Advertisment

'സാക്ഷി വിരമിച്ചു, ഞാനും വിരമിച്ചു, വിഷയം കഴിഞ്ഞു': കായിക മന്ത്രാലയത്തിന്റെ നടപടിയ്ക്ക് പിന്നാലെ പ്രതികരണവുമായി ബ്രിജ് ഭൂഷൺ സിംഗ്

നന്ദിനിനഗറില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. എല്ലാ ഫെഡറേഷനുകളും ഇതിന് സമ്മതം നല്‍കിയിരുന്നു. ഇനിയെങ്കിലും ഈ ടൂര്‍ണമെന്റ് അതിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

New Update
sakshi malik brij bhushan.jpg



 പുതിയ ഇന്ത്യന്‍ റെസ്ലിംഗ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതികരിച്ച് ബിജെപി എംപിയും മുന്‍ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗോണ്ടയില്‍ നടത്തുന്ന ഗുസ്തി ചാമ്പ്യന്‍ഷിപ്പിക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. '15-20 വയസ്സുള്ള കുട്ടികളുടെ ഭാവി നശിക്കാതിരിക്കാന്‍ ഈ ടൂര്‍ണമെന്റ് നന്ദനി നഗറില്‍ നടത്താന്‍ തീരുമാനിച്ചു. നാല് ദിവസങ്ങളിലായാണ് ടൂര്‍ണമെന്റ് നടത്താനിരുന്നത്. രാജ്യത്തെ 25 ഫെഡറേഷനുകളില്‍ 25 എണ്ണവും കൈ ഉയര്‍ത്തി, ഈ ടൂര്‍ണമെന്റ് ഡിസംബര്‍ 31-നകം നടത്തേണ്ടതായിരുന്നു.'- ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

'നന്ദിനിനഗറില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. എല്ലാ ഫെഡറേഷനുകളും ഇതിന് സമ്മതം നല്‍കിയിരുന്നു. ഇനിയെങ്കിലും ഈ ടൂര്‍ണമെന്റ് അതിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തുക. ഞാന്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു. ഇനി ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ തീരുമാനം എടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് വരുകയാണ്, അതിനായി എനിക്ക് തയ്യാറെടുക്കണം. സസ്‌പെന്‍ഷന്‍ നടപടിയില്‍ കോടതിയില്‍ പോകണോ സര്‍ക്കാരുമായി സംസാരിക്കണോ എന്ന് പുതിയ ഫെഡറേഷന്‍  തീരുമാനിക്കും.' ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

തന്റെ വീടിന് പുറത്ത് പതിച്ച പോസ്റ്ററുകളോടും ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും  ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. 'തിരഞ്ഞെടുപ്പ് വരുന്നു, എനിക്ക് എപ്പോള്‍ വേണമെങ്കിലും ആരെയും കാണാന്‍ കഴിയും. നദ്ദ ജി ഞങ്ങളുടെ നേതാവാണ്, ഞാന്‍ അദ്ദേഹത്തെ കാണും. ഈ കൂടിക്കാഴ്ചയില്‍ ഗുസ്തിക്കാരെ കുറിച്ച് ഒരു സംസാരവും ഉണ്ടായിട്ടില്ല. പിന്നെ ഈ പോസ്റ്റര്‍ അഹങ്കാരമുള്ളതായി എനിക്ക് തോന്നി, അതിനാല്‍ ഞാന്‍ പോസ്റ്റര്‍ നീക്കം ചെയ്തു.

പുതിയ ഫെഡറേഷനെ കുറിച്ചും ബ്രിജ്ഭൂഷണ്‍ സിംഗ് പ്രതികരിച്ചു. 'ഞാന്‍ ഡിസംബര്‍ 21 ന് തന്നെ ഗുസ്തിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ജനാധിപത്യ രീതിയിലാണ് പുതിയ ബോഡിയെ തിരഞ്ഞെടുത്തത്. ഇനി എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കേണ്ടത് പുതിയ ബോഡിയാണ്. പുതിയ ഭാരവാഹികള്‍ അവരുടെ ഓഫീസ് തിരഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... സഞ്ജയ് സിംഗ് ഒരു ബ്രാഹ്‌മണനാണ് ഞാന്‍ ഒരു ക്ഷത്രിയനാണ്, ഇരുവരും തമ്മില്‍ സൗഹൃദം ഉണ്ടാകും.

തന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബ്രിജ്ഭൂഷണ്‍ സിംഗ് പറഞ്ഞു. 'ഞാന്‍ ബല്‍റാംപൂര്‍, ഗോണ്ട, കൈസര്‍ഗഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്റെ വീട് കൈസര്‍ഗഞ്ചിലാണ്. എന്റെ വീട്ടില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം, ബാക്കി പാര്‍ട്ടി തീരുമാനിക്കും. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ബ്രിജ് ഭൂഷണ്‍ പറഞ്ഞു, 'അവര്‍ 11 മാസമായി ഇത് പറയുന്നു, വിഷയം കോടതിയുടെ പരിഗണയിലാണ്. ഇതില്‍ തുടര്‍ച്ചയായ രാഷ്ട്രീയം നടക്കുന്നുണ്ട്, 11 മാസമായി ഞാന്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. സാക്ഷിയും വിരമിച്ചു, ഞാനും വിരമിച്ചു, വിഷയം കഴിഞ്ഞു... എനിക്ക് ഒരുപാട് ജോലിയുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്യും, ഇനി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നോക്കും. 

 

latest news brij bhushan
Advertisment