Advertisment

അകമ്പടിക്കാരനായി യൂ.എ. ഖാദർ കുവൈറ്റിൽ

New Update

publive-image

Advertisment

പ്പറേഷൻ ഡിസേർട് എന്ന പേരിൽ അറിയപ്പെട്ട രണ്ടാം ഗൾഫ് യുദ്ധത്തിന് ശേഷമാണു തൃക്കോട്ടൂർ പെരുമയുടെ കഥാകാരൻ എന്റെ അഥിതിയായി കുവൈറ്റിൽ എത്തുന്നത്. ഞങ്ങളോടപ്പം താമസിച്ച ആ പത്തുദിവസങ്ങളിൽ പറഞ്ഞതിലധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ അനുഭവങ്ങളായിരുന്നു . ഏഴുവയസ്സുകാരനെ തോളിലേറ്റി ഐരാവതി നദീതീരത്തുനിന്നും കാൽനടയായി കൊയിലാണ്ടിയിലേക്ക് പാലായനം ചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങൾ.

അക്കാലത്തെ പാലായനത്തിന്റെ കഥകൾ അയവിറക്കാൻ കാരണമായത് ഇറാഖികൾ കുവൈറ്റിലേക്ക് അധിനിവേശം നടത്തിയതിനെ തുടർന്നുണ്ടായ യുദ്ധവും പിന്നീട് നിൽക്കക്കള്ളിയില്ലാതെ ഭരണാധികാരികളടക്കം സ്വദേശീയരിൽ പലരും ചില വിദേശീയരും കുവൈറ്റിൽ നിന്നും പലായനം ചെയ്ത സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വേണ്ടിയായിരുന്നു.

ഏതൊരു പലായനക്കാരന്റെ മനസ്സിലും പറയാതെ മനഃപൂർവം മറച്ചുവെക്കുന്ന ചില സംഭവങ്ങളുണ്ടാവും. ഒരു വംശഹത്യയുടേയോ, ഒഴിഞ്ഞ വയർ നിറക്കാനായി ശരീരം വിറ്റതിന്റെയൊ, വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുമ്പോൾ നടത്തുന്ന തട്ടിപ്പറിയുടെയും കളവിന്റെയും പറയാത്ത കഥകൾ.

കുവൈറ്റിൽ നിന്നുള്ള പാലായനത്തിൽ ഞാനുമുണ്ടായിരുന്നു. പതിനാലുദിവസം ഇറാഖികൾ എന്നെ ബന്ദിയാക്കിയശേഷം ആദ്യം അമ്മാൻ വഴിയും , പിന്നീട് ബസറ, തക്രീത്, ബാഗ്ദാദ് വഴി തുർക്കിയുടെ മണ്ണിലൂടെ നാട്ടിലെത്തിയ എന്റെ പാലായനത്തിന്റെ അനുഭവങ്ങൾ അവിസ്മരണീയമായിരുന്നു.

publive-image

(കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഗണപതിയോടൊപ്പം യു.എ.ഖാദറും ലേഖകൻ ഹസ്സൻ തിക്കോടിയും)

ഖാദർക്കയെ ആദ്യമായി കാണുന്നത് തിക്കോടിയിൽ വെച്ചായിരുന്നു. എന്റെ കല്യാണത്തിന്റെ ആദ്യനാളുകളിൽ തിക്കോടി ബസാറിലെ നാണു വൈദ്യരുടെ വൈദ്യശാലക്കുമുമ്പിൽ ബസ്സുകാത്തുനിൽക്കുകയായിരുന്നു ഞങ്ങൾ. ശതാവരിക്കിഴങ്ങിന്റെയും കുറുന്തോട്ടിയുടെയും ധന്വന്തരം കുഴമ്പിന്റെയും ദശമൂലാരിഷ്ടത്തിന്റയും മണം തങ്ങിനിൽക്കുന്ന തിക്കോടിയിലെ കൊച്ചു ബസാർ. തറിക്കല്ലിൽ പച്ചമരുന്ന് തറിക്കുന്ന വൈദ്യന്മാരുടെ മരുന്നുകടകൾ ബസ്റ്റോപ്പിന് മുമ്പിലും പിമ്പിലുമായുണ്ട്.

