/sathyam/media/media_files/2025/07/11/veshamma-2025-07-11-22-28-11.jpg)
‘ടീ രമണി, നീ അറിഞ്ഞോ’ ?
‘നമ്മുടെ സുകുമാരനില്ലേ, സുകു' ?
‘ഉണിക്കാട്ട് വീട്ടിൽ കാറോടിക്കാൻ പോകുന്ന സുകു ?’
‘നല്ലൊരു ചെക്കനാണല്ലോ അവനെന്തു പറ്റി’ ?
‘അവനൊന്നും പറ്റിയില്ല '
‘അവൻ ഒരു പെങ്കൊച്ചിനെ വിളിച്ചോണ്ട് വന്നു
കല്യാണം കഴിച്ചു’
‘ഓ, ഇതാപ്പോ വല്യ കാര്യം. നാട്ടിലൊന്നും നടക്കാത്തതു പോലെ.’
രമണി ഇഷ്ടക്കേടോടെ പറഞ്ഞു.
‘ആ കുട്ടിയെ ഒന്ന്‍ കാണണം.ചിത്രം വരച്ചപോലുണ്ട്. നല്ല നിറവും മുട്ടുവരെ നീണ്ട മുടിയും. എനിക്ക് വിവരിക്കാൻ വയ്യ. നേരിട്ടു കണ്ടാൽ നിനക്കറിയാം '
സുകുവിന്‍റെ ഭാര്യ വേശമ്മയെക്കുറിച്ച് ആ പ്രദേശത്തെ ആണുങ്ങളും ഇതേ അഭിപ്രായം പറഞ്ഞു.
ചില സുഹൃത്തുക്കൾ തമാശപോലെ സുകുമാരനോട് ഈ കാര്യം നേരിട്ടും പറഞ്ഞു. തന്റെ ഭാര്യയെക്കുറിച്ച് ആളുകൾ പറയുന്നത് കേട്ട സുകുമാരൻ സന്തോഷം കൊണ്ട് മതിമറന്നു.
പിന്നെപ്പിന്നെ വേശമ്മയുമായി പുറത്ത് പോകുമ്പോഴെല്ലാം തെല്ല് അഹങ്കാരത്തോടെ തല ഉയർത്തിപ്പിടിച്ചേ അവൻ നടക്കാറുള്ളൂ. അതും ആളുകൾ ഇല്ലാത്ത സമയം നോക്കിയെ ഇറങ്ങാറുള്ളൂ
ആളുകളുടെ നോട്ടം ശരിയല്ല. കണ്ണേറുതട്ടി വല്ല അസുഖവും വന്നാലോ എന്നു പേടിച്ച് സാരിയുടെ അറ്റം തലവഴി മൂടിപ്പുതച്ച് നടന്നാൽ മതിയെന്ന്‍ അവൻ കൽപ്പിച്ചു.
അങ്ങനിരിക്കെ ഒരു ദിവസം വേശമ്മയ്ക്ക് സിനിമകാണാൻ കലശലായ ഒരാഗ്രഹം.സിനിമാ തിയേറ്ററിലേക്ക് ഒരു കിലോമീറ്റർ നടന്നു വേണം പോകാൻ.
‘ഫസറ്റ് ഷോയ്ക്ക് പോകാം’. സുകു പറഞ്ഞു. ജോലിക്കു പോയവരും അങ്ങാടിക്ക് പോയവരും മടങ്ങിവരുന്ന നല്ല തിരക്കുള്ള സമയമാണ് സന്ധ്യാസമയം. തന്നെയുമല്ല, വണ്ടി സര്‍വ്വിസ് കുറവായതുകൊണ്ട് മിക്കവരും നടന്നാണ് വരുക.
വേശമ്മ അത്രയും ആഗ്രഹത്തോടെ പറഞ്ഞതല്ലെ ? കൊണ്ടുപോകാതിരിക്കാനും കഴിയില്ല. അവന്‍ അവളോട് പറഞ്ഞു.
‘നീ സാരി മാറ്റിക്കോളൂ, ഞാനൊന്ന്‍ മേക്കഴുകി വരാം’
സുകുമാരൻ കുളി കഴിഞ്ഞെത്തിയതും വേശമ്മ റെഡി.
