മലപ്പുറം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കി. കേസില്‍ ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇക്കഴിഞ്ഞ 28 ന് മൊയ്തീന്, ഇഡി സ്പീഡ് പോസ്റ്റായി അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് അസൗകര്യം ഉണ്ടെന്നും, അതിനാല്‍ ഇന്ന് ഹാജരാകാനാവില്ലെന്നും മറുപടി നല്‍കിയതായി എസി മൊയ്തീന്‍ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അറിയിച്ചതായി മൊയ്തീന്‍ പറഞ്ഞു. മൊയ്തീന് ഇഡി പുതിയ നോട്ടീസ് നല്‍കും.
അതേസമയം, കേസിലെ ബിനാമി ഇടപാടുകാരെ ഇന്നും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പിപി കിരണ്‍, അനില്‍ സേട്ട് എന്നിവരാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട പരിശോധനയില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകളടക്കം ഇഡി പരിശോധിച്ചു.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് കൂടുതലായും ലോണ്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവര്‍ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്. എസി മൊയ്തീന്‍ അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഈ സ്വത്തുക്കള്‍ക്ക് 15 കോടി രൂപയുടെ മൂല്യമാണുള്ളതെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കള്‍ പ്രതിസന്ധിയിലായി. പലരുടെയും വീടുകള്‍ ലോണെടുക്കാതെ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്തി നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.