മരുന്ന് തറിക്കുന്ന കിട്ടുക്കുറിപ്പിന്റെ കൈവിരലുകൾ ഒരിക്കലും മൂർച്ചയേറിയ കനത്ത കത്തിയിൽ കൊണ്ടിരുന്നില്ല. ഒരഭ്യാസം പോലെ ചുറ്റുമുള്ളതെല്ലാം അയാൾ നോക്കിക്കണ്ടുകൊണ്ടു മരുന്ന് കഷണങ്ങൾ മുറിക്കുന്നത് കാണാൻ ഞങ്ങൾ നാട്ടുകാർക്ക് കൗതുകമായിരുന്നു. കിട്ടുക്കുറിപ്പിന്റെ കൈവിരൽ മുറിഞ്ഞ ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.

തിക്കോടിയിലെ വെറ്റിലച്ചന്തയുടെ ഓരം ചേർന്നായിരുന്നു രാഘവൻ വൈദ്യരുടെ മരുന്നുകട. അതിനപ്പുറം തിക്കോടി റയിൽവേ സ്റ്റേഷനും കടന്നു ചരൽ വിരിച്ച നിരത്തിലൂടെ പതിയെ നടന്നുവരുന്ന ഒരാണിനെയും പെണ്ണിനേയും ഞാൻ കണ്ടു. അതിൽ പുരുഷൻ ഒരസാധാരണ മനുഷ്യനായിരുന്നു. പതിഞ്ഞ മൂക്കും, ഇറുകിയ കണ്ണുകളുമുള്ള ഒരു വെളുത്ത മനുഷ്യൻ, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. കൂടെയുള്ള എന്റെ ഭാര്യയോട് സ്വകാര്യമായി പറഞ്ഞു:

“ആ വരുന്ന മനുഷ്യൻ ബർമക്കാരനാണ്, തിക്കോടിക്കാരിയെയാണ് കല്യാണം കഴിച്ചത്.”

കൗതുകത്തോടെ അയാളെ നോക്കിനിൽക്കെ ഭാര്യ ചോദിച്ചു:

“അയാൾക്ക് മലയാളം അറിയോ?”

ഞാൻ ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അയാളാണ് പ്രശസ്തനായ സാഹിത്യകാരൻ യൂ.എ.ഖാദർ”. അവൾ അത്ഭുതത്തോടെ ആ ദമ്പതികളെ ഏറെനേരം നോക്കിനിന്നു.

അന്ന് ഞങ്ങൾ ഒരേ ബസ്സിലാണ് കയറിയത്. അദ്ദേഹം കൊയിലാണ്ടിയിൽ ഇറങ്ങും മുമ്പ് കൗതുകം മാറാതെ ഞാൻ അപരിചിതനായ ആ മനുഷ്യനെ ഭാര്യക്ക് പരിചയപ്പെടുത്തി. വിനയത്തോടെ അതിലേറെ ഭവ്യതയോടെ ചുരുങ്ങിയ വാക്കുകളിൽ അവർ ഞങ്ങളെ തിക്കോടിയിലെ വീട്ടിലേക്കു വരാൻ ക്ഷണിച്ചു.

പിന്നീട് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ബാപ്പയുടെ ജന്മസ്ഥലമായ കൊയിലാണ്ടിയിലെ ഉസ്സങ്ങന്റകത്തും എന്റെ ബാപ്പയുടെ തറവാടായ ബറാമിന്റെവിടവും അതിനടുത്ത അമ്പക്കാന്റെകവും അടുത്തടുത്തായിരുന്നു. ഖാദർക്ക താമസിച്ച അമേത്തുവീട്ടിലും ചെറുപ്പത്തിൽ കളിക്കാൻ ഞാൻ പോവാറുണ്ടായിരുന്നു.

തിക്കോടിയിലെ വൈദ്യന്മാരുടെ ചരിത്രങ്ങൾ പരസ്പരം പങ്കുവെച്ചു. തിക്കോടിയിലെ ആവിക്കലിൽ പൊങ്ങുന്ന അജ്ഞാത മൃതദേഹങ്ങളുടെ കാണാപ്പുറകഥകൾ വിവരിച്ചു തന്നു. ആദ്യമൊന്നും ഖാദർക്കയുടെ കഥളുടെയും കഥാപാത്രങ്ങളുടെയും പൊരുൾ എനിക്ക് മനസ്സിലായിരുന്നില്ല. കാരണം മലയാള ഭാഷയിൽ ഒരു വടക്കൻ കഥാഖ്യാനരീതിയോട് പൊരുത്തപ്പെടാൻ ഇത്തിരി പ്രയാസമായിരുന്നു. മലബാറിന്റെ കഥകളാണേറെയും, പ്രത്യേകിച്ച് വടക്കൻ മലബാറിലെ വാക്കുകളും വചനങ്ങളും പ്രതിഭാശാലിയായ ഖറദാറിന് പക്ഷെ മറ്റാർക്കും അവകാശപ്പെടാനാവാത്ത സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാൻ കഴിഞ്ഞു.

