ശൂന്യതയിൽനിന്ന് ഭൂമി ഉണ്ടായ രാത്രി…

സത്യം ഡെസ്ക്
Saturday, January 23, 2021

-ജാസ്മിൻ സമീർ

സാങ്കേതിക വിദ്യ പാളി
ദിക്കറിയാതെ
വഴിമുട്ടി നിൽക്കുന്ന
വിമാനം കണ്ടിട്ടുണ്ടോ ?

അതിനുള്ളിലെക്കാഴ്ച്ചയിൽ
പ്രതീക്ഷ കെടാതെ വൈമാനികൻ
നിശ്ശബ്ദം കോക്ക്പിറ്റിൽ പരതി
ഉടൻ ശരിയാകുമെന്ന ശുഭാപ്തി;
ഹെഡ്സെറ്റ് അഴിക്കുന്നു
വിമാനസേവികയോട്
സ്വകാര്യമെന്തോ പറയുന്നു.
വിയർപ്പാറ്റി
ഇന്ധനസൂചികയിൽ
ഭയന്നു നോക്കുന്നു

വർഷാവസാന രാത്രിയാണ്
പുതുവർഷപ്പുലരിയിലുണരാൻ
പുതുകാലസ്വപ്നം കണ്ടുറങ്ങുന്ന വർ….

മിടിപ്പ് കൂടിയിട്ടും
മധ്യവയസ്ക സേവിക
ചിരിച്ചുപകർന്നു
ലഹരിപാനീയങ്ങൾ,
ഭക്ഷണം ഇഷ്ടാനുസരണം….

മുൻഭാഗത്തെ
സമ്പന്നനിരയിൽ
വോഡ്ക നുണഞ്ഞിരുന്ന വൃദ്ധന്
ശ്വസന തടസ്സമുണ്ടാകയാൽ
യാത്രികരുടെ കാഴ്ച്ച
മുന്നിലേക്ക് പായും.
വഴി തെറ്റിയ വിമാനമാണിത്…….

വൃദ്ധൻ ശ്വാസം കിട്ടാതെ
പിടഞ്ഞുകൊണ്ടേ ഇരുന്നു
ശ്രദ്ധാകേന്ദ്രം അയാളാകുമ്പോൾ
വ്യോമ പാത നേരെയാക്കാൻ
വൈമാനികൻ ശ്രമിക്കും.
അന്നേരമാകും വലംമധ്യത്തിലെ യുവതി
പേറ്റുനോവിനാൽ കരയുന്നത്

രാവൊടുങ്ങി
പുലരി പിറക്കാൻ നേരം
യാത്രികർ ഭയക്കും,
പുലരി കാണാത്ത
ഒടുവിലെ പാതിരയാണെന്ന്!
വേദനയിൽ പുളയുന്ന യുവതിയെ
യാത്രികർ സമാധാനിപ്പിക്കും.
മാതൃസ്നേഹവും
സോദരീ കരുണയും
ഉള്ളിലുണരും…

ദിശതെറ്റിയ വ്യോമയാനം
കളിനൗകപോലെ
ഇടംവലം ചായും.

ഇടംവലം ഇഷ്ടമായവർ
വിയർക്കുമ്പോൾ
കൂട്ടത്തിലൊരാൾ
ഒരു ശോകഗാനം മൂളും.
ഇടം വാതായനത്തിൽ
മുഖമമർത്തിക്കരയുന്നൊരാൾ.
പുതുപ്പിറപ്പിന്റെ മഹാരോദനത്തിൽ
വ്യർഥവിലാപം അലിഞ്ഞുമായും
അയാളും അപ്രത്യക്ഷമാകും……

ഭയം സേവകരെ
ഉഴറ്റുമ്പോൾ
ആകാശത്തിരുട്ടിൽ
പെട്ടെന്നൊരു തീ ചീറ്റിയുയരും
അതിന്റെ ദ്രുതപ്രകാശത്തിൽ
വൈമാനികനു മുന്നിൽ ദിശ
പ്രതീക്ഷയായ് മിന്നിമറയും
അപ്പോൾ
ആഘോഷത്തിൻറെ ചിരിയും
ആഘാതത്തിൻ്റെ വിതുമ്പലും
ഒന്നിച്ചുയരും
വാദ പ്രതിവാദങ്ങൾ
കായികസംഘർഷങ്ങൾ
ന്യായാ ന്യായതർക്കവിതർക്കങ്ങൾ.
വ്യോമയാനത്തെ തീ പിടിപ്പിക്കുന്നു

പരിഭ്രാന്തനായ പൈലറ്റ്
പരിചാരകരെക്കാണാതെ
പുറത്തിറങ്ങുമ്പോൾ
ശൂന്യമായ ഇരിപ്പിടങ്ങൾ മാത്രം കാണും
യാനപാത്രശൂന്യതയിൽ മനമുടഞ്ഞ്
സ്വയംഹത്യയിലേക്ക് അയാൾ കൂപ്പുകുത്തും…..

സാരഥിയില്ലാതെ
നിപതിക്കുന്ന വിമാനം
കൊള്ളിമീൻ പോലെ
വിണ്ണിനെ ജ്വലിപ്പിക്കും
വെടിക്കെട്ട് മേഘരഹിതവാനിനെ
വർണ്ണാഭമാക്കും
ഒരു ചെറുതിരി നാളമായ്
യാനവുമതിലലിയും
കരിന്തിരകൾക്കൊപ്പം യാത്രികർ
വിലാപ നക്ഷത്രങ്ങളായ് പതിക്കും.
വർണ്ണപ്പനിനീർപ്പൂക്കളായ് വിടരും.

അങ്ങനെയാണ് ഭൂമിയുണ്ടായത്
ആ രാത്രിയാണ് അത് നടന്നത്…!

 

 

×