സുധീര... (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update
sudheera satheesh kalathil

സുധീര...
സാഹിതീ നിറവുകളുടെ ഉറവ ! 

Advertisment

ആകാശത്തിലെ ചെരാതുകളിൽനിന്നും 
ആകാശചാരികൾ കൊളുത്തിവിട്ട 
അവനിയിലെ നിറദീപം; 
ആജീവനാന്തം പ്രണയസമീര; 
സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്; 
സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക. 

ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽ 
ചോർന്നുപോയിരുന്ന ബാല്യത്തിലും 
ഏകാന്ത വിവശമായ കൗമാരത്തിലും 
ഏകമായവൾ പൊരുതികൊണ്ടിരുന്നു.

മൺതരിമുതൽ മഹാകാശംവരെ, 
മായക്കണ്ണുള്ള  അവളിൽ ആന്ദോളനം ചെയ്യുന്നു. 
അവളിൽ, കുടിലും കൊട്ടാരവുമൊരുപോലെ 
അതിജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു. 

വസുധയുടെയേതു സ്പർശത്തിലും 
വസന്തങ്ങളെ തിരഞ്ഞിരുന്നു അവൾ;  സുധീര, 
മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ 
മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്. 

പ്രണയ മർമരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ 
പ്രണയ സാഫല്യത്തിൻറെ ഗാഥകൾ നെയ്തവൾ 
പ്രണയ മധുരമായൊരു  യാത്രയിലാണ്; 
പ്രണയ ദൂതും കയ്യിൽപിടിച്ചുള്ള യാത്ര. 

ചിത്രവിളക്കണഞ്ഞു പോകുംമുൻപേ; സദാ 
ചിരിക്കുമൊരു കടൽകാക്കപോലെയാണാ യാത്ര; 
ത്യാഗത്തിൻറെ, കരുണയുടെ തീരാ വിശപ്പിൽ 
തളിർത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ !

-സതീഷ് കളത്തില്‍

Advertisment