തമിഴ്‌നാടിന് കാവേരി നദിയിലെ വെള്ളം വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധം; ഇന്ന് കർണാടക ബന്ദ്; ബംഗളൂരുവിൽ നിരോധനാജ്ഞ

കാവേരിനദീതട പ്രദേശമുൾപ്പെട്ട മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് ശക്തമാകുമെന്നാണ് വിവരം.

New Update
karnataka bandh

ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദിയിലെ വെള്ളം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷകസംഘടനകൾ പ്രഖ്യാപിച്ച് കർണാടക ബന്ദ് ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. 1900ത്തിലധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കന്നഡ സംഘടനാ നേതാവും മുൻ എംഎൽഎയുമായ വാട്ടാൾ നാഗരാജ് പറഞ്ഞു.

Advertisment

അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ബംഗളൂരുവിൽ വ്യാഴാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരിനദീതട പ്രദേശമുൾപ്പെട്ട മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് ശക്തമാകുമെന്നാണ് വിവരം.

സംസ്ഥാനത്തെ ദേശീയ പാതകൾ ഉൾപ്പെടെയുള്ള പ്രധാന പാതകളിലെല്ലാം വാഹനങ്ങൾ തടയുമെന്ന് കർണാടക ജലസംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനും ഒല, ഊബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഹോട്ടലുകൾ തുറക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവർത്തിക്കില്ല. സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

KARNATAKA bangalore news
Advertisment