/sathyam/media/media_files/HJAZbBOfh38RDJnD6vSw.jpg)
വള്ളുവനാടൻ ഗ്രാമപ്രദേശങ്ങളിൽ ഉള്ള ഭഗവതി ക്ഷേത്രങ്ങൾ വളരെ പുരാതനവും, ഓരോ ക്ഷേത്രത്തിനും വിഭിന്നങ്ങളായ ഐതിഹ്യങ്ങൾ തലമുറകളായി കാത്തുസൂക്ഷിച്ചു വിശ്വസിച്ചുപോരുന്നവ യുമാണ്. ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരനുഷ്ഠാനങ്ങൾ കീഴ്‌വഴക്കങ്ങളായി നടത്തി കൊണ്ടുവരുന്ന ക്ഷേത്രങ്ങളിലെ പ്രതിഷ്ടകൾ ഓരോ ഗ്രാമപ്രദേശത്തെയും പരദേവതകളാണ്. ഈ ക്ഷേത്രങ്ങളിൽ കുറുംബ ഭഗവതി, ഭദ്രകാളി, വനദുർഗ്ഗ എന്നീ പ്രതിഷ്ഠകൾ ആണ് ഭൂരിഭാഗവും.
ഒരു വള്ളുവനാടൻ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രം. വടക്കോട്ടു നോക്കിയിരിക്കുന്ന പ്രതിഷ്ഠ. സ്വതവേ വടക്കോട്ട് നോക്കിയിരിക്കുന്ന ഭദ്രകാളിക്ക്, രൗദ്രം ഏറും എന്നാണ് വിശ്വാസം - വളരെ പുരാതനമായ ക്ഷേത്രം - പ്രസിദ്ധമായ ഒരു നായർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ക്ഷേത്രത്തിന്റെ ഊരാളന്മാർ ആ കുടുംബത്തിലെ ഇന്ന് ജീവിക്കുന്ന ആളുകൾ തന്നെയാണ്.
പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു വലിയ ചിറ - കുളത്തിനേക്കാൾ എത്രയോ വലുതാണ് ചിറ - ഏതു വേനൽക്കാലത്തും വെള്ളം നിറഞ്ഞുനിൽക്കുന്ന ചിറയുടെ ഓരങ്ങളിൽ എല്ലാം പേരാലുകൾ, പാലമരങ്ങൾ, പാലമരത്തിന്റെ ചുവടെയുള്ള സർപ്പക്കാവ്, തൊട്ടരികെയുള്ള യക്ഷിക്കാവ് അങ്ങനെ പ്രാചീനതകൾ നിലനിർത്തിക്കൊണ്ട് ഇന്നും നിലനിന്നുവരുന്ന ക്ഷേത്രം.
ആചാരങ്ങൾ ഒരു മുടക്കവും കൂടാതെ കഴിച്ചു പോരുന്ന ഊരാളാൻമാരുടെ ഉത്സാഹവും, അർപ്പണബോധവും ആ ക്ഷേത്രത്തിലെ ഓരോ കാര്യങ്ങളിലും തെളിഞ്ഞു കാണാം. ദേവിയെ വിളിച്ചാൽ വിളിപ്പുറത്ത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. നിരവധി അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ട്.
ഒരു വെള്ളിയാഴ്ച രാവിലെ 9 മണി ആയി കാണും. പതിവിനുമേൽ ഭക്തജനങ്ങൾ വരുന്ന വെള്ളിയാഴ്ചകൾ വളരെ വിശേഷമാണ്.ക്ഷേത്രത്തിനു മുന്നിലുള്ള വലിയപറമ്പിൽ കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. കാറിൽ വന്നിറങ്ങുന്ന ഒരു കുടുംബം, ഭർത്താവ്, ഭാര്യ, മകൾ. അവർ ക്ഷേത്രത്തിനകത്തു പോയി തൊഴുത് വഴിപാടുകൾ എല്ലാം നടത്തി പ്രസാദവും വാങ്ങി തിരികെ ക്ഷേത്രത്തിന് പുറത്തേക്ക് വരാൻ തുടങ്ങുമ്പോൾ, പിന്നിൽ നിന്ന് ഒരാൾ വിളിച്ചു.
