ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പായി. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെർത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബർ 15 മുംബൈ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.
ആകെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്. ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതും അവരുടെ സെമി എതിരാളികളായ ഓസ്‌ട്രേലിയ മൂന്നാമതുമാണ്. ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡ് നാലാം സ്ഥാനത്തായാണ് സെമിയിലെത്തിയത്.
സെമി ഫൈനലിൽ ഇടം നേടാൻ കൂറ്റൻ വിജയം വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്. തുടർച്ചയായ അഞ്ചാം തവണയാണ് അവർ സെമി ഫൈനലിലെത്തുന്നത്.