Advertisment

തുടരുമീ യാത്ര : കവിത

New Update
9

ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം

നീളുമീ വഴികളിൽ പച്ചയായ ജീവിത നോവുകൾ

തേടും വെളിച്ചം ഇരുളകന്നീടാൻ 

വിശക്കും വയറുകൾക്കന്നമാവാൻ 

കനലായെരിയും മനസ്സും പേറി 

പാതയോരങ്ങളിൽ പാളങ്ങളിൽ 

ചൂളം വിളിക്കുമീ ചുറ്റുപാടിലലിയും 

പിടയും നെഞ്ചിൻ ചൂടു പരക്കും 

ചായ കോപ്പയിൽ ആ ജീവിത ചക്രവും 

നിറമുള്ള ലോകത്തിൽ മുഷിഞ്ഞ കുപ്പായത്തിനാൽ 

ഓടിക്കിതച്ചൊരു തീവണ്ടി കണക്കെ 

നാണയത്തുട്ടുകൾ കീശയിൽ വീഴവേ 

ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും 

കയ്പുനീർ കലരും കഥകൾ പറയാതെ 

ഒഴുക്കിന്നെതിരെ നീന്താൻ പഠിച്ചും 

തേയ്മാനമെത്തിയ പാദുകങ്ങൾക്ക് 

അറിയാക്കഥകളേതുമില്ല 

ആവശ്യമേറും കാലഘട്ടങ്ങളിൽ 

തിരയും ജീവിത മാർഗ്ഗമിതല്ലോ 

നേരിന്റെ പാതയിൽ വന്നണഞ്ഞീടും 

കണ്ണുനീരുപ്പിൻ ജലകണങ്ങൾ

ചിരിയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട്

ഒരു കുഞ്ഞു പൊതിയും കയ്യിലേന്തി 

കാത്തിരിക്കും കിടാങ്ങൾക്കു മുന്നിൽ 

വിയർപ്പിൻ പങ്കുമായൊരച്ഛൻ 

സ്വർഗ്ഗമായ് തീരും കൂരയിൽ ചിരിച്ചും 

ഉള്ളിലെ തേങ്ങൽ മൗനം വെടിയാതെ 

നാളെയുടെ സ്വപ്നമായ് മക്കൾ വളർന്നിടാൻ 

തുടരുമീ യാത്ര പാതയോരങ്ങളിൽ...

Advertisment