Advertisment

മഹാരാഷ്ട്രയിൽ 15ഓളം കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ടേക്കും: അടിയന്തിര യോഗം വിളിച്ച് ചെന്നിത്തല

യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

New Update
chenni mahar.jpg

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ പതിനഞ്ചോളം എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Advertisment

പാര്‍ട്ടി വിടുന്നവര്‍ ബിജെപിയില്‍ പ്രവേശനം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അസാധാരണ സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് സൂചിപ്പിച്ചു.

പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയേയും മകളേയും ബിജെപി സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ സ്ഥാനം രാജിവച്ച സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു കഴിഞ്ഞു. ചവാന്‍ ബിജെപിയില്‍ പ്രവേശനം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് അശോക് ചവാന്റെ രാജി.

അശോക് ചവാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടുള്ള അമര്‍ഷത്തിന്റെ പേരിലാണ് ചവാന്റെ രാജിയെന്നാണ് വിവരം. നാനാ പട്ടോളെയെ പുറത്താക്കി തന്നെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് അദ്ദേഹം പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് സ്ഥാനം രാജിവച്ച അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 

 

ramesh chennithala
Advertisment