‘പോകാം സുകുവേട്ടാ ?’
'കുറച്ചുസമയംകൂടി കഴിയട്ടെ’
‘ഇപ്പപ്പോയാലേ സിനിമ തുടങ്ങുന്നതിന് മുന്‍പ് അവിടെത്താന്‍ പറ്റു’
‘ഇറങ്ങാൻ വരട്ടെ, ഞാന്‍ പറയാം’
സുകുമാരൻ വളരെ വേഗം വീടിന്‍റെ മുൻവശത്തേക്കുപോയി ചുറ്റുപാടുകൾ വിശദമായി വിലയിരുത്തിയത്തിനുശേഷം തിരികെ വന്നു.
'നമ്മള്‍ പോകുന്ന വഴിക്ക് വെള്ള ജാക്കറ്റിട്ട രണ്ട് സ്ത്രീകള്‍ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നുണ്ട്. അവര്‍ വിധവകളാണ്. അവറ്റങ്ങളുടെ കണ്ണില്‍പ്പെടാതെ പോകണം. അവരെക്കണ്ട് പുറത്തേക്കു പോകുന്നത് ലക്ഷണക്കേടാണ്’
ഇതു കേട്ട വേശമ്മ ഓടിച്ചെന്ന് അവളുടെ ഇരുകൈകൊണ്ടും സുകുവിന്‍റെ വായ പൊത്തി.
‘ദൈവദോഷം പറയല്ലേ സുകുവേട്ടാ.’ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
അവളുടെ കൈ വിടുവിച്ചുകൊണ്ട് സുകു പറഞ്ഞു:
‘എനിക്കവരോട് ഇഷ്ട്ടക്കേടൊന്നുമില്ല. പക്ഷേ, അവരെ ശകുനംകണ്ടുകൊണ്ട് പുറത്തേക്ക്പോകാന്‍ എനിക്ക് താല്‍പര്യമില്ല.
ഈ ലോകത്ത് എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളൂ. നമ്മളിലൊരാള്‍ ഇല്ലാതായാല്‍ ഒരാൾ ഒറ്റയ്ക്കാവും. എനിക്കത് ഓര്‍ക്കന്‍ വയ്യ’.
സുകു അതുപറഞ്ഞപ്പോള്‍ വേശമ്മയ്ക്ക് നെഞ്ചത്തൊരു ഇടിയേറ്റതു പോലെ തോന്നി.
പക്ഷേ സുകു ഉറപ്പിച്ച്പറഞ്ഞു:
'എന്തായാലും അവര്‍ അവിടന്ന്‍ പോകാതെ നമ്മക്കിവിടന്ന് പോകേണ്ട'
അങ്ങനെ അന്നത്തെ സിനിമയുടെ സമയം കഴിഞ്ഞു.
‘വിഷമിക്കേണ്ട പിന്നീട് ഒരു ദിവസം കൊണ്ടു പോകാം’
സുകു അവളെ സമാധാനിപ്പിച്ചു. അന്ന് വളരെ വൈകി അത്യധികം മനോവേദനയോടെയാണ് വേശമ്മ ഉറങ്ങാൻ കിടന്നത്. നിറകണ്ണുകൾ അയാൾ കാണാതിരിക്കാൻ അവൾ പണിപ്പെട്ടു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.
പുലര്‍ച്ചെ ഏകദേശം രണ്ടു മണിയായിക്കാണും സുകുവിന്‍റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് വേശമ്മ ഞെട്ടിയുണര്‍ന്നു.നോക്കുമ്പോള്‍, സുകു ഒരു കൈ നെഞ്ചത്തമര്‍ത്തിപ്പിടിച്ച് തുറിച്ച കണ്ണുകളോടെ ശ്വാസം എടുക്കാന്‍ പ്രയാസപ്പെടുന്നു. അതുകണ്ട അവള്‍ പൊട്ടിക്കരഞ്ഞു.
‘സുകുവേട്ടാ....!!!'
അവളുടെ ശബ്ദംമുഴങ്ങി.