/sathyam/media/media_files/8jY1nvHsvEvaCsHoFSvb.jpg)
ഭർത്താവും ഭാര്യയും തിരിഞ്ഞുനോക്കിയപ്പോൾ, അവരോടായി ഒരു ചോദ്യം, മകളുടെ കല്യാണം കഴിഞ്ഞതാണോ ? ചോദ്യം കേട്ടമാത്രയിൽ മകളും തിരിഞ്ഞുനോക്കി. ദേഷ്യത്തോടെ അയാളെ നോക്കി, എന്റെ കല്യാണക്കാര്യം അന്വേഷിക്കാൻ ഇയാളാരാ എന്ന ഭാവത്തിൽ. കല്യാണം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ, അയാൾ പെൺകുട്ടിയുടെ അച്ഛനോട് ആയി - വേഗം ഒരു നല്ല ബന്ധത്തിൽ കല്യാണം നടക്കുവാൻ ആയി ഭഗവതിക്ക് മംഗല്യപൂജ നടത്തുവാനായി ഉപദേശിക്കുന്നു. അവർ ഒന്നു തലയാട്ടി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പോയി മംഗല്യ പൂജക്ക് ബുക്ക് ചെയ്യുന്നു. രണ്ടു മാസം കഴിഞ്ഞുള്ള ഒരു തീയതിക്കാണ് പൂജ ബുക്ക് ചെയ്യാൻ സാധിച്ചത്.
ദർശനംകഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, ക്ഷേത്രത്തിലെ പ്രധാന കവാടത്തിന് രണ്ടുവശത്തും ഇരിക്കാനുള്ള സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്. അവർ മൂന്നുപേരും അവിടെ ഇരിക്കുന്നു. സാധാരണ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനുമുമ്പ് ക്ഷേത്രത്തിനകത്തു ഒന്ന് ഇരുന്നു വേണം പുറത്തിറങ്ങുക എന്നൊരു വിശ്വാസം ഉണ്ട്, അതു പാലിക്കണം എന്ന് പഴമക്കാർ പറയും.
ഈ കുടുംബം ഇരിക്കുന്നതിന് അടുത്തായി ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. ഇവരെ കണ്ടമാത്രയിൽ ആ വൃദ്ധൻ കുശലാന്വേഷണങ്ങൾ ആരംഭിച്ചു. എവിടെ നിന്നാണെന്നും എന്താണ് ജോലി അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. തന്റെ പേര് ഹരികുമാർ എന്നാണെന്നും പറഞ്ഞ് ഭാര്യ ജലജയെയും, മകൾ വീണയെയും പരിചയപ്പെടുത്തി.
വൃദ്ധൻ സ്വയം പരിചയപ്പെടുത്തി, പേര് കുമാരൻ എന്നാണെന്നും വളരെ വർഷങ്ങളായി അമ്പലത്തിലെ അന്തേവാസി ആണെന്നും പറയുന്നു. ഹരികുമാർ ഇരിക്കുന്ന സ്ഥലത്തു നിന്ന് മേലോട്ട് നോക്കിയപ്പോൾ ചുവരിൽ വളരെ പഴയ ഒരു വലിയ ഫോട്ടോ തൂക്കിയിരിക്കുന്നത് കാണാം. ഫോട്ടോ കണ്ടമാത്രയിൽ, കുമാരനോട് ആയി ഹരികുമാർ ചോദിച്ചു, ഇയാൾ ആരാണ് ? ക്ഷേത്രവുമായുള്ള ബന്ധം എന്താണ് ? ഇങ്ങനെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ.
/sathyam/media/media_files/WqZ3CDbWvavTPcAi74a6.jpg)
കുമാരൻ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നോണം കുറേ കാര്യങ്ങൾ പറയാൻ ആരംഭിക്കുന്നു. 100 വര്ഷങ്ങൾക്കു മേൽ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥർ ആയിരുന്നു മണിമംഗലം തറവാട്ടുകാർ. അന്നത്തെ കാരണവർ ഇക്കണ്ടു നായരുടേതാണ് ആ ഫോട്ടോ. ഇന്നീ കാണുന്ന ക്ഷേത്രം എല്ലാം പിന്നീട് ഉണ്ടായതാണ്.