മണ്ണടിഞ്ഞുപോയൊരു സംസ്കാരത്തിന്റെ ഉപരിഘടനയുടെ കരുത്തുള്ള ചില സ്മാരകശിലകൾ തൃക്കോട്ടൂരിന്റെ ഭൂമികയിൽ നിന്ന് ചികഞ്ഞെടുക്കാൻ ഖാദർ ശ്രമിച്ചു. മണ്മറഞ്ഞ യാഥാർഥ്യങ്ങളെ തട്ടിമിനുക്കി വടക്കൻ പാട്ടിന്റെ പാരമ്പര്യവും പഴം പുരാണങ്ങളുടെ വേരോട്ടവുമുള്ള തൃക്കോട്ടൂർ പെരുമ കൊട്ടിഘോഷിക്കാൻ ഖാദറിന് അധിക ദൂരമൊന്നും സഞ്ചരിക്കേണ്ടിവന്നില്ല. തന്റെ ഭാര്യവീടിനു ചുറ്റിലും തിക്കോടി അങ്ങാടിക്കപ്പറത്തെ ആവിക്കരയിലും അലഞ്ഞു നടക്കുന്ന യക്ഷികളെ അയാൾ തേടിപ്പിടിച്ചു കഥാപാത്രങ്ങളാക്കി. അക്കാലത്തു പേറ്റുനോവ് കാട്ടുന്ന വീട്ടിൽ ആരും വിളിക്കാതെ കയറിച്ചെന്ന് ഗർഭിണികളുടെ രക്ഷകയായി ഗ്രാമത്തെ സ്നേഹിച്ച പേറ്റിച്ചിയുടെ കഥയും ഖാദർ പറഞ്ഞുതന്നിട്ടുണ്ട്.

തൃക്കോട്ടൂർ കഥാകാരന് മെക്സിക്കൻ ശൈലിയിലുള്ള മാജിക്കൽ റിയലിസം വടക്കൻ ഭാഷയിലൂടെ അവതരിപ്പിക്കാനായി എന്നത് കൗതുകകരമാണ്. സമൂഹചേതനയുടെ ഉല്പന്നമാണ് മിത്ത്. യാഥാർഥ്യവും ഫാന്റസിയും ഇഴുകിച്ചെന്നതിനാലാണ് ചിരുതക്കുട്ടിയുടെ തിയ്യൻ ഒന്നാംതരം കഥാപാത്രമായത്. ചിരുത്തകുട്ടിക്ക് അബ്ദുൾറഹിമാൻ ഹാജിയുമായുള്ള അവിഹത വേഴ്ച അറിഞ്ഞയുടൻ കണാരൻ അവളെ ഒറ്റച്ചവിട്ടിനു കൊന്നു കെട്ടിത്തൂക്കിയത് ആവിക്കരയിലേ ആൾപ്പാർപ്പില്ലാത്ത വീട്ടിലായിരുന്നു. ആ വീട്ടിലാണ് പിന്നീട് പേറ്റിച്ചി ലക്ഷികുട്ടി താമസമാക്കിയത്.

ഖാർക്കയുടെ ഭാഷാ ശൈലി അനുകരണീയമല്ല. “കളിപ്പലകയും കരുക്കളും പണ്ടുള്ളവർ ഇട്ടേച്ചുപോയ കോപ്പുകൾ. മെനിക്കണ്ടപ്പനായലഞ്ഞതോ, പൂർവികർ ചുവടുറപ്പിചങ്കം വെട്ടിയും, ചുരിക ചുഴറ്റിചവിട്ടിയും ചുവപ്പിച്ച കരളിമുറ്റങ്ങളിൽ, ദൈവക്കരുത്തുടയ വീരന്മാരുടെ അഞ്ചടിപ്പാട്ടുകൾ മുഴങ്ങും ഗ്രാമപ്പച്ചപ്പുകളിലെ കാവുംകണ്ടങ്ങളിൽ തീണ്ടി നടന്നാളവാനും ആശിച്ചു. ഉണ്മയുടെ ഊറ്റം കൂടി വാണുറയും തട്ടകം ഇവനെയണച്ചു പൂട്ടി. അതിനാലിവൻ എഴുതുന്നതെല്ലാം പണ്ടു പാണനാർ കൊട്ടിപ്പാടിപറഞ്ഞു പൊലിപ്പിച്ച പഴങ്കഥപ്പെരുമകൾ. ഇവന്റെ നിയോഗം ജന്മകർമ്മ സംയോഗം. ശിവോഹം.” യൂ .എ .ഖാദർ ഒരു നോവൽ സംഹാരത്തിന്റെ തുടക്കത്തിൽ കുറിച്ച് വെച്ച വാക്കുകളാണിവ.

