കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വമ്പൻ ജയം. ജയിച്ചെങ്കിലും സെമി സാധ്യത നേരത്തെ ഇല്ലാതായ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മടങ്ങാം. പാക് ജയത്തിനൊപ്പം ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോഗ്യതയും സ്വന്തമാക്കി.
ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ 43.3 ഓവറിൽ 244 റൺസിനു പുറത്തായി. സെമിയിൽ പ്രവേശിക്കാൻ വൻ മാർജിനിൽ ജയം വേണ്ടിയിരുന്ന പാക്കിസ്ഥനും നാട്ടിലേക്ക് മടങ്ങാം.
10 റൺസ് ചേർക്കുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാരായ അബ്ദുല്ല ഷഫീഖിനേയും (0) ഫഖർ സമാനേയും (1) നഷ്ടമായി. ഇരുവരെയും ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ബാബർ അസം 45 പന്തിൽ 38 റൺസുമായി മടങ്ങി. 36 റൺസെടുത്ത മഹമ്മദ് റിസ്വാനെ മോയീൻ അലി ക്ലീൻ ബോൾഡാക്കി. സൗദ് ഷക്കീലും (37 പന്തിൽ 29) സമാനമായ രീതിയിൽ പുറത്തായി.
സൽമാൻ അലി ആഖ അർധ സെഞ്ചറി നേടിയെങ്കിലും ഫലമുണ്ടായില്ല. ഇഫ്തിഖർ അഹമ്മദ് (5 പന്തിൽ 3), ഷദാബ് ഖാൻ (7 പന്തിൽ 4) എന്നിവർ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. 23 പന്തില്‍ 25 റൺസ് ഷഹീൻ അഫ്രിദി നേടി.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കു വീഴ്ത്തി. ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൻ, മോയീൻ അലി എന്നിവർ രണ്ട് വിക്കറ്റു വീതവും ക്രിസ് വോക്സ് ഒരുവിക്കറ്റും സ്വന്തമാക്കി.