അന്ന് ഒരു ചെറിയ ക്ഷേത്രം, കരിങ്കൽ പ്രതിമ, ഒരു കൽവിളക്ക്, പിന്നെ കുറച്ചു മാറി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി, ചൂണ്ടികാണിക്കുന്നു, ഒരു ആൽത്തറയും, ബലിക്കല്ലും. ഭദ്രകാളി ഭക്തനായിരുന്ന ഇക്കണ്ടു നായർക്ക് വിളിപുറത്താണ് ദേവി എന്ന് എല്ലാവർക്കും അറിയാമായിരുന്നു. പൂജാദി കർമ്മങ്ങൾ മണിമംഗലം തറവാട്ട് നായന്മാർ തന്നെയാണ് നടത്തിയിരുന്നത്.
41 ദിവസം ആ ആൽത്തറയിൽ ധ്യാനം ഇരുന്ന ഇക്കണ്ടു നായർക്ക് ഭദ്രകാളി പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. മണിമംഗലം തറവാട്ടുകാർ വളരെ പ്രശസ്തമായ നായർ കുടുംബമായിരുന്നു. എത്രയോ ഏക്കറുകളോളം കൃഷിഭൂമി, അത്രയും കൃഷിഭൂമി പാട്ടത്തിന് വേറെയും. അങ്ങനെ ശരിയായ നാട്ടുരാജാക്കന്മാർ തന്നെയായിരുന്നു ആ കുടുംബാംഗങ്ങൾ.
കാരണവരായിരുന്ന ഇക്കണ്ടു നായരുടെ മേൽനോട്ടത്തിൽ കരിങ്കൽ പ്രതിമ മാറ്റി, ഭദ്രകാളിക്ക് ദാരു വിഗ്രഹം ഉണ്ടാക്കി അതിലേക്ക് ആവാഹിച്ച് പുനപ്രതിഷ്ഠ നടത്തുകയുണ്ടായി. ധ്യാനം ഇരുന്നപ്പോൾ ഭദ്രകാളി പ്രത്യക്ഷപ്പെട്ട്, ആവശ്യപ്പെട്ടതനുസരിച്ചാണ് ദാരു വിഗ്രഹത്തിൽ പുനപ്രതിഷ്ഠ ചെയ്തതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ചെറിയതോതിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും, പുനഃപ്രതിഷ്ഠയും കഴിഞ്ഞപ്പോൾ, ജ്യോതിഷ പ്രശ്നം വെക്കുകയും ആ പ്രശ്നപ്രകാരം ഭദ്രകാളിക്ക് ചാന്താട്ടം വളരെ പ്രിയപ്പെട്ടതാണെന്നും കണ്ടു. അങ്ങനെ എല്ലാ വർഷങ്ങളിലും പുനപ്രതിഷ്ഠ നാളിൽ ചാന്താട്ടം ചെയ്യുവാൻ തുടങ്ങി. ചാന്താട്ടം കഴിഞ്ഞുള്ള എഴുന്നള്ളത്ത് ഒരു വലിയ ചടങ്ങാണ്.
/sathyam/media/media_files/YwoiPxi9C3nQQlX1L1lK.jpg)
വെളിച്ചപ്പാടിന്റെ അകമ്പടിയോടെ മണിമംഗലം തറവാട്ടിലേക്കുള്ള എഴുന്നുള്ളത്ത്. കർശനമായ നിബന്ധനകൾ പാലിക്കേണ്ടതായ ഒരു ചടങ്ങ്. 41 ദിവസം കർശനമായ വൃതം, അതും ബ്രഹ്മചര്യത്തോട് കൂടിയ വ്രതം, അനുഷ്ടിച്ചതിന് ശേഷമേ വെളിച്ചപ്പാട് ഭഗവതിയുടെ വാളും ചിലമ്പും എടുത്ത് ഉറഞ്ഞുതുള്ളി, മണിമംഗലം തറവാട്ടിലെ മച്ചിലെ ഭഗവതിക്ക് മുന്നിൽ എന്നും വിളക്ക് വെച്ച് ഇക്കണ്ടു നായർ പൂജ ചെയ്യുന്ന പീഠം എടുത്തു കൊണ്ടു വരാൻ പാടുകയുള്ളൂ.