നേരം നന്നായി വെളുത്തപ്പോള്‍ ആ വാര്‍ത്ത നാടകെപരന്നു.
“ഡ്രൈവര്‍ പണിക്കു പോകുന്ന സുകുവില്ല? അവനിന്നലെ പെട്ടന്ന് നേഞ്ചു വേദന വന്നു. അപ്പോള്‍ തന്നെ ആള് പോയത്രേ. പാവം പെങ്കൊച്ച്, ആ കുട്ടീടെ കാര്യം കഷ്ട്ത്തിലായി”.
ആരും ഇല്ലാത്ത വേശമ്മയെ സുകു പൊന്നുപോലെയാണ് നോക്കിയിരുന്നത്. നാളേക്കുള്ളത് കരുതി വയ്ക്കുന്ന ശീലം സുകുവിന്നുണ്ടായിരുന്നു. അതുകൊണ്ട് രണ്ടു മൂന്ന്‍ മാസം ചിലവിനായി ബുദ്ധിമുട്ടേണ്ടിവന്നില്ല വേശയമ്മയ്ക്ക്. സുകു സൊരുക്കൂട്ടിയത് മുഴുവനും കഴിഞ്ഞപ്പോൾ ജീവിക്കാന്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അവൾ.
ചുറ്റുവട്ടത്ത് അധികം വീടുകളില്ല. ഉള്ളത് നോക്കിയാല്‍ കാണുന്ന രീതിയില്‍ കുറച്ചകലെയാണ്. സുകു ആരുമായും അടുക്കാന്‍ വിടാത്തതുകൊണ്ട് അവള്‍ക്ക് ആ വീടുകളില്‍ ഉള്ളവരോടു വല്യ അടുപ്പമില്ല. നേരിട്ട് കണ്ടാല്‍ ഒന്ന്‍ ചിരിക്കും. അത്രതന്നെ.
ആ ഒരവസ്ഥയില്‍ അവള്‍ ചിന്തിച്ചു. സുകുവേട്ടനെ ഞാന്‍ തിരുത്തേണ്ടതായിരുന്നു. തന്‍റെ സൗന്ദര്യത്തെക്കുറിച്ച് ആളുകള്‍ ഒരുപാട് പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ ഞാനും അത് ആസ്വദിച്ചു. സൗന്ദര്യം കൊണ്ട് വിശപ്പു മാറില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.
ഈ രീതിയിലാണ് ഇനിയുള്ള ജീവിതമെങ്കില്‍ വൈകാതെ സുകുവേട്ടന്‍റെ അരികിലെത്താം. ഇങ്ങിനെയോരോന്ന് ചിന്തിച്ചുകിടന്ന് ഉറങ്ങിപ്പോയ അവൾ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണുണർന്നത്.
‘ആരാദ് ?’
അവള്‍ പേടിയോടെ ചോദിച്ചു.
‘ഞാന്‍ മണിയനാണ്'
'സുകുവിന്‍റെ ചങ്ങാതി'
'വാതില്‍ തുറക്ക് വേശമ്മേ. ഞാന്‍ നിന്നെ സഹായിക്കാന്‍ വന്നതാണ്’
അയാള്‍ പറഞ്ഞു.
‘ ഈ പാതിരാത്രിയിലോ ? ‘
‘പകല്‍ വന്നാല്‍ ആളുകള്‍ തെറ്റിദ്ധരിച്ചാലോ ?’
‘പകലായാലും രാത്രിയായായാലും നീ എന്‍റെ വീടിന്‍റെ പടി കേറിപ്പോ കരുത്. നല്ല മൂര്‍ച്ചയുള്ള വെട്ടുകത്തിയുണ്ടിവിടെ. നിന്‍റെ തല ഞാന്‍ അരിഞ്ഞിടും’
ഉറച്ച സ്വരത്തില്‍ ഉറക്കെ പറഞ്ഞവൾ.
ഇതുകേട്ട മണിയന്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്ന് നോക്കി. പിന്നെ പതിയെ തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു. ബീഡി ആഞ്ഞുവലിച്ച് കൈ വീശി വേഗം നടന്നു പോയി.