“ഇതാണ് ഖാദർക്കയുടെ ആഖ്യാനശൈലി. മലയാള സാഹിത്യത്തിൽ മറ്റാർക്കും അനുകരിക്കാനാവാത്ത സ്വയം തീർത്ത വടക്കൻമലബാറിലെ “ഖാദർശൈലി”. വൈക്കം മുഹമ്മദ് ബഷീറിന് മാത്രമേ മലയാള ഭാഷയിൽ “ബഷീറിയൻ” ശൈലി ഉണ്ടായിട്ടുള്ളൂ. എം.ടി.യും തകഴിയും, എം. മുകുന്ദനും വേറിട്ട മറ്റൊരു ശൈലിയുടെ ഉടമകളാണ്. പക്ഷെ ബഷീറും , ഖാദറും മറ്റാർക്കും അനുകരിക്കാനാവാത്തവിധം മലയാള സാഹിത്യത്തിൽ പടർന്നു പന്തലിച്ച ഉപമയില്ലാത്ത ശൈലിയുടെ വ്യക്തിത്വങ്ങളാണ്.

കുവൈറ്റിൽ ചെലവഴിച്ച പത്തുദിവസങ്ങളിൽ അദ്ദേഹം ഒരു പാട് സാഹിത്യ സദസ്സുകളിൽ പങ്കെടുത്തിരുന്നു. കുവൈറ്റിലെ “കല” യുടെ ആദരം ഏറ്റുവാങ്ങി. അധിനിവേശവും യുദ്ധവും മുറിവേൽപ്പിക്കപ്പെട്ട കുവൈറ്റിലൂടെ, മരുഭൂമിയുടെ പെരുമകൾ വിവരിച്ചുകൊണ്ട് ഞങ്ങൾ എന്നും ചുറ്റിക്കറങ്ങി.

യുദ്ധകാലത്തിന്റെ അവശിഷ്ടങ്ങൾ അതേപടി സൂക്ഷിച്ച, 800-ലധികം എണ്ണകിണറുകൾ കത്തിച്ച ചിത്രങ്ങൾ പതിപ്പിച്ച കുവൈറ്റ് ഓയിൽ കമ്പനിയിലെ മ്യൂസിയത്തിൽ ഖാദർക്കയെ കൊണ്ടുപോയിരുന്നു. കെ.ജി.ഓ സി യുടെ അന്നത്തെ ചെയർമാനായ ഹാഷിം അൽ-രിഫായി അദ്ദേഹത്തിന് അവിടെ കുവൈറ്റിന്റെ പരമ്പരാഗത വിരുന്നൊരുക്കി സൽക്കരിച്ചു. കുഞ്ഞുമനസ്സിൽ പതിഞ്ഞ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മകൾ അദ്ദേഹം കണ്ട ചിത്രങ്ങളിൽ പതിഞ്ഞതായി പിന്നീട് എന്നോട് പറഞ്ഞു. എണ്ണക്കിണറുകൾ കത്തിച്ച അതെ ലാഘവത്തോടെ ബർമ്മയും യുദ്ധത്തിൽ ചുട്ടുകരിച്ചിരുന്നു.

എല്ലാ യുദ്ധവും വേദനകളാണ്, കഷ്ടങ്ങളും വേർപാടുകളും യാതനകളുമാണ് മനുഷ്യരാശിക്ക് സമ്മാനിക്കുന്നത്. ഏഴാം വയസ്സിൽ ഒരു വലിയ യുദ്ധത്തെ നേരിൽ കണ്ട ഒരു കുട്ടിയുടെ ദീനരോധനങ്ങൾ എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖാദറിനെ പ്രസവിച്ച മൂന്നാം നാൾ അമ്മയായ മാമൈഥി മരിക്കുന്നു, മുലപ്പാൽ പോലും കടമായിരുന്നു, ഉമ്മയുടെ അനിയത്തിയുടെ തണലിലാണ് ഏഴുവയസ്സുവരെ ജീവിച്ചത്. ബർമ്മയിൽ ഘോരയുദ്ധം തുടങ്ങിയപ്പോൾ സ്വന്തം കുഞ്ഞിനെ തോളിലേറ്റി ഉടുതുണിക്ക് മറുതുണിയില്ലാതെ റംഗൂണിൽനിന്നും ഉസ്സങ്ങാന്റകത്തെ മൊയ്ദീൻകുട്ടി നടത്തം ആരംഭിച്ചു. ലക്ഷ്യം മകനെ നാട്ടിൽ എത്തിക്കുകയായിരുന്നു.