ഒരു വർഷം ചാന്താട്ടത്തിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി. വെളിച്ചപ്പാട് വൃതത്തിൽ ആണ്, എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ ദിവസങ്ങൾ മുന്നോട്ടു നീങ്ങി. ചാന്താട്ടത്തിന്റെ തലേന്നാൾ ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയിൽ മയങ്ങി കിടന്നിരുന്ന ഇക്കണ്ടു നായരെ കാര്യസ്ഥൻ നാരായണൻ ഓടിവന്ന് ഉച്ചത്തിൽ വിളിച്ചുണർത്തി.
അടിയന് ഒരു കാര്യം ഉണർത്താൻ ഉണ്ടേ എന്നുപറഞ്ഞ്, പേടിച്ചുവിറച്ച് കാര്യങ്ങൾ പറഞ്ഞു. വെളിച്ചപ്പാട് കുഞ്ഞുകുട്ടന്റെ ഭാര്യയ്ക്ക് മാസക്കുളി തെറ്റിയിരിക്കുന്നു. ഇത് കേട്ടതും ഇക്കണ്ടു നായർ ഒരലർച്ചയോടെ നാരായണനെ പിടിച്ച് ഒരു തള്ള് കൊടുത്തു. നാരായണൻ ദൂരെ മുറ്റത്തേക്ക് തെറിച്ചുവീണു. കുഞ്ഞുകുട്ടൻ വ്രതം തെറ്റിച്ചിരിക്കുന്നു എന്ന് ഇക്കണ്ടു നായർക്ക് ബോധ്യപ്പെട്ടു. ക്ഷേത്രത്തിലെത്തിയ ഇക്കണ്ടു നായർ കലികൊണ്ട് തുള്ളുകയായിരുന്നു. വെളിച്ചപ്പാടിനെ തിരിഞ്ഞ് അവിടെയൊന്നും കാണാനില്ല. വെളിച്ചപ്പാടിനെ തിരഞ്ഞു വീട്ടിലേക്ക് ആൾക്കാരെ അയച്ചു. വീട് പൂട്ടി ഇരിക്കുന്നു. ഇക്കണ്ടു നായരെ ഭയന്ന് വെളിച്ചപ്പാട് ഭാര്യയെയും കൂട്ടി വീട് പൂട്ടി ആ നാടുവിട്ടു എങ്ങോട്ടോ പോയി എന്ന് അയൽക്കാർ പറഞ്ഞു.
അടുത്ത പ്രശ്നം ചാന്താട്ടം കഴിഞ്ഞുള്ള എഴുന്നുള്ളത്ത്. പീഠം ആരെഴുന്നെള്ളിക്കും ? ഇക്കണ്ടു നായർ ഒരു തീരുമാനം എടുക്കുന്നു. തന്റെ കുടുംബത്തിലെ ബ്രഹ്മചാരിയായ ഒരാൾ ആ കർമ്മം നിർവഹിക്കണം എന്ന് ഉറപ്പിക്കുന്നു. അങ്ങനെ തന്റെ മരുമകൻ ദേവദത്തനെ തന്നെ ഈ കർമ്മത്തിനായി നിശ്ചയിക്കുന്നു. ക്ഷേത്രാചാരവും അലിഖിത നിയമങ്ങളും പ്രകാരം വെളിച്ചപ്പാട് ആവാനുള്ള അവകാശം കുഞ്ഞുകുട്ടന്റെ കുടുംബക്കാർക്ക് ആണ്.
/sathyam/media/media_files/CqGM2R0bLwT2PKaIj6Sw.jpg)
കുഞ്ഞിക്കുട്ടന് ശേഷം അവരുടെ തറവാട്ടിൽ നിന്ന് തന്നെ ആരെങ്കിലും വെളിച്ചപ്പാട് ആവണം. ആരും ഇല്ലെങ്കിൽ മാത്രമേ പുറമേനിന്ന് ആരെയെങ്കിലും വെളിച്ചപ്പാട് ആയി നിയമിക്കാൻ പാടുകയുള്ളൂ. അതിനും നിബന്ധനകൾ വേറെയുണ്ട്. "വെളിച്ചപാടിന്റെ വാളും ചിലമ്പും വളരെ ആഴമേറിയ ചിറയ യിലേക്ക് എറിയണം, ആര് ചിറയിൽ ചാടി ആ വാളും ചിലമ്പും എടുക്കുന്നുവോ, അവരായിരിക്കും അടുത്ത വെളിച്ചപ്പാട്."
