ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക-ബംഗ്ലാദേശ് പോരാട്ടം

ഇന്ന് മത്സരിക്കാൻ ഇറങ്ങുമ്പോൾ ആരാധകർക്കൊരു മികച്ച വിജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

New Update
1396157-srilanka-vs-bangladesh.webp

ഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യൻ ടീമുകളായ ശ്രീലങ്കക്കും ബംഗ്ലാദേശിനും ടൂർണമെന്‍റില്‍ ഇനി പ്രതീക്ഷകൾ ഒന്നും ബാക്കിയില്ല. ഇന്ന് മത്സരിക്കാൻ ഇറങ്ങുമ്പോൾ ആരാധകർക്കൊരു മികച്ച വിജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. പഴയ കാലത്തിന്‍റെ നിഴൽ മാത്രമായിരുന്നു ശ്രീലങ്ക ഇത്തവണ ലോകകപ്പിൽ... ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയോടെ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ലങ്കക്കായിട്ടില്ല. കൂടാതെ പരിക്കും വില്ലനായി എത്തിയതോടെ ടീമിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

Advertisment

അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിരക്കെതിരെ പിടിച്ച് നിൽക്കാൻ പാടുപ്പെട്ട് 55 റൺസിന് പുറത്തായ ശ്രീലങ്കക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് വിജയം നേടിയെടുത്തേ മതിയാകൂ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വൻ മുന്നേറ്റം പ്രവചിച്ച ടീമായിരുന്നു ബംഗ്ലാദേശ്. എന്നാൽ അഫ്ഗാനെതിരെ വിജയിച്ച് തുടങ്ങിയ ടീമിന് പിന്നീട് ഒരു മത്സരങ്ങളിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റാങ്കിങ്ങിൽ തങ്ങളേക്കാൾ പുറകിലുള്ള നെതർലൻഡ്സിനോടും പോലും ദയനീയ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. താരങ്ങൾ തമ്മിലുള്ള ഒത്തിണക്കമില്ലായ്മയാണ് ടീം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സീനിയർ താരങ്ങളായ ഷാകിബ് അൽ ഹസൻ ഉൾപ്പെടെയുള്ളവർ പ്രതീക്ഷക്കൊത്ത് ഉയരാഞ്ഞതും ബംഗ്ലാദേശിന് തിരിച്ചടിയായി. ലോകകപ്പിലെ നേർക്കുനേർ കണക്കിൽ ലങ്കക്കാണ് മുൻതൂക്കം. നാല് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചപ്പോൾ ബാക്കി മൂന്നെണ്ണത്തിലും ശ്രീലങ്ക വിജയം നേടി.

world cup
Advertisment