ഒമ്പതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെതിരെ

മത്സരത്തിൽ ചില മുതിർന്ന താരങ്ങൾക്ക്‌ ഇന്ത്യ വിശ്രമം നൽകിയേക്കും.

New Update
1397191-ind.webp

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ ചില മുതിർന്ന താരങ്ങൾക്ക്‌ ഇന്ത്യ വിശ്രമം നൽകിയേക്കും.

Advertisment

നിലവിൽ 16 പോയിൻറുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഇന്ത്യ സെമി കളിക്കാനിരിക്കുകയാണ്. എന്നാൽ കേവലം നാലു പോയിൻറുമായി അവസാന സ്ഥാനത്താണ് നെതർലൻഡ്. പക്ഷേ ലോകകപ്പിൽ രണ്ട് വിജയങ്ങൾ ഓറഞ്ച് പട സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതെത്തിയ ദക്ഷിണാഫ്രിക്കയെ 38 റൺസിനാണ് അവർ തോൽപ്പിച്ചു വിട്ടത്. ഒക്‌ടോബർ 17ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡച്ചുകാർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയെ 207 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു ടീം. ഒക്‌ടോബർ 28ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഡച്ച് പട വീഴ്ത്തി. 87 റൺസിനാണ് നെതർലൻഡ്‌സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 229 റൺസ് നേടിയ ടീം ബംഗ്ല കടുവകളെ 142 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു.

അതേസമയം, നിർണായക മത്സരങ്ങൾ കഴിഞ്ഞതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പായി. ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെർത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബർ 15 മുംബൈ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

world cup
Advertisment