/sathyam/media/media_files/l50Ys77mZF5UUjetnqVu.jpeg)
ഡല്‍ഹി:കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടിയില്ല. ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ നടപടിയെടുക്കണമെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആവശ്യം തള്ളി. സുരേന്ദ്രന്റെ പദയാത്രയിലെ പാട്ട് 2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ ഉപയോഗിച്ചതാണെന്ന് പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.
‘ബിജെപിയെക്കുറിച്ചോ മറ്റ് ആരെക്കുറിച്ചെങ്കിലും ആവട്ടെ. വാര്‍ത്തകള്‍ അച്ചടിക്കുന്നതിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ അന്വേഷിക്കണം. 2013ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണ് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പ്ലേ ചെയ്തത്. അതൊരു അബദ്ധം സംഭവിച്ചതാണ്. ദിവസവും ഇത്തരം അബദ്ധങ്ങള്‍ പത്രങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഒരു നടപടിയും ആവശ്യമില്ല.’ പ്രകാശ് ജാവ്ദേക്കര്‍ എക്‌സില്‍ കുറിച്ചു.
ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ജയശങ്കര്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ആരോപിച്ചിരുന്നു. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍. സംഭവത്തില്‍ എസ് ജയശങ്കറിനെ വിളിച്ച് കെ സുരേന്ദ്രന്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതിനിടെയായിരുന്നു പ്രചാരണ ഗാനത്തിലും അബദ്ധം പറ്റിയത്. ഇത് ബിജെപിക്ക് വലിയ തലവേദനയായിരുന്നു.