ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധ സെഞ്ച്വറി നേടിയത് ചരിത്ര റെക്കോഡായി. ആദ്യമായാണ് ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റർമാരും 50ന് മുകളിൽ റൺസടിക്കുന്നത്. നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരാണ് അർധസെഞ്ച്വറി കടന്നത്. ഇവരിൽ അയ്യരും രാഹുലും സെഞ്ച്വറിയും തികച്ചു.
കെഎൽ രാഹുലിന്റെ സെഞ്ച്വറിക്ക് മറ്റൊരു റെക്കോർഡും ലഭിച്ചു. 62 പന്തിൽനിന്ന് സെഞ്ച്വറി നേടിയതിലൂടെ ലോകകപ്പിൽ ഇന്ത്യൻ ബാറ്ററുടെ അതിവേഗ ശതകമെന്ന നേട്ടമാണ് താരം കൊയ്തത്. ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയവരല്ലാം അവരുടേതായ റോൾ കൃത്യമായി നിർവഹിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ 410ലെത്തിയത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കെഎൽ രാഹുലിന് പുറമേ ശ്രയസ് അയ്യരും സെഞ്ച്വറി നേടി.