കുവൈറ്റിൽ എന്നോടൊപ്പം ചെലവഴിച്ച നാളുകൾ ഹൃദ്യമായിരുന്നു. നാടോടിക്കഥകൾ പറയുന്ന ചാരുതിയോടെ അദ്ദേഹം ഒരു പാട് അനുഭവങ്ങൾ ഞാനുമായി പങ്കിട്ടു. കൊയിലാണ്ടിയിലെ എന്റെ കുട്ടിക്കാലവും, തിക്കോടിയിലെ ബാല്യകൗമാരവും, തൃക്കോട്ടൂർ തട്ടകവും, പറശ്ശിനിക്കടവുമുതൽ കോരപ്പുഴവരെയുള്ള നാട്ടുകാരുടെ സങ്കൽപ്പ ചരിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു.

കോവിഡ് കാലത്തു അമേരിക്കയിൽ അകപ്പെട്ടുപോയ എന്നെ അദ്ദേഹം ഓർത്തിരുന്നു. വാട്സാപ്പിലൂടെ അമേരിക്കയിലെ കോവിഡ് വിശേഷങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. “കോവിഡ് കാലത്തേ അമേരിക്കൻ അനുഭവങ്ങൾ” എഴുതാനുള്ള പ്രേരകശക്തി ഖാദർക്കയായിരുന്നു. എഴുത്തിലൂടെ അവിടത്തെ നിത്യ സംഭവങ്ങൾ മലയാളികളെ അറിയിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചിരുന്നു. 2020 നവംബറിൽ ലിപി ബുക്സ് പ്രസിദ്ധീകരിച്ച “കോവിഡ് കാലത്തേ അമേരിക്കൻ ഓർമ്മകൾ” എന്ന എന്റെ പുസ്തകം അദ്ദേഹത്തിന് നൽകി അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷെ കോവിഡ് ലോക്ഡൗൺ ആയതിനാൽ അത് സാധിക്കാതെപോയി.

ഞാനും ഭാര്യ ഫാത്തിമയും അദ്ദേഹത്തിന്റെ “അക്ഷരം” വീട്ടിൽ പോവുമ്പോഴെല്ലാം ഖാദർക്കയുടെ കുറെ പുസ്തകങ്ങൾ എനിക്ക് തരുമായിരുന്നു. എന്റെ “മരുഭൂമി പോലെ ജീവിതം” എന്ന ലേഖന സമാഹാരത്തിന് “അകമ്പടിക്കാരന്റെ മനസ്സ്” എന്ന കുറിപ്പിൽ അദ്ദേഹം സ്നേഹത്തിൽ ചാലിച്ചെഴുതിയ വരികൾ അവസാനിപ്പിച്ചതിങ്ങനെയാണ്.

“ഹസ്സൻ തിക്കോടിയുടെ രചനയിലൂടെ മനസ്സ് അരിച്ചരിച്ചു നുണഞ്ഞാസ്വദിച്ചു നീങ്ങുമ്പോൾ എന്റെ മനസ്സ് പേർത്തും പേർത്തും ചോദിച്ചത് ഒരുകാര്യമാണ്. സഹൃദയസമക്ഷം വന്നു ചേരുന്ന ഈ ഗ്രന്ഥത്തിന് എന്റെ ഒരു മുഖക്കുറിപ്പ് എന്തിനെന്ന്. അതിനാൽ ഇതൊരു മുഖക്കുറിപ്പല്ല, ഒരു സുഹൃത്തിനെ ഒപ്പംകൂട്ടി മംഗളകർമ്മത്തിനിറങ്ങണമെന്ന സഹ്യദയത്വം ഗ്രന്ഥകാരന് കലാശലയുള്ളതിനാൽ, ഒരകമ്പടിക്കാരന്റെ മനസ്സു തുറക്കലായി ഇത്രയും വരികളുമായി ഞാനും ഈ പുസ്തകത്തോടൊപ്പം വരുന്നു.”

 

Advertisment