"പുതിയ വെളിച്ചപ്പാടിനെ നിയമിക്കുന്ന വരെ ദേവദത്തൻ ഈ കർമം നിർവഹിക്കണം. അത് വരെ വിവാഹജീവതം നിഷിദ്ധമാണ്." ഈ കാര്യം കുടുംബാംഗങ്ങളുടെ മുന്നിൽ ഇക്കണ്ടു നായർ അവതരിപ്പിക്കുന്നു. ഇതെല്ലാം കേട്ടു ദേവദത്തൻ വേറെ ഒരു മുറിയിൽ മൂകനായി നൊമ്പരം ഉള്ളിൽ ഒതുക്കി കൊണ്ടിരുന്നു. അങ്ങനെ ആ വർഷത്തെ ചാന്താട്ടവും എഴുന്നള്ളത്തും യാതൊരു മുടക്കവും കൂടാതെ നടന്നു. വെളിച്ചപ്പാട് ഇല്ലാതെ ആണെങ്കിലും ദേവദത്തൻ പിഠം എഴുന്നള്ളിച്ചു.
ദേവദത്തൻ സ്നേഹിക്കുന്ന, അവനെ സ്നേഹിക്കുന്ന, അവനെ വിവാഹം കഴിക്കുവാൻ ആയി കാത്തിരിക്കുന്ന രാജലക്ഷ്മി. ആ വർഷം മണ്ഡലകാലം കഴിഞ്ഞാൽ മകരമാസത്തിൽ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. കാര്യങ്ങൾ ദേവദത്തൻ രാജലക്ഷ്മിയെ അറിയിക്കുന്നു. ദേവദത്തന്റെ വാക്കുകൾ കേട്ട് രാജലക്ഷ്മി ആകെ തകർന്നു, സ്തംഭിച്ചുപോയി.
രാജലക്ഷ്മിയുടെ മാതാപിതാക്കൾ ഇക്കണ്ടു നായരെ കാണുവാൻ ആയി മണിമംഗലം തറവാട്ടിലെത്തി. ഇക്കണ്ടു നായർ പറഞ്ഞാൽ പറഞ്ഞതാണ്, അതാണ് നിയമം. ആർക്കും മറിച്ചു ഒന്നും പറയാനുള്ള അവകാശമൊ, ധൈര്യമോ ഉണ്ടായിരുന്നില്ല. എങ്കിലും ധൈര്യം സംഭരിച്ച് രാജലക്ഷ്മിയുടെ മാതാപിതാക്കൾ കാര്യങ്ങൾ ഇക്കണ്ടു നായരെ ബോധിപ്പിച്ചു.
അഞ്ച് വർഷമായി ദേവദത്തനുവേണ്ടി കാത്തിരിക്കുകയാണ് രാജലക്ഷ്മി എന്നും, തീരുമാനത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ഉണ്ടാവണമെന്നും അപേക്ഷിച്ചപ്പോൾ, കൂടുതൽ ഒന്നും പറയാതെ, ഒറ്റനോട്ടത്തിൽ എല്ലാം ഒതുക്കി, ഇക്കണ്ടു നായർ പറഞ്ഞു, ദേവദത്തനു വേണ്ടിയുള്ള കാത്തിരിപ്പ് വേണ്ട, അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നതാണ് നല്ലത്. എതിർത്ത് ഒന്നും പറയാൻ ധൈര്യമില്ലാതെ രാജലക്ഷ്മിയുടെ മാതാപിതാക്കൾ അവിടെനിന്നിറങ്ങി.
