/sathyam/media/media_files/2025/07/09/img-20250708-wa0259-2025-07-09-14-37-21.jpg)
മലയാളത്തിന്റെ വിശാലമായ നോവൽ സാഹിത്യത്തിന്റെ ലോകത്ത് തറുതല എന്ന നോവൽ കൂടി ഇടം പിടിക്കുന്നു. ഏറെ പാരായണക്ഷമതയുള്ള ഈ നോവൽ എഴുതിയിരിക്കുന്നത് സംസ്ഥാന ജി എസ് റ്റി വകുപ്പിൽ ഡെപ്യൂട്ടി കമ്മിഷണറായി വിരമിച്ച എടത്തനാട്ടുകര സ്വദേശി ഇബ്നു അലിയാണ്.
സമകാലിക നോവൽ സാഹിത്യത്തിൽ, ഒറ്റ ഇരിപ്പിന് വായിച്ചുപോകാവുന്ന തെളിമയാർന്ന ഒരു കൈത്തോടാണ് 'തറുതല' എന്ന നോവൽ. കാലവർഷത്തിൽ ഇളകി മറിഞ്ഞ് കലിതുള്ളി പോകുന്ന പുഴ പിന്നീട് മെലിഞ്ഞൊട്ടി ഒഴുകുന്ന ഒരു വേനൽ കാഴ്ച പോലെ ജീവിതം ഒഴുകി തീർന്ന വാർദ്ധക്യത്തിൻ്റെ ആ ചാരുകസേരയിൽ ഇരുന്ന് ഗുലാം എല്ലാം ഓർമ്മിച്ചെടുക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.
കല്യാണത്തിരക്കിൽ കാനോത്ത് മറക്കും പോലെ ജീവിക്കാനുള്ള മനുഷ്യൻ്റെ ബദ്ധപ്പാടിലും തിരക്കിലും പരസ്പരം ജീവിതം അനുഭവിക്കാൻ മറന്നു പോകുന്ന പഴയ കുടുംബ പശ്ചാത്തലങ്ങളിലെ തറുതല ഭാവം തലമുറകളിലേക്ക് കൈമാറുന്ന ഇതിവൃത്തം നോവൽ ശരിക്കും വരച്ചു കാട്ടുന്നു.പട്ടിണികൊണ്ട് ഒരു നാൾ "മായിൻ" അറിയാതെ മകൻ പ്ലാവിൽ നിന്നും ചക്കയിട്ടു കൂട്ടാൻ വെച്ചു.
അതുൾക്കൊള്ളാൻ പറ്റാത്ത പിതാവ് കയ്യിലെ വടികൊണ്ടത് തല്ലിപ്പൊട്ടിച്ചതും അടുപ്പത്ത് പൊട്ടിക്കിടക്കുന്ന ചട്ടിത്തുണ്ടുകളിൽ നിന്നും പാതി വെന്ത ചക്കച്ചുളകൾ പെറുക്കി കഴിക്കുന്ന തൻ്റെ മക്കളുടെ ദൈന്യതയാൽ കണ്ണു നനയുന്ന ആ മകൻ്റെ രൂപം ശരിക്കും പോയ കാലത്തെ കുടുംബങ്ങളിൽ കണ്ടിരുന്ന വീറും വാശിയും ബാക്കിവെച്ച ചിത്രങ്ങളെ ഓർമിപ്പിക്കുന്നതായി.
"ഒന്നരയോ രണ്ടോ വർഷം ഇടവിട്ട് അവൾ ഏഴു പ്രസവിച്ചു. അതിൽ മൂന്നെണ്ണത്തിനും പിറന്നപ്പോൾ ജീവനുണ്ടായിരുന്നില്ല. ബാക്കി നാലിൽ മൂന്നും ആണുങ്ങൾ. പെറ്റും പണിയെടുത്തും വാഗ്പീഡനങ്ങളിൽ പൊള്ളിയും അവൾ ജീവിതം തള്ളിനീക്കി."
നോവലിലെ ഈ വരികൾ സ്ത്രീജീവിതം അനിർവചനീയമായ ഒരു സമസ്യയെന്ന് ഓർമ്മിപ്പിച്ചു.
ഇടക്കിടെ കാലത്തിൻ്റെ ഗതിമാറ്റങ്ങളെ ഒരു മിന്നായം പോലെ മറയുന്ന കാഴ്ചകളാക്കിയത് നോവലിൽ കാണാം.
മാതാ-പിതാ മക്കൾ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മയും,പരസ്പരമുള്ള ഈഗോയും,വീറും,വാശിയും കൊണ്ട് മകനോട് ജീവിതാന്ത്യം വരെ പടപൊരുതിയ പിതാവിൽ അവസാനം ബാക്കി വെക്കുന്ന ഒരു ചിത്രമുണ്ട്. മനോഹരമായി അതിങ്ങനെ വർണ്ണിക്കുന്നു, "ഇനി കൂടുതൽ കാലമില്ല.