ആ പോക്ക് സെക്കന്‍ഡ്ഷോ സിനിമ കണ്ടു മടങ്ങി വരുന്ന രണ്ടു പേര്‍ കണ്ടു. അവർ തമ്മിൽ പറഞ്ഞു:
'ആരോ സുകുവിന്‍റെ വീട്ടിന്‍ നിന്നും ഇറങ്ങി പോകുന്നുണ്ടല്ലോ ? അതാരെന്നറിയന്‍ അവര്‍ ആവതു ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
അപ്പോഴേക്കും മണിയന്‍ വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.
പതുക്കെപ്പതുക്കെ ഈ കാര്യം നാട്ടില്‍ പാട്ടായി.
“സുകുവിന്‍റെ ഭാര്യ വേശമ്മ ഒരു ദുര്‍നടപ്പുക്കാരിയാണ്. കാശിനുവേണ്ടി അവൾ എന്തും ചെയ്യും.”
ഈ വാര്‍ത്ത ആ നാട്ടിലെ ഒറ്റയാനും മുഴുക്കുടിയനും എല്ലാ ദുശ്ശീലങ്ങളുടേയും മൂർത്തിയുമായ മുത്തുരാമന്‍റെ ചെവിയിലുമെത്തി.
അന്നുരാത്രിതന്നെ മുത്തുരാമന്‍ സുകുവിന്‍റെ വീട്ടിൽച്ചെന്ന് വാതിലില്‍ മുട്ടി. വാതില്‍ തുറന്നില്ല. വീണ്ടും വീണ്ടും മുട്ടി.ഇത് പലതവണ ആവര്‍ത്തിച്ചു. ഒടുവിൽ സഹികെട്ടവേശമ്മ ചോദിച്ചു .
‘ആരാദ്?’
‘പേര് പറഞ്ഞാലേ നീ വാതില്‍ തുറക്കൂ...?
തുറക്കെടീ വാതില്‍ .... മോളെ ’
അയാള്‍ ആക്രോശിച്ചു.
പിന്നെ വേശമ്മ ഒന്നും ആലോചിച്ചില്ല. വാതില്‍ തുറന്ന് ഞൊടിയിടയിൽ അവൾ ആഞ്ഞു വെട്ടി.
പ്രതീക്ഷിക്കാതെയാണെങ്കിലും പെട്ടെന്ന് കൈകൊണ്ട് വെട്ട് തടുത്തത്തുകൊണ്ട് മുത്തുരാമന്‍റെ രണ്ടു വിരലുകളേ മുറിഞ്ഞു പോയുള്ളൂ.
നിലവിളിച്ചുകൊണ്ടായാൾ അവിടെ നിന്നും ഇറങ്ങിയോടി.
അയാള്‍ക്ക് വേശമ്മയോടു വല്ലാത്ത പകയായി. അന്നുതുടങ്ങി അയാള്‍ കണ്ണില്‍ കണ്ടവരോടൊക്കെ പറഞ്ഞു നടന്നു:
“വേശമ്മ വേശ്യയാണ് “
“ചില ദിവസങ്ങളില്‍ ഞാന്‍ അവിടെ പോകാറുണ്ട്. വളരെ മോശപ്പെട്ട സ്ത്രിയാണവൾ.
അയാള്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ അവിടെ ആരും ശ്രമിച്ചില്ല.
“അവള്‍ക്കും ജീവിക്കേണ്ടെ?” ചിലര്‍ പറഞ്ഞു.
“ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ ?” മറ്റു ചിലർ പറഞ്ഞു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു.
ഒരു ദിവസം വേശമ്മയുടെ വീടിന്‍റെ മുന്നില്‍ ഉണിക്കാട്ട് വീട്ടിലെ ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി വന്നു വേശമ്മയോട് പറഞ്ഞു.
‘കൊച്ചമ്മ കാറിലുണ്ട്. അത്രെടംവരെ ഒന്ന്‍ വിളിക്കുന്നു’
അവള്‍ അങ്ങോട്ട് ചെന്നു.