രണ്ടു വർഷങ്ങൾ കഴിഞ്ഞു, ചാന്താട്ടവും എഴുന്നള്ളത്തും മുടക്കമില്ലാതെ നടന്നു കൊണ്ടേയിരുന്നു. ഇതിനിടയ്ക്ക് രാജലക്ഷ്മിക്ക് വേറെ കല്യാണാലോചനകൾ വന്നുവെങ്കിലും അവൾ അതൊന്നും പരിഗണിച്ചില്ല. അതേസമയം വെളിച്ചപ്പാടിനെ തിരഞ്ഞെടുക്കുവാനുള്ള പ്രയത്നങ്ങൾ നിരന്തരം തുടർന്നുകൊണ്ടേയിരുന്നു.
ചിറയിൽ ചാടി വാളും ചിലമ്പും എടുക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെ ആഴമേറിയ ചിറ നിഗൂഢതകൾ ഏറെ നിറഞ്ഞതാണ് എന്ന് പഴമക്കാർ പറയും. ദേവി നീരാടുന്ന സമയമായതിനാൽ രാത്രി പത്തുമണി കഴിഞ്ഞാൽ ചിറയുടെ ഭാഗത്തേക്ക് ആരും പോകരുത് എന്ന് പറയും, അത് എല്ലാവരും പാലിക്കുകയും ചെയ്തു പോന്നു.
കുറേ പേർ വന്നു വാളും ചിലമ്പും എടുക്കുവാനായി അവരുടെ ഭാഗ്യ പരീക്ഷണം നടത്തി, എല്ലാം നിഷ്ഫലം. വളരെ വിദഗ്ദ്ധമായി നീന്തൽ അറിയാവുന്നവർ കൂടി പരാജയപ്പെട്ടു. വളരെ കുറച്ചു സമയം മാത്രമേ വെള്ളത്തിനടിയിൽ നിൽക്കാൻ സാധിക്കു, അപ്പോഴേക്കും ശ്വാസംമുട്ടി വെള്ളത്തിനു മുകളിലേക്ക് വരും.
ഈ സമയം ദേവദത്തനും രാജലക്ഷ്മിമായുള്ള ബന്ധം നാട്ടിലാകെ സംസാരവിഷയമായിരുന്നു. ഇതേപ്പറ്റി സംസാരിച്ചു രണ്ടുമൂന്നു തവണ ഇക്കണ്ടു നായർ ദേവദത്തനെ ശകാരിച്ചു. രാജലക്ഷ്മിക്കും ബന്ധുമിത്രാദികളുടെയും, നാട്ടുകാരുടെയും കുത്തുവാക്കുകൾ സഹിക്കേണ്ടിവരുന്നു. ഓരോ പ്രാവശ്യവും രാജലക്ഷ്മിയെ കാണുമ്പോഴും തന്റെ നിസ്സഹായത ദേവദത്തൻ അറിയിച്ചിരുന്നു.
ഒരു രാത്രി രാജലക്ഷ്മിയെ വീട്ടിൽ പോയി കണ്ടു മടങ്ങുമ്പോൾ ചിലരൊക്കെ കാണുന്നു. പിറ്റേദിവസം രാവിലെ ഇക്കണ്ടു നായർ ഈ വിവരം അറിയുന്നു. രാജലക്ഷ്മിയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടാവും എന്ന് സംശയിച്ചു ദേവദത്തനെ വേണ്ടതിലധികം ശകാരിക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആവാതെ ദേവദത്തൻ വിഷമിച്ച് ആ വീട്ടിൽ നിന്നിറങ്ങുന്നു.
ഇനി ഏതുവിധേനയും ഒരു വെളിച്ചപ്പാടിനെ നിയമിച്ചാലേ, തനിക്കും രാജലക്ഷ്മിക്കും ഒരു ജീവിതം ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കിയ ദേവദത്തൻ ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീട്ടിലെ കൃഷ്ണൻ എന്ന യുവാവിനെ പോയി കണ്ടു കാര്യങ്ങൾ പറയുന്നു - ചിറയിൽ ചാടി വാളും ചിലമ്പും ഞാൻ എടുക്കാം. നീ കരയിൽ ഇരുന്നാൽ മതി. ഞാൻ വാളും ചിലമ്പും നിന്നെ ഏൽപ്പിക്കാം, നീ അതുമായി ക്ഷേത്ര നടയിൽ പോയി സമർപ്പിക്കണം. അങ്ങനെ നീ ആവട്ടെ ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്.
