അടുത്ത ലോകകപ്പിൽ, ലൂക്കാ മോഡ്രിച്ചിന് പ്രായം 41 ആകും. ക്രൊയേഷ്യയെ നയിക്കാൻ അദ്ദേഹമുണ്ടാകില്ല. അവസാന ലോകകപ്പിൽ കിരീടമെന്ന മോഹം ബാക്കിയാക്കി യാത്ര പറയുന്ന മുൻനിര താരങ്ങളിൽ മോഡ്രിച്ചുമുണ്ട്. എങ്കിലും ക്രൊയേഷ്യയ്ക്ക് ആശ്വസിക്കാം, മൂന്നാം സ്ഥാനം നേടി നായകനെ യാത്രയയപ്പ് നൽകാനായതിൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മൊറോക്കോയെ 2-1 ന് കീഴ്പ്പെടുത്തിയാണ് ക്രയേഷ്യയുടെ വിജയം.
ലയണല്‍ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ക്രൊയേഷ്യൻ ഫുട്ബോളിൽ ഒരു യുഗത്തിന്റെയും മഹത്തായ കരിയറിന്റെയും അവസാനം കൂടിയാണ് മോഡ്രിച്ചിന്റെ വിടപറച്ചിൽ. ലോക ഫുട്ബോളിൽ ക്രൊയേഷ്യ ഇന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലൂക്ക മോഡ്രിച്ച് എന്ന നിശബ്ദ നായകൻ കാരണമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരൻ ആരെന്ന് ചോദിച്ചാൽ മോഡ്രിച്ച് എന്ന് ഉറപ്പിച്ച് പറയാം.
മോഡ്രിച്ചിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ലോകകപ്പിനാണ് ക്രൊയേഷ്യ ഇക്കുറി എത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് കപ്പിനും ചുണ്ടിനുമിടയിൽ മോഡ്രിച്ചിനും ക്രൊയേഷ്യയ്ക്കും കിരീടം നഷ്ടമായി. ഇക്കുറിയും ഫൈനൽ സ്വപ്നം കണ്ടായിരുന്നു 37 കാരനായ നായകനും പടയാളികളും ലോക പോരാട്ടത്തിന് എത്തിയത്. എന്നാൽ ഇക്കുറിയും ഭാഗ്യം തുണച്ചില്ല. എങ്കിലും മൂന്നാം സ്ഥാനക്കാരെന്ന ഖ്യാതി നേടാനായി. സെമി ഫൈനലിൽ മെസിയുടെ അർജന്റീനയോടായിരുന്നു ക്രൊയേഷ്യ പരാജയപ്പെട്ടത്.
2018 ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാരനായിരുന്നു മോഡ്രിച്ച്. ആ വർഷം തന്നെ ലയണൽ മെസിയുടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആധിപത്യം തകർത്ത് ബാലൺ ഡി ഓർ ഫുട്ബോൾ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ‘ഞങ്ങള്‍ ലോകം കീഴടക്കിയിരിക്കുന്നു. പുതുതലമുറയ്ക്ക് പ്രചോദനം നല്‍കിയാണ് മടങ്ങുന്നത്’. എന്നായിരുന്നു അന്ന് മോഡ്രിച്ച് പറഞ്ഞത്.
ക്രൊയേഷ്യ എന്ന രാജ്യത്തേയും മോഡ്രിച്ച് എന്ന മാന്ത്രികനേയും വല്ലാതെ അറിഞ്ഞാൽ മാത്രമേ ആ വാക്കുകളുടെ അർത്ഥം പൂർണാർത്ഥത്തിൽ മനസ്സിലാകുകയുള്ളൂ. ക്രൊയേഷ്യക്കാർക്ക് പത്താം നമ്പർ എന്നാൽ മെസിയല്ല, മോഡ്രിച്ചാണ്. സ്വതന്ത്ര്യ ക്രൊയേഷ്യയേക്കാള്‍ പ്രായമുണ്ട് ലൂക്കാ മോഡ്രിച്ചിന്. അദ്ദേഹം ജനിച്ച് ആറ് വർഷങ്ങൾക്കു ശേഷമാണ് ആ രാജ്യം സ്വതന്ത്രമാകുന്നത്.
അഭയാർത്ഥി ക്യാമ്പിലെ ബാല്യകാലത്തിൽ ഫുട്ബോളായിരുന്നു മോഡ്രിച്ചിന്റെ കൂട്ട്. ക്യാമ്പിന്റെ ചുറ്റുവട്ടത്ത് ബോൾ തട്ടി നടന്ന കുട്ടി വളർന്ന് വലുതായി ലോകഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് പന്തടിച്ചു കയറി.
ലോക ഫുട്ബോളിൽ കഠിനാധ്വാനവും സ്ഥിരതയും കൊണ്ട് എഴുതിവെക്കപ്പെട്ട പേരാണ് ലൂക്കാ മോഡ്രിച്ച്. അവസാന ലോകകപ്പിൽ അൽപം വേദനയോടെയെങ്കിലും അദ്ദേഹം മടങ്ങുമ്പോൾ ക്രോയേഷ്യയും ഫുട്ബോളിനെ സ്നേഹിക്കുന്നവരും ഉറക്കെ പറയും, നന്ദി ലൂക്കാ, അവിസ്മരണീയമായ ഒരു കാലത്തിന്…