയിച്ചാലും അവസാന നാലിലത്താൻ, പോയിന്റ് ടേബിളിലെ കണക്കുകൂട്ടലുകളും നിർണായകമാകും.

സ്ഥിരത പുലർത്താത്ത ബാറ്റിങ് നിരയാണ് ലങ്കക്ക് വിനയായത്. ഏതുനിമിഷവും തകരാവുന്ന ലങ്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാരെ എങ്ങനെ പ്രതിരോധിക്കും എന്നതാവും കളിയുടെ ഗതി നിർണയിക്കുക. ദിമുത് കരുണരത്ന, പത്തും നിശങ്ക, കുശാൽ മെൻഡിസ് എന്നിവരുടെ കരുത്തിൽ ഈ ലോകകപ്പിൽ തന്നെ രണ്ടുതവണ ശ്രീലങ്ക 300ന് മുകളിൽ റൺസ് നേടിയിട്ടുണ്ട്. പക്ഷേ, മുഹമ്മദ് സിറാജിനെയും, ഉജ്ജ്വല ഫോമിലുള്ള മുഹമ്മദ് ഷമിയെയും, ജസ്പ്രീത് ബുംറയെയും പ്രതിരോധിക്കുക ലങ്കൻ ബാറ്റർമാർക്ക് അത്ര എളുപ്പമാകില്ല.

മറുവശത്ത്, ആർക്കും തടയാൻ കഴിയാത്ത വിജയ കുതിപ്പുമായാണ് ഇന്ത്യ ഇതുവരെ എത്തിയത്. ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും കെ.എൽ രാഹുലും അവസരത്തിന് ഉയരുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ രണ്ടു മത്സരത്തിലും ഷോർട്ട് ബോളിൽ പുറത്തായ ശ്രേയസ് അയ്യർ, വാങ്കടേയിൽ ഷോർട്ട്പിച്ച് പന്തുകളിൽ കൂടുതൽ പരിശീലനം നടത്തി. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മൂന്നുപേസ് ബൗളർമാരുമായി തന്നെയാകും ഇന്ത്യ ഇന്നും ഇറങ്ങുക. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്ന് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

കുറഞ്ഞ റൺസിന് പുറത്തായാലും ബൗളിങ് കരുത്തിൽ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തിൽ ഇന്ത്യ തെളിയിച്ചതാണ്. പേസ് നിരക്ക് പുറമേ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും, അവസരത്തുനൊത്ത് ഉയരുമെന്ന് മുൻ മത്സരങ്ങളിലും കണ്ടതാണ്. ലങ്കയും കടന്ന് സെമിയുടെ വാതിൽ തുറക്കാൻ വാങ്കഡെയിൽ ഇന്ത്യക്കാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

world cup
Advertisment