/sathyam/media/media_files/WQMrRIdLYT8xldQhqqZg.jpg)
ആദ്യമൊക്കെ വിസമ്മതനായിരുന്ന കൃഷ്ണൻ ദേവദത്തനെയും രാജലക്ഷ്മിയെയും ആലോചിച്ചു, അവർക്കൊരു നല്ല ജീവിതത്തിനു വേണ്ടി, ദേവദത്തനോട് സഹകരിക്കുവാൻ സമ്മതിക്കുന്നു. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ ദേവദത്തൻ കൃഷ്ണന്റെ വീട്ടിൽ വന്ന് അവനെയും കൂട്ടി ക്ഷേത്ര ചിറയിലേക്ക് പോയി. കാര്യങ്ങളെല്ലാം ഒരിക്കൽകൂടി പറഞ്ഞുറപ്പിച്ച ശേഷം ദേവദത്തൻ ചിറയിലേക്ക് ചാടി.
അക്ഷമനായി കൃഷ്ണൻ ഭയപ്പാടോടെ കാത്തിരുന്നു. ആരെങ്കിലും കാണുമോ എന്നായിരുന്നു കൃഷ്ണന്റെ ഭയം. കുറെ നേരം കഴിഞ്ഞിട്ടും ദേവദത്തനെ കാണുന്നില്ല. കൃഷ്ണന് പേടിയായി തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ കൃഷ്ണൻ കുറച്ചുനേരം കൂടി കാത്തു നിന്ന ശേഷം അവിടെ നിന്നും വീട്ടിലേക്ക് ഓടിപ്പോയി.
പിറ്റേദിവസം രാവിലെ ചിറയുടെ വടക്കേഅറ്റത്തെ കടവിൽ കുറെ ആളുകൾ, അപ്പോഴേക്കും പോലീസും എത്തുന്നു. കമിഴ്ന്നു കിടക്കുന്ന മൃതദേഹം, കയ്യിൽ വാളും ചിലമ്പുമുണ്ട്. മൃതദേഹം മലർത്തി വെച്ചപ്പോൾ അത് ദേവദത്തൻ ആയിരുന്നു. വിവരമറിഞ്ഞ് ഇക്കണ്ടു നായരും രാജലക്ഷ്മിയും മാതാപിതാക്കളും ചിറക്കടവിൽ എത്തുന്നു.
ദുഃഖം താങ്ങാനാവാതെ ദേവദത്തന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഈ കാഴ്ച കണ്ടു അവിടെ കണ്ടുനിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു. ഈ സമയം അവിടെയെത്തിയ കൃഷ്ണൻ നടന്ന കാര്യങ്ങൾ വിശദമായി ഇക്കണ്ടു നായരെ ബോധിപ്പിക്കുന്നു. ദേവദത്തന് നീന്തുവാനറിയില്ല എന്ന് ഇക്കണ്ടു നായർ പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ആ സത്യം വിശ്വസിക്കാനാവാതെ പരസ്പരം വിസ്മയത്തോടെ നോക്കി നിന്നു.
ദേവദത്തൻ ഇല്ലാതെ ഇനി തനിക്കൊരു ജീവിതം ആവശ്യമില്ലെന്ന് തീരുമാനിച്ചുറപ്പിച്ച രാജലക്ഷ്മി കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ ചിറയിൽ ചാടി ജീവൻ അവസാനിപ്പിക്കുന്നു. ദേവദത്തന്റെ ആത്മാവുമായി ഒന്നു ചേരുവാനുള്ള അവളുടെ ആഗ്രഹത്തിന് ആ ചിറ സാക്ഷ്യംവഹിച്ചു.