മരിക്കുന്നതിന് മുമ്പ് മകനോട് രാജിയാകാം എന്ന് തോന്നിയിരിക്കാം, എന്നാൽ ഒരിക്കൽ പോലും മകൻ സൈനുദ്ദീൻ വിളി കേട്ടില്ല, തിരിഞ്ഞുനോക്കിയില്ല, സുഖാന്വേഷണങ്ങൾ നടത്തിയില്ല. ഞാനെന്ന ഭാവത്തിന് വിരാമം, മരണം. അയാളുടെ വീട്ടിൽ നിന്ന് കല്ലുവെട്ടി പണിത പള്ളിയുടെ കബർസ്ഥാനിൽ അടക്കം.
പിന്നീട് പള്ളിക്കാട്ടിൽ മകൻ എന്നെങ്കിലും എത്തിനോക്കിയോ എന്നറിയില്ല. അനേകം ഖബറുകൾക്കിടയിൽ പിതാവിൻ്റെ ഇടം അറിയുമോ ആവോ".
ഇത്തരം ജീവിത യാഥാർത്ഥ്യങ്ങളുടെ ഉമ്മറത്തിരുന്നാണ് ഇനി വരും കാലത്തിൻ്റെ മടിയിലേക്ക് ഓരോ മാതാ-പിതാ മക്കൾ കേറിയിരിക്കേണ്ടതെന്ന് ഓർമപ്പെടുത്തുന്നു.
പരസ്പരം തിരിച്ചറിയാനോ പരിഗണിക്കാനോ കഴിയാതെ പോയ ബന്ധങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ജീവിത സാഹചര്യങ്ങളെ ചെറുത്തു തോൽപ്പിച്ച് ഗുലാം ഒരു മധുര പ്രതികാരം പോലെ തൻ്റെ ഗവൺമെൻ്റ് ജോലിക്കുള്ള ഉത്തരവ് കിട്ടിയത് റാഫിക്കയോട് വന്ന് പറയുന്ന ഒരു വാക്കുണ്ട് "ചവിട്ടി മറിക്കരുത്, എനിക്ക് ക്ലർക്ക് ജോലി കിട്ടിയിരിക്കുന്നു".
പഴയകാലത്തെ പരുക്കൻ ജീവിത സാഹചര്യങ്ങളുടെ നെഗറ്റീവുകൾക്കപ്പുറം പോസിറ്റീവായ ചില ചിന്തകൾ കൂടി നോവലിൽ എഴുത്തുകാരൻ ചേർത്തിട്ടുണ്ട്. അന്നത്തെ കൂട്ടു ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ് "മറ്റൊരിടത്തുനിന്ന് പഠിക്കാൻ കഴിയാത്ത പലതും പഠിപ്പിക്കും. അതിൽ ക്ഷമ, അഭിനയം, പ്രതിരോധം, മനോധൈര്യം, തുടങ്ങി പലതും പെടും. വരുംകാലത്ത് പയറ്റി തെളിയാൻ പറ്റിയ നിരവധി പ്രായോഗിക ആയുധങ്ങൾ ഇങ്ങനെ കൈവരും.
അവർക്ക് മാത്രമല്ല അക്കൂട്ടത്തിൽ വളർന്നു മുതിർന്ന കുട്ടികൾക്ക് പോലും മാനസികമായ ധൈര്യം തെല്ലൊന്നുമല്ല നൽകുന്നത് "ഒരു നദി പോലെ കടന്നുപോകുന്ന ജീവിതത്തിൻ്റെ വളവ് തിരിവുകൾക്കും ഉയർച്ച താഴ്ചകൾക്കും ഇടയിൽ അവസാനം ചെന്നെത്തുന്ന ഒരു ശൂന്യതയുണ്ട്.
അതാണ് ഗുലാമിൽ കണ്ടത്, എല്ലാ തിരക്കുകളും അവസാനിച്ചിരിക്കുമ്പോൾ തൻ്റെ കുടുംബത്തിൽ പരുവപ്പെടാതെ പോയ മാറ്റം, വിദേശത്ത് പഠനം തുടരുന്ന സ്വന്തം മകളുടെ അഹിതകരമായ മാറ്റത്തിനു മുൻപിൽ നിസ്സഹായനായ ഒരു പിതാവിൻ്റെ വ്യാകുലമായ മുഖം,
ആ ചാരുകസേരയിൽ നെടുവീർപ്പുകളോടെ അയാൾ തൻ്റെ ശൂന്യതയിൽ
ലയിച്ചു ചേരുന്നു. അപ്പോൾ തൊട്ടടുത്ത ചെമ്പരത്തിക്കൊമ്പിൽ രണ്ട് കരിയിലക്കിളികൾ തിരക്കു കൂട്ടുന്നത് ഇബ്നു അലി നമുക്ക് കാട്ടിത്തരുന്നുണ്ട്. ഹരിതം ബുക്സ് ആണ് പ്രസാധകർ. ജീവിത വഴിയിലെ മന്ദമാരുതാനാണ് ഈ നോവൽ എന്ന് എഴുത്തുകാരൻ പ്രതാപൻ തായാട്ട് സാക്ഷ്യം പറയുന്നു. വില:160