ലൈബയുടെ വിസ്മയ ലോകം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ലൈബ അബ്ദുൽ ബാസിതിന് വയസ്സ് പതിനൊന്ന്, ആകാശത്തിലേ ക്ഷീരപഥങ്ങളുടെ കൂട്ടുകാരി. ദോഹയിലെ സ്കൂളിൽ ആറാം ഗ്രേഡിൽ പഠനം. ഇതിനകം ലൈബ മൂന്നു ഇംഗ്ലീഷ് നോവലുകൾ എഴുതിക്കഴിഞ്ഞു. ആദ്യ രണ്ടു നോവലുകൾ ആമസോണിന്റെ ബെസ്റ്റ് സെല്ലറിൽ ഉൾപ്പെടുത്താവുന്നവ. മൂന്നാമത്തെ നോവൽ കോഴിക്കോട്ടെ ലിപി ബുക്സ് പ്രസിദ്ധീകരിച്ചു, ഒപ്പം രണ്ടാം പതിപ്പായി ആദ്യത്തെ രണ്ടു നോവലുകളും.

Advertisment

publive-image

(കൗമാരത്തിലെ എഴുത്തുകാരി ലൈബ അബ്ദുൽ ബാസിത്)

മൂന്നര വയസ്സുമുതൽ അക്ഷരങ്ങൾ എഴുതിത്തുടങ്ങുകയും മാതാവിന്റെ സഹായത്തോടെ അവ കൂട്ടി വായിക്കാൻ ഉത്സാഹം കാണിക്കുകയും ചെയ്തു. ലൈബയുടെ മായാലോകത്തിൽ ക്ഷീരപഥങ്ങളുടെ പ്രവാഹങ്ങൾ എത്തിപ്പെട്ടത് എങ്ങനെയെന്ന് ആർക്കും നിശ്ചയമില്ല.

ലൈബയുടെ സാങ്കല്പിക ലോകം വിവരണാതീതമാണ്. ആറാം വയസ്സുമുതൽ അവൾ ഭാവനയുടെ ലോകത്തിൽ വിരാചിച്ചു തുടങ്ങി. അന്നുമുതൽ തന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ കുത്തിക്കുറിച്ചുവെക്കാൻ വെമ്പൽപൂണ്ടു. പെരിങ്ങാടി സ്വദേശി അബ്ദുൾ ബാസിത്തിന്റെയും പാറക്കടവുകാരി തസ്നീമിന്റെയും മകൾ ലൈബ “ഇമ്മിണി വലിയ” എഴുത്തുകാരിയായി ഒമ്പതാം വയസ്സിൽ ആദ്യ നോവൽ ആമസോൺ പ്രസിദ്ധീകരിച്ചു. “The Order of the Galaxy, The War for the Stolen Boy”. തുടർന്ന് രണ്ടാമത്തെ പുസ്തകം പത്താം വയസ്സിലും “ദ ഓർഡർ ഓഫ് ഗാലക്സി, ദ സ്നോ ഫെയ്ക് ഓഫ് ലൈഫ്” വന്നതോടെ ലൈബക്ക് വായനക്കാർ കൂടിക്കൂടിവന്നു.

publive-image

ലൈബയുടെ ഏറ്റവും പുതിയ പുസ്തകമായ “ദ ഓർഡർ ഓഫ് ഗാലക്സി, ദ ബുക്ക് ഓഫ് ലെജന്ഡ്സ്” 2022 മെയ് മാസം കോഴിക്കോട്ടെ ലിപി ബുക്സ് പ്രസിദ്ധീകരിച്ചതോടെ ഗാലക്സി സീരിയസിൽ മൂന്നാമത്തെ നോവൽ പിറവികൊണ്ടു. ഒരു പക്ഷെ വരാനിരിക്കുന്ന നാളുകളിൽ ഈ പതിനൊന്നുകാരിയുടെ നോവലുകൾ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമായിരിക്കാം, അപസർപ്പക സ്വഭാവത്തിൽ ക്ഷീരപഥങ്ങളുടെ ശാസ്ത്ര വിസ്മയം കാഴ്ച വെക്കുന്ന ഇഗ്ളീഷ് ഭാഷയിലെഴുതുന്ന മലയാളി നോവലിസ്റ്റായി ലൈബ അറിയപ്പെടുമായിരിക്കാം.

publive-image

(ലൈബയിൽ നിന്നും ഹസ്സൻ തിക്കോടി മൂന്നാമത്തെ നോവൽ ഏറ്റുവാങ്ങുന്നു, ഒപ്പം പിതാവ് അബ്ദുൽ ബാസിതും, അമ്മാവൻ ഡോ:ബഷീറും)

സിനിമക്കുള്ള സാദ്ധ്യതകൾ:

കേട്ടിട്ടില്ലെ, കുട്ടികളുടെ ഹരമായ ഹാരീ പോർട്ടർ കൃതികളെക്കുറിച്ച്, അതിലെ ദൃശ്യാവിഷകാരത്തെകുറിച്ച്. ഹാരിപോട്ടർ പാരമ്പരക്കുശേഷം ജെ.കെ. റോളിംഗ് എഴുതിയ “ഫാന്റസി ത്രില്ലർ” മറ്റൊരു വിസ്മയ കഥയാണ്. ഒരു പക്ഷെ ലൈബയുടെ ഓർഡർ ഓഫ് ഗാലക്സിയും കുട്ടികൾ കാത്തിരിക്കുന്ന ഒരു വിസ്മയ സിനിമയായി മാറിയേക്കാം.

