'അ', അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്;
അതു ഞങ്ങളുടെ അമ്മയായിരുന്നു;
അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു!
അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്;
അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു;
ആവശ്യങ്ങളുടെ കാവലാളായിരുന്നു!
ആപത് സന്ധികളിൽ,
ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ
ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു;
അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ
ആണത്തമുള്ള കസേരയായിരുന്നു, അമ്മ!
അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ,
അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല;
അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല;
ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ
അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ!
അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ
അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും
ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്,
ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും
അരിനുറുക്കിൻറെ ഉപ്പുമാവുമായിരുന്നു.
ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത്
അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു!
അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി,
അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട
അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ
ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!
അടർന്നകന്ന സ്വപ്നങ്ങളുടെയവശിഷ്ടങ്ങൾപേറി,
അണകനെ തേടി പോയില്ലമ്മ; ഉള്ളിലെയിരുട്ട്
അണയത്തു വന്നുനിന്നാലും ഭയന്നതില്ല; മക്കളുടെ
അത്തൽവദനങ്ങളിലാനന്ദം നിറയുമ്പോൾ
അതിപ്രീതികൊണ്ടമ്മ, അതിഭീയിലാണ്ടു;
അഗ്നിയാലമ്മ ചുട്ടെടുത്ത കളരിക്കളത്തിലെ
അടവിപ്പടർന്നിടനാഴികളതിജീവനംകൊണ്ടു!
അഷ്ടിയ്ക്കു വകയില്ലായീഴവപ്പുരയിലക്കാലത്ത്,
അനാഥനിലവിളികളെ കേൾക്കാനാകാശംമാത്രം!
അയൻപാടികളിൽ തവിടും തട്ടാന്മാർക്കുമിയും വിറ്റു;
ആഴ്ച്ചച്ചന്തകളിൽ കാലികൾടെ പൈദാഹമകറ്റി;
അങ്ങനെയാ കോമളാംഗി, കൊച്ചുമുതലാളിച്ചിയായി!
അമ്മയുടെ വിയർപ്പൊഴുകിപ്പരന്നയിടങ്ങളിൽ;
അമ്മയുടെ നഗ്നപാദമുദ്രകൾ പതിഞ്ഞ പാതകളിൽ
ആടിക്കളിച്ചിരുന്ന ചേലുറ്റ പൂക്കളുകളമ്മയ്ക്ക്
അതിജീവനത്തിൻറെ കോമളഗന്ധം സമ്മാനിച്ചിരുന്നു!
അരുമക്കിടാക്കളിൽ, പെൺമീനിനെയമ്മ
അർഹമായൊരരുവിയിലൊഴുക്കി വിട്ടു.
അരുവിക്കലങ്ങുമ്പോളടിയിലെയൂറൽ കോരികളഞ്ഞും
അതിലാപം കുറയുമ്പോൾ കിണർവെള്ളം കോരിനിറച്ചും
അരുവിയിൽ തന്നുടെ പൊൻമീനിനെ സുഭദ്രമാക്കി!
ആൺമക്കളാകാശം വാങ്ങുവാൻ പോയതിൽപിന്നെ,
അണിയവും അമരവും കൈവിട്ടതിഭരമൊഴിഞ്ഞമ്മ
അണുവീക്ഷണംകൊണ്ടണിമയിലെ വലിമയായി;
അതികൃച്ഛ്രം മാഞ്ഞണിവുകളണിയുവാൻ തുടങ്ങി!
അമ്മയെ കാക്കാനായി നിന്നതില്ല, മക്കൾ ഞങ്ങൾ;
അമ്മയ്ക്കായ് പൊന്നൂഞ്ഞാൽ പണിതതില്ല;
അമ്മയ്ക്കായൊരു മതിൽക്കെട്ടൊട്ടും തീർത്തതില്ല;
അമ്മയായ്തന്നെ വിരാജിച്ചു ഞങ്ങളിൽ സ്വച്ഛന്ദമമ്മ!
അന്ന്, രണ്ടാണ്ടുമുൻപത്തെ ജനുവരിമഞ്ഞിൻറെ
അവസാനപ്പെയ്ത്തിനു തലേനാൾ പകൽക്കാലം,
'അമ്മ യാത്രയാകുന്നു' വെന്നെന്നോടുരചെയ്ത്,
അതസം നിശ്ചലമാക്കി, വപുസ്സിൽനിന്നായീശിത മടങ്ങി!
'അമ്മ', ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല;
ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ്;
അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു
ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിൻറെ സംജ്ഞയാണ്!
* അന്ധതമസം= കൂരിരുട്ട്
* അണകൻ= അധമൻ, ഉപകാരമില്ലാത്തവൻ
* അണയത്ത്= അരികത്ത്
* അത്തൽ= വ്യസനം
* അതിപ്രീതി= അത്യാഹ്ലാദം
* അതിഭീ= മിന്നൽ, വജ്രായുധത്തിൻറെ കാന്തി
* അടവി= കാട്
* അഷ്ടി= ഭക്ഷണം
* അയൻപാടി= തൊഴുത്ത്
* പൈദാഹം= വിശപ്പും ദാഹവും
* ആപം= വെള്ളം
* അണിയം, അമരം= തോണിയുടെ മുൻ- പിൻഭാഗങ്ങൾ
* അതിഭരം= അധികഭാരം
* അണുവീക്ഷണം= ഒറ്റനോട്ടം
* അണിമ= ചെറുതാകാൻ കഴിയുന്ന അവസ്ഥ
* വലിമ= വലിപ്പം, മഹത്ത്വം
* അതികൃച്ഛ്രം= വലിയ കഷ്ടത
* അണിവ്= ആഭരണം, അലങ്കാരം
* അതസം= വായു, ആത്മാവ്
* വപുസ്സ്= ശരീരം
* ഈശിത= ഈശ്വരചൈതന്യം, അധീശത്വം
-സതീഷ് കളത്തിൽ
(സതീഷ് കളത്തില്‍ തന്‍റെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത)