'വിവിധ അസോസിയേഷനുകളും റീജിയനുകളും ഇവരെ മുതലെടുക്കുന്നു'; ഫോമാ ഇലക്ഷനു പെരുമാറ്റച്ചട്ടം ഉണ്ടാവണം

author-image
athira kk
Updated On
New Update

ഒരു ചാരിറ്റി സംഘടനയുടെ ഇലക്ഷന് ഉണ്ടാവേണ്ട സൗഹൃദ  മത്സരമല്ല ഇപ്പോള്‍ ഫോമാ ഇലക്ഷനില്‍ കാണുന്നത്. കടുത്ത വാശിയും വലിയ പ്രചാരണവും. രണ്ടു വിഭാഗവും ഒട്ടേറെ പണം ചെലവിടുന്നു. രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നു വോട്ടു ചോദിക്കുന്നു.

Advertisment

publive-image

വിവിധ അസോസിയേഷനുകളും റീജിയനുകളും ഇവരെ മുതലെടുക്കുന്നു. അസോസിയേഷന്റേയും റീജിയനുകളുടെയുമൊക്കെ സമ്മേളനത്തിന് പാവം സ്ഥാനാര്‍ഥികളാണ് സ്‌പോണ്‍സര്‍മാര്‍. അസോസിയേഷന്‍/ റീജിയന്‍ ഭാരവാഹികള്‍ക്ക് മേലനങ്ങാതെ പരിപാടികള്‍ നടത്താം.

ഇതിലെല്ലാം ചില ധാര്‍മിക പ്രശ്‌നങ്ങളുണ്ട്. പണം കൊടുത്ത് സ്‌പോണ്‍സര്‍ ആകുമ്പോള്‍ അതില്‍ സ്വാധീനിക്കാനുള്ള ഒരു ശ്രമം ഉണ്ട്. സ്ഥാനാര്‍ഥികള്‍ ആരേയും പിണക്കരുതെന്ന് കരുതിയാവും സ്‌പോണ്‍സര്‍മാര്‍ ആകുന്നത്. പക്ഷെ അതിന്റെ ഫലം മേല്‍പ്പറഞ്ഞതുതന്നെ.

സത്യത്തില്‍ സ്ഥാനാര്‍ഥികള്‍ ലോകമെങ്ങും പറന്നുനടന്ന് വോട്ടര്‍മാരെ കാണേണ്ടതുണ്ടോ? ആകെ 600 ഡെലിഗേറ്റുകളാണുള്ളത്. മിക്കവരും പ്രാദേശിക  അസോസിയേഷന്റെ തീരുമാനം അനുസരിച്ചും മറ്റുമായിരിക്കും വോട്ട് ചെയ്യുക. ഇടയ്ക്കിടെ വിളിച്ചുപറഞ്ഞിട്ടോ, നേരിട്ട് പോയി കണ്ടത് കൊണ്ടോ  ഒന്നും മിക്കവരുടേയും നിലപാട് മാറാന്‍ പോകുന്നില്ല.

പ്രശ്നമാകുന്നത് ഒരു വിഭാഗം ഒരു പ്രവര്‍ത്തനരീതി സ്വീകരിക്കുമ്പോള്‍ എതിര്‍ വിഭാഗത്തിനും അതു ചെയ്യേണ്ടിവരുന്നു എന്നതാണ് . ഈ സാഹചര്യത്തിലാണ് ഫോമ ഇലക്ഷന് ഒരു പെരുമാറ്റച്ചട്ടം വേണ്ടത്. അതിനുള്ള ചില നിര്‍ദേശങ്ങളാണിത്.

1) ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ ഡെലിഗേറ്റുകളെ രണ്ടു തവണയില്‍ കൂടുതല്‍ വിളിക്കരുത്. ഡെലിഗേറ്റുകള്‍ക്ക് അത് അലോസരമാണ്. പലരും ജോലിയിലിരിക്കെ നിരന്തരം പല സ്ഥാനാർത്ഥികളുടെ  കോള്‍ വരുന്നത് ഏറെ വിഷമത ഉണ്ടാക്കുന്നു. എന്നു മാത്രമല്ല കൂടുതല്‍ വിളിച്ചതുകൊണ്ട് ആളുകളുടെ മനസ് മാറാന്‍ പോകുന്നുമില്ല.

2) സ്ഥാനാര്‍ഥികള്‍ ഓരോ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ട ഒരാവശ്യവുമില്ല. സ്ഥാനാര്‍ഥികള്‍ക്കും ജോലിയോ ബിസിനസോ ഒക്കെ കാണുമല്ലോ. മാത്രവുമല്ല എല്ലാവരേയും കണ്‍വന്‍ഷന്‍ സമയത്ത് നേരില്‍ കാണാവുന്നതുമാണ്.