അങ്ങനെ കൃഷ്ണൻ തന്നെ ക്ഷേത്രത്തിൽ വെളിച്ചപ്പാടായി ആയി നിയമിതനായി. ദേവദത്തൻ ചിറയിൽ ചാടി എടുത്ത വാളും ചിലമ്പും ഭഗവതിയുടെ തിരുനടയിൽ വച്ച് പൂജിച്ച ശേഷം, പൂജാരിയിൽ നിന്നും ഏറ്റുവാങ്ങി. അതോടെ ക്ഷേത്രത്തിലെ പല ആചാരങ്ങൾക്ക് മാറ്റം വന്നു. അടുത്ത വർഷത്തെ ചന്താട്ടത്തിന് ഇക്കണ്ടു നായർ ജീവിച്ചിരുന്നില്ല. ധ്യാനത്തിലിരുന്നുകൊണ്ടാണ് ഇകണ്ടു നായർ മരിച്ചതെന്നാണ് പഴമക്കാർ പറയുന്നത്.
കുമാരൻ കാര്യങ്ങളെല്ലാം പറഞ്ഞു നിർത്തിയപ്പോൾ സ്വപ്നത്തിൽ നിന്നെന്നപോലെ ഹരികുമാറും ഭാര്യയും മകളും ഞെട്ടിയുണർന്നു. പോകാനായി എഴുന്നേറ്റ് ഹരികുമാർ കുമാരന്റെ കൈയിൽ കുറച്ച് രൂപ കൊടുത്ത് യാത്ര പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ, കുമാരൻ ഹരികുമാറിന്റെ വീട്ടുപേരും, സ്ഥലം എവിടെയാണെന്നും ചോദിക്കാൻ മറന്നില്ല.
/sathyam/media/media_files/8ue84KvsEilWxjuEDDPF.jpg)
ഹരികുമാറിന്റെ ഉത്തരം കേട്ടപ്പോൾ കുമാരൻ ഞെട്ടി, മുഖഭാവം മാറി. ഹരികുമാറിന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു അന്ന് ക്ഷേത്രത്തിൽനിന്നും ഇക്കണ്ടു നായരെ പേടിച്ച് ഓടിപ്പോയ വെളിച്ചപ്പാട് കുഞ്ഞുകുട്ടൻ എന്നറിഞ്ഞപ്പോൾ അത്ഭുതവും ദേഷ്യവും കാരണം വാക്കുകളൊന്നും കിട്ടാതെ, ഹരികുമാറിന്റെ മുഖത്തേക്ക് സൂക്ഷിച്ച് ഇമവെട്ടാതെ കുമാരൻ നോക്കി കൊണ്ടേയിരുന്നു.
കുഞ്ഞുകുട്ടൻ കാരണം തകർന്ന രണ്ട് മനുഷ്യജന്മങ്ങൾ. അതിന്റെയൊരു കുറ്റബോധമോ, പശ്ചാത്താപമോ ഒക്കെ ഹരികുമാറിന്റെ മുഖത്തും പ്രതിഫലിച്ചിരുന്നു.
കുമാരനോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി കാറിൽ കയറി യാത്ര തുടങ്ങിയപ്പോൾ ഹരികുമാറിന്റെ ഫോൺ അടിച്ചു. ഫോൺ എടുത്തപ്പോൾ സുഹൃത്ത് ജയകൃഷ്ണന്റെ ശബ്ദം. ഹരി കുമാറിന്റെ അടുത്ത സുഹൃത്തായ ജയകൃഷ്ണൻ, മകൾക്ക് ഒരു കല്യാണ ആലോചനയെപറ്റി സംസാരിക്കാൻ വേണ്ടി വിളിച്ചതാണ്.
വളരെ നല്ല ബന്ധം, പയ്യൻ യുഎസിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. കാര്യങ്ങൾ നേരിൽ കണ്ട് ചർച്ച ചെയ്യാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത് അവർ യാത്ര തുടർന്നു. ഭഗവതിയെ വിളിച്ചാൽ വിളിപ്പുറത്തെന്ന പഴമൊഴി സത്യമെന്ന്, ഹരികുമാർ ജലജയോട് പറഞ്ഞപ്പോൾ, വീണയുടെ മനസ്സിൽ രാജലക്ഷ്മി നിറഞ്ഞു നിന്നു. സ്നേഹിച്ച പുരുഷന് വേണ്ടി ജീവൻ ത്യജിച്ച രാജലക്ഷ്മിയുടെ ഓർമ്മകൾ ഒരു തീരാനൊമ്പരമായി തുടരും എന്നവൾക്ക് തോന്നി...
-കെ.കെ മേനോന്‍, ചെന്നൈ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us