/sathyam/media/media_files/VUNgRi43WjS3AbSLYelX.jpg)
നീയെന്നിൽ പെയ്തിരുന്നക്കാലത്ത്, നിന്നെ
നിനച്ചുനിന്നിരുന്ന ഇടവഴിയോരങ്ങളിലും
നനഞ്ഞു പുതഞ്ഞിരുന്ന പുഴവക്കുകളിലും
നനയാതെ നില്ക്കാറുള്ള മാടപ്പുരകളിലും
നിന്നെ പ്രണയിച്ചിന്നും നടക്കുമ്പോൾ,
നീയറിയുന്നുവോ പ്രിയേ...
നീയില്ലായ്മയിലും നിന്നെതന്നെ
നനഞ്ഞുകൊണ്ടിരിക്കുന്നെന്നുന്മാദത്തെ?
നീയോർക്കുന്നുവോ, രാവുണർച്ചെകളിൽ
നമ്മളെ കാത്തുനിന്നിരുന്ന പ്രണയപ്പൂക്കളെ;
നമ്മളെത്തുമ്പോളൊളിനോട്ടംകൊണ്ട്,
നമ്മളെയുറ്റിനോക്കിയിരുന്നാ പൂക്കളെ?
അന്നവയ്ക്കു നമ്മോടു മുഴുമുഴുത്ത
അസൂയയാണെന്നു നീ മുറുമുറുക്കാറുള്ളതും
നമ്മളകലുന്ന നേരത്ത്, മിഴിനീർ തുടച്ചവ,
നമ്മളെയനുധാവനം ചെയ്യാതെ നില്ക്കേ നീ,
'ഓ... പാവ' ങ്ങളെന്നു പരിതപിക്കാറുള്ളതും
ഓർക്കുന്നുവോ നീ... പ്രിയേ?
മഴമേഘങ്ങൾ രോമാഞ്ചം കൊള്ളുമ്പോൾ
മതിരാനുകളിണകളെ തേടിയെത്തുന്നപോലെ,
കുത്തിയൊഴുകാൻ വെമ്പുന്നാറ്റിന്റെ വക്കിൽ
കുത്തിയിരിക്കാറുള്ളയെന്നെ, ഓർക്കുന്നുവോ?
നിൻറെ നീലക്കണ്ണുകളിൽ തളിർക്കുന്ന കവിതകൾ
കുളിർന്ന കാറ്റായെത്തിയെന്റെ ചൊടികളിൽ
കാകളി വൃത്തം വരയ്ക്കവേ, ചൊടിയോടെന്നിൽ
നീ തിണർത്തിരുന്നതും നീയോർക്കുന്നുവോ?
നിൻറെ ചിന്തകളിലെൻറെ ചന്തങ്ങൾക്കെന്നും
മയിലാട്ടത്തിൻറെ നിഴലാട്ടമാണെന്നും, മുഴുക്കെ;
മഴമേഘത്തിൻറെ നിഴൽപോലെ വശ്യമാണെന്നും
നീ കിന്നരിച്ചിരുന്നതും നീയോർക്കുന്നുവോ?
എന്നെ കാണാതാകുന്ന ഇത്തിരി നേരങ്ങളിൽ
മൗനത്തിൻറെ തട്ടിൻപുറത്തൊളിച്ചിരിക്കാറുള്ള
മഞ്ഞുമലയെയുരുക്കിത്തീർക്കാനെത്തിയിരുന്ന
എൻറെയരുമ തൊടലുകളെ നീയോർക്കുന്നുവോ?
നിൻറെ മുഷിച്ചലുകളെ ധാവനം ചെയ്യുവാൻ
നിൻറെ കറുത്ത പാവാടയിലെ പൂമ്പാറ്റകളെ
പറത്തി ഞാൻ വിട്ടിരുന്നതോർക്കുന്നുവോ?
പളപളാ മിന്നുന്ന നിൻറെ തൂവെള്ള ജാക്കറ്റിലെ
പൂക്കളെയിറുത്തു ഞാനുമ്മവെച്ചിരുന്നതും
പറങ്കിമാവുകളുടെ തണൽവിരിപ്പുകളിൽ,
പശമണ്ണുപോലൊട്ടി, പശിമയോടലിഞ്ഞതും
പറങ്കിമാങ്ങയുടെ ഇളംമഞ്ഞ നീരിൽ
പകൽമയക്കംപൂണ്ടുറങ്ങാറുള്ളതും...
പലതും, നീയിപ്പോഴും ഓർമ്മിക്കുന്നുവോ?
നിൻറെ ചന്തങ്ങൾക്കുമേലൊരു ലഹരി
നിന്നോളം മറ്റൊന്നിലും തിരയാനാകാതെ,
വാടിയ ഋതുക്കളെ വാരിപ്പുണർന്നിന്ന്,
വാടിയിൽ നീ നട്ട പറങ്കിമാവിൽ പലവുരു
പർണ്ണങ്ങൾ തളിർക്കുന്നതു കണ്ടു ഞാൻ
പാർപ്പതും നീയറിയുന്നുവോ... പ്രിയേ?
* അനുധാവനം= പിന്തുടരൽ
* ധാവനം= ശുദ്ധീകരിക്കൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us