3) ഇലക്ഷന്‍ പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പണപരമായ ഒരു കാര്യവും, വാഗ്ദാനവും,  സ്ഥാനാർത്ഥികളുടെ ഭാഗത്തു നിന്ന്  ഉണ്ടാകരുത്. അതുപോലെ തന്നെ അസോസിയേഷനുകളും മറ്റും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതും കൊടുക്കുന്നതും അയോഗ്യതയ്ക്ക് കാരണമാകുമെന്ന് വ്യക്തമാക്കണം. ഒരു ചാരിറ്റി സംഘടനയില്‍ ഭാരവാഹികളുടെ പണത്തിന് പ്രസക്തിയില്ല. പ്രവര്‍ത്തനമാണ് പ്രധാനം. മാത്രമല്ല പണംകൊടുത്ത് വാങ്ങാവന്നതല്ലല്ലോ സംഘടനാ നേതൃത്വമൊക്കെ.

മറ്റൊരു കാര്യം:  ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികളായ  ഓജസ് ജോണും, വിനോദ് കൊണ്ടൂര്‍ ഡേവിഡും രണ്ട് നിര്‍ദേശങ്ങള്‍ വച്ചത് ജനറല്‍ബോഡിയും അടുത്ത ഭാരവാഹികളും പരിഗണിക്കുമെന്നു കരുതുന്നു. വനിതാ പ്രതിനിധികളായി ഇപ്പോള്‍ അഞ്ചുപേര്‍ മത്സരിക്കുന്നു. മൂന്നു പേര്‍ മതി. എന്നാല്‍ ഭരണഘടനാ ഭേദഗതി ഈ
നവംബറിൽ നടപ്പാവുമ്പോൾ അത് ആറ് ആകും.

ഈസാഹചര്യത്തില്‍ ഇപ്പോള്‍ മത്സരിക്കുന്ന അഞ്ചുപേരെയും  വനിതാ പ്രതിനിധികളായി അംഗീകരിക്കണമെന്നതാണ് ഓജസിന്റെ നിര്‍ദേശം. ഇലക്ഷന്‍ നടക്കുമ്പോള്‍  അങ്ങനെ ചെയ്യാനാവില്ലായിരിക്കാം. പക്ഷെ ഇലക്ഷനു ശേഷം ഈ അഞ്ചുപേരേയും വനിതാ പ്രതിനിധികളായി അംഗീകരിക്കുമെന്ന രണ്ടു പാനലുകളും ഇപ്പോഴേ വ്യക്തമാക്കിയാല്‍ തീരാവുന്ന കാര്യമേയുള്ളൂ. മുന്നോട്ടു വരുന്ന വനിതകള്‍ക്ക് ഇത് പ്രോത്സാഹനമാകും. അവരെ തോൽപ്പിച്ച് മാറ്റി നിർത്തുകയല്ല  വേണ്ടത്.  ഭാവിയില്‍ കൂടുതല്‍ വനിതകള്‍ മത്സര രംഗത്ത് വരുമ്പോള്‍ ആറ് സീറ്റ് ഉണ്ടാകും എന്നത് മറക്കണ്ട.

അതുപോലെ കംപ്ലയൻസ് കമ്മിറ്റിയിലെ ആറു സ്ഥാനങ്ങളിലേക്ക്  ഏഴു പേർ ഫ്‌ളോറിഡയിലെ ജനറൽ ബോഡിയിൽ വച്ച് പത്രിക നല്‍കിയതാണ്. അവസാനം ഒരാള്‍ പിന്മാറുകയും ചെയ്തു. പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ആ ഇലക്ഷന്‍ നടന്നില്ല. അക്കാര്യത്തിലും അനുഭാവപൂര്‍വ്വമായ നിലപാട് വേണമെന്ന് വിനോദ് നിര്‍ദേശിച്ചതും  പരിഗണിക്കേണ്ടതുന്നെ.

ഫോമ എന്നത് ഒരു സൗഹൃദസംഘടനയാണല്ലോ. കാര്യങ്ങള്‍ സൗഹൃദപരമായി കാണാന്‍ കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് ചരിത്രം. അതിനാൽ കാൻ കുനിൽ സൗഹൃദം ഇതൾ വിരിയട്ടെ. വാശിയും വീറും അമേരിക്കയിൽ ഉപേക്ഷിച്ചിട്ടാവട്ടെ കാൻകുൻ  യാത്ര.

 

 

 

Advertisment