ഒരു നല്ല സംവിധായകന്റെ കൈയിലെത്തുമ്പോൾ ഈ നോവലിലെ കഥാപാത്രങ്ങളെ മറ്റൊരു ഹാരിപോട്ടർ സീരിയലായി സിനിമ ലോകത്ത് വെട്ടിത്തിളങ്ങും. ലൈബയുടെ വെള്ള ഗാലക്സിയിലെ 'ബ്ലൂ' ഫാമിലിയിലെ അംഗങ്ങളായ ഒലിവർ , മൈക്ക് എന്നീ ആൺകുട്ടികളും ആവറി, ഒലീവിയ എന്നീ പെൺകുട്ടികളും അവരുടെ കൂട്ടുകാരും നന്മയുടെ ഭാഗത്തു നിന്ന് പോരാടും. അത്ഭുത സിദ്ധികളുള്ള ലൈബയുടെ കഥാപാത്രങ്ങൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഉഗ്രനൊരു മായാലോകം ഉണ്ടാക്കിയെടുക്കും. രസകരമായ ഒരു ശാസ്ത്ര സിനിമയായി ദ ഓർഡർ ഓഫ് ദ ഗാലക്സി പരിണമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

റഹീം സാഹിബിന്റെ പൗത്രി:

ലൈബയെകുറിച്ചെഴുതുമ്പോൾ എന്റെ മനസ്സിൽ പതിയുന്ന ചിത്രം ലൈബയുടെ മുത്തശ്ശൻ മണ്മറഞ്ഞ അബ്ദുൾ റഹീം സാഹിബിനെയാണ്. കുവൈറ്റിലെ മണലാരണ്യത്തിൽ അദ്ദേഹത്തോടൊപ്പം ചെലവിട്ട വിജ്ഞാന സദസ്സുകൾ, ഘോര ശബ്ദത്തിലുള്ള അർത്ഥവത്തായ പ്രസംഗങ്ങൾ.

ഒരു വൈകുന്നേരം ഞാൻ ഫഹാഹീലിൽ ബസ്സ് കാത്തിരിക്കുമ്പോൾ അതിലെ വന്ന വാൻ എന്നെ കണ്ടപാടെ ഒരല്പം മാറി നിർത്തിക്കൊണ്ട് ചോദിച്ചു: “ഹസ്സൻ കുവൈറ്റ് സിറ്റിയിലേക്കാണോ”. അത് അബ്ദുൾറഹീം സാഹിബാണെന്നു തിരിച്ചറിയാൻ എനിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. കുവൈറ്റിലെ എല്ലാ സാംസ്കാരിക വേദികളിലും അന്നദ്ദേഹം നിറസാന്നിധ്യമായിരുന്നു. ആ യാത്രയിൽ ഞാൻ എഴുതിക്കൊണ്ടിരുന്ന ലേഖന പരമ്പരക്ക് ഒരു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ പൊടുന്നനെ അദ്ദേഹം പറഞ്ഞു “മണൽക്കാടും മരുപ്പച്ചയും” എന്നായിരിക്കും നല്ലതെന്ന്. പിന്നീട് ആ ടൈറ്റിലിൽ എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു, ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം പൂർത്തിയാകുമ്പോൾ റഹിം സഹിബിനെ ഒരിക്കൽ കൂടി സ്മരിക്കുന്നു.

publive-image

(അബ്ദുൽ റഹീം സാഹിബ് -മാഹി )

പ്രശസ്ത ചിന്തകനും, വാഗ്മിയും, അധ്യാപകനും, എഴുത്തുകാരനുമായ മയ്യഴി സ്വദേശി അബ്ദുൾ റഹീമിന്റെ പേരക്കുട്ടി ലൈബ ഇംഗ്ളീഷിൽ നോവലുകൾ എഴുതിയെങ്കിൽ എനിക്കതിൽ അത്ഭുതം തോന്നുന്നില്ല. ജനിതകഘടനയുടെ പരിണാമത്തിൽ അത് സംഭവിച്ചേ തീരൂ. എഴുത്തുലോകത്തിലെ മണൽക്കാട്ടിലേക്ക് എന്റെ കൈപിടിച്ചുകൊണ്ടുപോയ ആദരണീയനായ അബ്ദുൾ റഹീം സാഹിബിന്റെ പൗത്രിയുടെ നോവലുകൾ അദ്ധേഹത്തിന്റെ ജീനിൽനിന്നുത്ഭവിച്ചതാണെന്ന കാര്യത്തിൽ സംശയമില്ല.

 hassanbatha@gmail.com, 974788300 

Advertisment