സ്വപ്നത്തിന്‍ ജാലകവാതില്‍ തുറന്നെന്‍റെ
നിദ്രതന്‍ ആഴം അളന്നതാരോ..
മന്ദസമീരന്‍റെ സുമബാണമാണോ,
മഴയുടെ സംഗീത ശിഞ്ജിതമാണോ..
കനവിലും മധുരമാം നിനവുകള്‍ ചാലിച്ചു മിഴികളെ ചുംബിച്ചുറക്കിയാരോ..
ഹിമകണം ഉതിരുന്ന പ്രണയമാണോ അതോ ആത്മാവിന്‍ സാന്ത്വന ഗീതമാണോ..
നെറുകയില്‍ മൃദുലമായ് തഴുകുന്ന കരതലം
മനസ്സിന്‍റെ നൊമ്പരം തൊട്ടറിഞ്ഞോ..
ഉയിരിനേ തൊട്ടുതലോടിയ വിരലുകള്‍
പുഷ്പദലങ്ങള്‍ തന്‍ സ്പര്‍ശമാണോ..
അതോ ചന്ദ്രിക തന്നുടെ ലീലയാണോ..
ദേവീ എന്നു മൊഴിഞ്ഞെന്നെ തഴുകി
കിനാവിന്‍റെ ചിറുകുകള്‍
കൊണ്ടു പൊതിഞ്ഞതാരോ..
ഇണയുടെ ഹൃദയ വികാരമാണോ അതോ
കവിത വിരിയിക്കും നെഞ്ചകമാണോ..
-ഉമാദേവി തുരുത്തേരി