ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷൻ കമ്മീഷണർ അശ്വനി കുമാറിനെയും അതാത് സ്ഥാനങ്ങളിൽ നിന്ന് ഉടൻ മാറ്റണമെന്ന് ഡൽഹി വിജിലൻസ് മന്ത്രി അതിഷി. ചൊവ്വാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇക്കാര്യം അവശ്യപ്പെട്ടുകൊണ്ട് അതിഷി റിപ്പോർട്ട് നൽകി.
മകനായ കരൺ ചൗഹാനുമായി ബന്ധമുള്ള ഒരു കമ്പനിക്ക് അനധികൃത ലാഭം നൽകുന്നതിനായി ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്കായി ഏറ്റെടുത്ത ബാംനോലി ഗ്രാമത്തിലെ ഭൂമിയുടെ നഷ്ടപരിഹാര നഷ്ടപരിഹാര തുക വർധിപ്പിച്ചതിൽ ചീഫ് സെക്രട്ടറിയുടെ ഇടപെടലുണ്ടെന്ന് അതിഷി റിപ്പോർട്ടിൽ ആരോപിച്ചു. 670 പേജുകളുള്ള പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
850 കോടി രൂപയുടെ അഴിമതി നടന്നതായും അതിന്റെ വ്യാപ്തി 312 കോടി രൂപയായി കുറച്ചുകാണിക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ ഉൾപ്പെടെയുള്ള ഡൽഹി വിജിലൻസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. നരേഷ് കുമാറിന്റെ മകന് നേട്ടമുണ്ടാക്കുന്ന ഭൂവുടമകളുമായി ബിസിനസ് ബന്ധമുണ്ടെന്ന് വ്യക്തമായതായി അതിഷി റിപ്പോർട്ടിൽ പറയുന്നുണ്ട്.
നരേഷ് കുമാർ ഡൽഹി ചീഫ് സെക്രട്ടറിയായതിന് ശേഷമുള്ള സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് മകന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ അദ്ദേഹം തന്റെ അധികാരം ഉപയോഗിച്ചിരിക്കാം എന്നാണ്. അശ്വനി കുമാർ ഈ വിഷയത്തെക്കുറിച്ചുള്ള ഫയലുകൾ നൽകാൻ വിസമ്മതിച്ചതോടെയാണ് സംഭവത്തിൽ സംശയങ്ങൾ ഉടലെടുത്തതെന്നും കൂട്ടുകെട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
"തെളിവുകൾ നശിപ്പിക്കുകയോ അനാവശ്യ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണം. ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഡിവിഷണൽ കമ്മീഷണർ അശ്വനി കുമാറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം" ഡൽഹി മന്ത്രി ശുപാർശ ചെയ്തു. നിലവിലെ സിബിഐ അന്വേഷണത്തിന് കൂടുതൽ സഹായകമാകുന്നതിനായി കണ്ടെത്തിയ വസ്തുതകളുടെ പൂർണ്ണമായ അവലോകനം ഏജൻസിക്ക് കൈമാറണമെന്നും അതിഷി ആവശ്യപ്പെട്ടിട്ടുണ്ട്.