Advertisment

ആ ജൂൺ ഒന്ന്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

പുറത്തു മഴ ആഞ്ഞു പെയ്യുന്നു, എങ്കിലും നേരമൊന്നു വെളുത്തു കിട്ടാനായി പലവട്ടം കണ്ണു തുറന്നു നോക്കി. ആകെ കൂടി ഒരു സന്തോഷവും, പരിഭ്രമവും മനസിലൂടെ കടന്നുപോയി. നീട്ടി മൂടിയ പരുക്കൻ പുതപ്പിനുള്ളിൽ കിടന്നു ഓരോന്ന് ഓർത്തുവീണ്ടും മയങ്ങിപ്പോയി. അമ്മയുടെ ശബ്ദം കാതിൽ മുഴങ്ങി

" ഇന്ന് സ്‌കൂള്‍ തുറക്കുവല്ലേ നീ പോകുന്നില്ലേ? " പുതപ്പു ഒരു വശത്തേക്ക് മാറ്റി ഒരോട്ടമായിരുന്നു. അടുക്കള തൂക്കിയ ഉമിക്കരി പാത്രത്തിൽ നിന്നും കുറച്ചു ഉമ്മിക്കരിയും അരക്കല്ലിന് കീഴെവച്ചിരുന്ന പൽപ്പൊടിയും മിക്സ്ചെയ്തു പല്ലു തേപ്പു തുടന്നു ടൂത്പൗഡറിന്റെ മധുരം കുറച്ചൊക്കെ അറിഞ്ഞോണ്ട് വിഴുങ്ങി.

മുറ്റത്തെ തെങ്ങിന്റെ ഈർക്കിൽ ഒരെണ്ണംഓടിച്ചു ടങ്ക് ക്ലീനറാക്കി. തൊടിയിലെ കിണറ്റിലെ വാളി വലിച്ചു മുഖവും വായും ക്ലീൻചയ്തു. മഴ ഒട്ടൊന്നു ശമിച്ചിരിക്കുന്നു. എന്നാൽ സൂര്യന്റെ വെട്ടം കാണാനേയില്ല. മാനംകറുത്തിട്ടുണ്ട്

തലേന്നുവരെ കൂട്ടിയ കശുവണ്ടിയും, റബര്കായും വീടിന്റെ സൈഡിൽ വച്ചിരിക്കുന്നത് ഉണ്ടോ എന്നറിയാൻ ചായ്പ്പു വരെ പോകുന്ന നേരം വീണ്ടും അമ്മയുടെ ശബ്ദം മുഴങ്ങി " ഇന്ന് സ്‌കൂളിൽ പോകാൻപരിപാടി ഇല്ലെന്ന് തോന്നുന്നല്ലോ ".

അടക്കയും കശുവണ്ടിയും റബ്ബർ കായും ഒക്കെ മിട്ടായിയും പൈസകളും ആയി രൂപാന്തരം പ്രാപിക്കുന്ന വരുന്ന നാളുകളെ ഓർത്തു അടുക്കളയിലേക്കു പാഞ്ഞു

'അമ്മ സ്കൂളിൽ കൊണ്ടുപോകാനുള്ള ആഹാരം ഒക്കെ പാക്ക് ചെയ്യുന്നു. ചോറും തോരനും ചമ്മന്തിയും ഒക്കെഉള്ള പല വര്‍ണങ്ങള്‍ സൃഷ്ടിക്കുന്നു " പുതിയ പാത്രമാണ്, മറന്നുവെക്കരുത് , നിലത്തിടരുത് എന്നൊക്കെ ഇടവിടാതെ 'അമ്മ പറയുന്നുണ്ടായിരുന്നു. ചേട്ടന്മാരും ചേച്ചിയും ഒക്കെ സ്വന്തം ആയി പാക്കിങ് ചെയ്യുന്നു. അമ്മ തന്ന കാപ്പിയും നല്ല ചൂടുള്ള പുട്ടും ഒക്കെ ഒറ്റ വെട്ടിനു അകത്താക്കി

തലേ ദിവസം റെഡി ആക്കി വച്ച ബാഗിനുള്ളിലെ പുസ്തകത്തിന് പുതുമണം. അത് മനസിന് കുളിർമ തരുന്നു . പുതിയതായി തുന്നി യയൂണിഫോമിന് പുതുതുണിയുടെ മാസ്മരികഗന്ധം .

മുറ്റത്തു മഴ ശക്തമായ പെയ്യാൻ തുടങ്ങി. പുതിയതായി വാങ്ങിയ കുട നിവര്‍ത്തുന്ന നേരത്തു കൂട്ട്കാരുടെ വിളികേട്ടു. ബാഗും എടുത്തതു കുടയും ആയി കൂട്ടുകാരൊത്തു നീങ്ങി. രണ്ടു മാസത്തെ കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഏറുകൊണ്ട നാട്ടുമാവും ചാമ്പയും കൂനൻ വരിക്കപ്ലാവും നെല്ലിയും തുടലിയും ഞങ്ങൾക്ക് തലലയാട്ടി നന്മ നേർന്നു. കൊയ്ത്തൊഴിഞ്ഞ പാടത്തെ കുട്ടിയും കോലും കളിയും , സാറ്റും, റബര്പന്തും എല്ലാം തീർന്നു. പാടം വെള്ളംകൊണ്ട് നിറഞ്ഞു. ഞങ്ങൾ മേച്ചിരുന്ന പൂവാലി പശുവും ,ആട്ടുകൊറ്റനും ഞങ്ങളെ കരഞ്ഞു കൊണ്ട് യാത്രയാക്കി

ദൂരെ നിന്ന് തന്നെ സ്കൂളിന്റെ ഓടിട്ട മോന്തായം കണ്ടു . നല്ല തിരക്കാണ് എല്ലാവരും സന്തോഷത്തോടെ വിശേഷങ്ങൾ പറയുന്നു, ചിരിക്കുന്നു. ഞങ്ങളുടെ നടത്തത്തിനു വേഗം കൂടുന്നതിനിടയിൽ ആദ്യബെൽ മുഴങ്ങികേട്ട്.... വീണ്ടും ആ വിദ്യലയത്തിലേക്ക് ... നടത്തത്തിനു വേഗം കൂടി ഓട്ടമായി.....

Advertisment