‘നാളെ രാവിലെ നീ വീടുവരെ ഒന്ന്‍ വരണം. ശകുനം കാണാനാണ്’
വേശമ്മ യാന്ത്രികമായി തലയാട്ടി. ‘ഇതെന്തു കഥ !!!
വിധവകളെ കണ്ട് പുറത്തുപോകുന്നത് നല്ലതല്ല എന്നാണല്ലോ സുകുവേട്ടന്‍ പറഞ്ഞത്?’ അവള്‍ ചിന്തിച്ചു.
‘ആ, എന്തെങ്കിലും ആവട്ടെ, പോയിവരാം’ . വേശമ്മ സ്വയം പറഞ്ഞു.
പാവം വേശമ്മ ! അവൾ ആ നാട്ടിലെ അറിയപ്പെടുന്ന വേശ്യയായ കാര്യം അവള്‍ മാത്രം അറിഞ്ഞില്ല.
പിറ്റേ ദിവസം ഉണിക്കാട്ട് തറവാടിന്‍റെ വീട്ടുപടിക്കല്‍ അവള്‍ ശകുനത്തിനായി നിന്നു. അവളെ കടന്നു പോകുമ്പോൾ കാറിന്‍റെ സ്പീഡ് കുറച്ച് ഡോറിന്‍റെ ഗ്ലാസ് പതുക്കെ താഴ്ത്തി കൊച്ചമ്മ എണ്ണിനോക്കാതെ ഒരു പിടി നൂറിന്‍റെ നോട്ടുകള്‍ എടുത്ത് അവള്‍ക്കുനേരെ നീട്ടി.
വേശമ്മ നിറകണ്ണുകളോടെ ആ നോട്ടുകൾ വാങ്ങി കണ്ണില്‍ വച്ചു. പിന്നെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. വിദേശത്തു പഠിക്കാന്‍ പോകുന്ന അവരുടെ മോന് ശകുനം കാണാൻ നിന്നതിന്‍റെ പ്രതിഫലമാണ് അവൾ കൈപ്പറ്റിയത്. വേശ്യകളെ ശകുനം കാണുന്നത് നല്ലതാണത്രേ!!!
പതുക്കെ വേശമ്മയുടെ വേശ്യ എന്ന പേര് എല്ലാവരും മറന്നു. അവള്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട അറിയപ്പെടുന്ന ഒരാളായി മാറി. അടുത്ത ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ അവളെത്തേടിയെത്തി.
“ഒരു ശുഭ കാര്യത്തിനായി പോകുമ്പോൾ വേശ്യയെ അല്ല വേശമ്മയെ കണ്ടു പോകുന്നത് നല്ലതാണ് എന്നായി നാട്ടുചൊല്ല്.
ക്രമേണ വരുമാനം വർദ്ധിച്ചപ്പോൾ ആ പ്രദേശത്തെ പ്രായമായ ആളുകള്‍ക്കും ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കും വേശമ്മ ചെറിയ തോതിൽ സാമ്പത്തികസഹായം ചെയ്തു തുടങ്ങി.
കാര്‍ ഓടിക്കാനാറിയുന്ന ഒരു സ്മാര്‍ട്ടായ പെണ്‍കുട്ടിയെ സെക്രട്ടറിയായി നിയമിച്ചു. ആ കുട്ടി, ഫോണില്‍ വിളിച്ചു പറയുന്ന ആളുകളുടെ പേരും സ്ഥലവും തിയതിയും ഒരു ഡയറിയില്‍ കുറിച്ചു വച്ച് ശകുനത്തിനായി വേശമ്മയെ കൊണ്ടുപോകും.
കൈ നിറയെ കാശും നല്ല ഭക്ഷണവും നല്ല വസ്ത്രവും ലഭിച്ചു തുടങ്ങിയപ്പോള്‍ വേശമ്മയുടെ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. അങ്ങനെ വേശമ്മയറിയാതെ അവൾക്ക് കിട്ടിയ ഇരട്ടപ്പേര് അവളുടെ ജീവിതം മാറ്റിമറിച്ചു.
ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട്. അതു മാറ്റാൻ ആർക്കും കഴിയില്ലല്ലോ.
-സ്യമന്തകുമാരി.വി