പരാജയത്തെ ന്യായീകരിക്കുന്നില്ല, മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഐഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും; ബിനോയ് വിശ്വം

ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമര്‍ശനം നടത്തി.

New Update
binoy viswom Untitledoo.jpg

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കുന്നില്ലെന്നും, തിരുത്തല്‍ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല. സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഐഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമര്‍ശനം നടത്തി. മാര്‍ കൂറിലോസ് സിപിഐയെ വിമര്‍ശിച്ചാല്‍ ഇങ്ങനെ പ്രതികരിക്കില്ല. എന്തുവന്നാലും ഈ രീതിയില്‍ പ്രതികരിക്കില്ല. എല്ലാവരും ഒരുപോലെ ആകണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കൂറിലോസ് തിരുമേനിക്ക് വേദനിച്ചിട്ടുണ്ടാകാം, പക്ഷേ ഇടതുപക്ഷ വിരുദ്ധനാകില്ല.

സിപിഐ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമല്ല, ചര്‍ച്ചയാണ് ഉണ്ടായതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് ഒറ്റ പേരിലേക്ക് എത്തിയത്. യോഗത്തില്‍ ഉയര്‍ന്നുവന്ന എല്ലാ പേരിനും യുക്തിയുണ്ട്. സിപിഐയില്‍ പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങളുടേത് പ്രത്യേക മാനസികാവസ്ഥയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

binoy viswam speaks
Advertisment